jaywan card;ഇന്ത്യയുടെ RuPay മാതൃകയിൽ Jaywan കാർഡ് തുടങ്ങി യുഎഇ; വരാനിരിക്കുന്നത് വൻ ഓഫറുകളുടെ കാലം; പേയ്മെൻ്റ് ഇനി ഈസി

Jaywan card;അബുദാബി: ബഹുമുഖ പേയ്മെൻ്റ് ലക്ഷ്യങ്ങളോടെ ഇന്ത്യയുടെ RuPay മാതൃകയിൽ Jaywan കാർഡ് അവതരിപ്പിച്ചു യുഎഇ. യുഎഇ സെൻട്രൽ ബാങ്കിൻ്റെ (CBUAE) അനുബന്ധ സ്ഥാപനമായ അൽ ഇത്തിഹാദ് പേയ്‌മെൻ്റ് (AEP) ആണ് രാജ്യത്തെ ആദ്യത്തെ ആഭ്യന്തര കാർഡ് പദ്ധതിയായ ജയ്‌വാൻ പ്രഖ്യാപിച്ചത്. മാസ്റ്റർകാർഡും വിസയും അന്താരാഷ്‌ട്രതലത്തിൽ ഓഫർ ചെയ്യുന്നതു പോലെ ജയ് വാൻ സമാന ഓഫറുകൾ വാഗ്ദാനം ചെയ്യും. ഈ സംവിധാനം പ്രാദേശികമായും അന്തർദ്ദേശീയമായും ഉപയോഗിക്കുന്നതിന് കഴിയും. ഡിജിറ്റൽ പേയ്‌മെൻ്റ് ഓപ്ഷനുകൾ വിപുലീകരിക്കാനുള്ള യുഎഇയുടെ ഭാഗമായാണ് പദ്ധതി.

  ഓസ്‌ട്രേലിയയിലെ Eftpos, ബ്രസീലിൻ്റെ Elo, ഇന്ത്യയുടെ RuPay, സഊദി അറേബ്യയിലെ Mada, ബഹ്റൈൻ്റെ Benefit, കുവൈത്തിൻ്റെ KNET എന്നിവയുടെ മാതൃകയിൽ ആണ് യുഎഇയും പുതിയ കാർഡ് ഇറക്കിയത്.

 ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ സുഗമമാക്കുന്നതിന് വേണ്ടിയാണ് ഈ രാജ്യങ്ങൾ അവരുടേതായ ആഭ്യന്തര സംവിധാനങ്ങൾ സ്ഥാപിച്ചത്. ആഗോളതലത്തിൽ അത്തരം 90 സ്കീമുകൾ ഉണ്ട്. ലോകത്താകെ ഏകദേശം 200 കോടി കാർഡുകൾ പ്രചാരത്തിലുണ്ട്. മൊത്തം പ്രചാരത്തിലുള്ള 2600 കോടി പ്ലാസ്റ്റിക് കാർഡുകളിൽ എട്ട് ശതമാനം മാത്രമാണ് ഇതെങ്കിലും പല രാജ്യങ്ങളും ആഭ്യന്തര പേയ്‌മെൻ്റ് നെറ്റ്‌വർക്കുകൾക്ക് മുൻഗണന നൽകുന്നു. 

ജയ്‌വാൻ നൽകുക വമ്പൻ ഓഫറുകൾ

 വ്യക്തികൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ പേയ്‌മെൻ്റ് ഓപ്ഷൻ നൽകാനാണ് ജയ്‌വാൻ ലക്ഷ്യമിടുന്നത്. ഇടപാട് ചെലവ് കുറയ്ക്കുന്നതിനും യു.എ.ഇ.എസ്.വിച്ച് ഉപയോഗിച്ചുള്ള പ്രാദേശിക പേയ്‌മെൻ്റുകൾ വേഗത്തിലാക്കുന്നതിനും ഇ-കൊമേഴ്‌സിനെ പിന്തുണയ്‌ക്കുന്നതിനും വേണ്ടിയാണ് ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

ഓൺലൈൻ ഇടപാടുകൾക്കും എടിഎം വഴി വിഡ്രോ ചെയ്യാനും പോയിൻ്റ് ഓഫ് സെയിൽ (പിഒഎസ്) വാങ്ങലുകൾക്കും ഉപയോഗിക്കാവുന്ന ഡെബിറ്റ്, പ്രീപെയ്ഡ്, ക്രെഡിറ്റ് കാർഡുകൾ ഉൾപ്പെടെ വിവിധ തരത്തിലുള്ള സംവിധം ഈ സ്കീം വാഗ്ദാനം ചെയ്യുന്നു.

രണ്ട് വിധത്തിലുള്ള കാർഡ്

* UAE, GCC രാജ്യങ്ങളിൽ ഉപയോഗിക്കുന്നതിനും അന്താരാഷ്ട്ര ലൊക്കേഷനുകൾ തിരഞ്ഞെടുക്കുന്നതിനുമുള്ള ഒരു മോണോ-ബാഡ്ജ് കാർഡ് (ജയ്‌വാൻ മാത്രം). 

* വിശാലമായ ആഗോള സ്വീകാര്യതയ്‌ക്കായി ഒരു കോ-ബാഡ്ജ് കാർഡ് (ജയ്‌വാൻ + അന്താരാഷ്ട്ര പേയ്‌മെൻ്റ് നെറ്റ്‌വർക്ക്).

 ഉപയോഗക്ഷമത വിപുലീകരിക്കുന്നതിന് ഡിസ്കവർ, മാസ്റ്റർകാർഡ്, വിസ, യൂണിയൻ പേ തുടങ്ങിയ അന്താരാഷ്ട്ര പേയ്‌മെൻ്റ് നെറ്റ്‌വർക്കുകളുമായി യുഎഇയുടെ എഇപി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. സാംസങ് വാലറ്റിൽ ജയ്‌വൻ കാർഡുകൾ പ്രവർത്തനക്ഷമമാക്കാൻ സാംസങ് ഗൾഫ് ഇലക്‌ട്രോണിക്‌സുമായി കരാർ ഒപ്പിട്ടു. Google Pay, Apple Pay എന്നിവയുമായുള്ള സംയോജനവും 2025 പകുതിയോടെ ഇന്ത്യയുമായും മറ്റ് രാജ്യങ്ങളുമായും ഉള്ള കരാറുകളും ഉൾപ്പെടുന്നു.

 ജയ്‌വാൻ്റെ സവിശേഷതകളെയും നേട്ടങ്ങളെയും കുറിച്ച് വ്യക്തികളെയും ബിസിനസ്സുകളെയും അറിയിക്കുന്നതിനായി വരുന്ന ഏപ്രിലിൽ ഒരു ബോധവൽക്കരണ കാമ്പയിൻ ആരംഭിക്കും. 

UAE launches first domestic card scheme Jaywan

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top