Uae labour law:യുഎഇയില്‍ വര്‍ക്ക് പെര്‍മിറ്റില്ലാത്ത തൊഴിലാളികളെ ജോലിക്കെടുത്താല്‍ പിന്നെ നിങ്ങള്‍ക്ക് ജോലി ചെയ്യേണ്ടിവരില്ല; അറിയാം അനധികൃത നിയമനത്തിള്ള ശിക്ഷകളെക്കുറിച്ച്

Uae labour law;ദുബൈ: അംഗീകൃത വര്‍ക്ക് പെര്‍മിറ്റില്ലാതെ വ്യക്തികളെ ജോലിക്ക് നിയമിക്കുന്നത് നിരോധിച്ച് മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം. വര്‍ക്ക് പെര്‍മിറ്റില്ലാത്തവരെ നിയമിക്കുന്നതിനെ സംബന്ധിച്ച് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്കും തൊഴിലുടമകള്‍ക്കും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സ്ഥാപനങ്ങളിലായാലും വീട്ടുജോലിക്കായാലും പരീക്ഷണാടിസ്ഥാനത്തില്‍ പോലും വര്‍ക്ക് പെര്‍മിറ്റില്ലാത്തവരെ നിയമിക്കരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയത്തില്‍ നിന്ന് വര്‍ക്ക് പെര്‍മിറ്റ് നേടുന്ന ഏതൊരു വ്യക്തിയും തൊഴില്‍ നിയമങ്ങളുടെ പരിധിയില്‍ വരുമെന്ന് മന്ത്രാലയം ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഹ്യൂമന്‍ റിസോഴ്‌സ് മാഗസിന്റെ ഏറ്റവും പുതിയ പതിപ്പില്‍ വ്യക്തമാക്കുന്നു. അംഗീകൃത വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ തൊഴിലാളികളെ നിയമിക്കുന്നത് യുഎഇ തൊഴില്‍ നിയമത്തിന്റെ ലംഘനമായി കണക്കാക്കും.

രാജ്യത്തുടനീളമുള്ള നിയമവിരുദ്ധമായി തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടെത്തുന്നതിനായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) എന്നിവയുമായി സഹകരിച്ച് മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം പതിവായി സംയുക്ത പരിശോധനകള്‍ നടത്തുന്നുണ്ട്. രേഖകളില്ലാത്ത തൊഴിലാളികളെ നിയമിക്കുന്ന ഏതെങ്കിലും തൊഴിലുടമയെ കണ്ടെത്തിയാല്‍, ഉടനടി പിഴകള്‍ ചുമത്തും. ഇങ്ങനെ പിടിക്കപ്പെട്ടാല്‍ ഉണ്ടായേക്കാവുന്ന നടപടികള്‍:

  • തൊഴിലുടമയുടെ ലേബര്‍ ഫയല്‍ ഉടനടി സസ്‌പെന്‍ഡ് ചെയ്യുക.
  • ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ നിഷേധിക്കും.
  • സാമ്പത്തികവും നിയമപരവുമായ മറ്റുനടപടികള്‍ക്ക് പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യും.

ഗാര്‍ഹിക തൊഴിലാളികളെക്കുറിച്ചുള്ള 2022 ലെ ഫെഡറല്‍ ഡിക്രിനിയമ നമ്പര്‍ 9നും ഈ നിയമത്തിലെ എക്‌സിക്യൂട്ടീവ് ചട്ടങ്ങള്‍ക്കും അനുസൃതമായാണ് ഈ നടപടികള്‍. വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കുന്നതും നിയമപരമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ മറ്റുള്ളവര്‍ക്ക് വേണ്ടി ജോലി ചെയ്യുന്നതും യുഎഇയില്‍ കര്‍ശനമായി വിലക്കിയിരിക്കുന്നു.

ഗാര്‍ഹിക തൊഴിലാളികളെക്കുറിച്ചുള്ള ഫെഡറല്‍ ഡിക്രി നിയമത്തിലെ ആര്‍ട്ടിക്കിള്‍ 27 അനുസരിച്ച്, ലൈസന്‍സില്ലാതെ ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും കുറഞ്ഞത് ഒരു വര്‍ഷം തടവും 200,000 ദിര്‍ഹം മുതല്‍ 1 ദശലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കുമെന്നും മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *