Posted By Nazia Staff Editor Posted On

Uae law:യുഎഇയിൽ ഓഫറിനായി ഓടുന്നവര്‍ക്ക് നിരാശ; വില കുറച്ച് കുത്തകയാകാൻ ശ്രമിക്കുന്ന കമ്പനികൾക്ക് കടിഞ്ഞാണിട്ട് പുതിയ നിയമം

Uae law; യുഎഇയിൽ വില കുറവിൻ്റെ ഓഫറുകൾക്കായി കാത്തിരിക്കുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് അൽപ്പം നിരാശ പകരുന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. മറ്റു കമ്പനികളെ മത്സരത്തിൽ നിന്ന് അകറ്റി നിര്‍ത്തി കുത്തകാ മനോഭാവത്തോടെ വളരെയധികം കുറഞ്ഞ വിലയിൽ വിൽപ്പന നടത്തുന്നതിൽ നിന്ന് കമ്പനികളെ തടയുന്ന നിയമം കൊണ്ടു വന്നിരിക്കുകയാണ് യുഎഇ.മാര്‍ക്കറ്റിലെ വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിലുള്ള ഒരു പ്രവര്‍ത്തനമെന്ന നിലയിലാണ് കമ്പനികൾ തമ്മിലുള്ള മത്സരത്തെ യുഎഇയിലെ പുതിയ നിയമം നിര്‍വചിക്കുന്നത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

എന്നാൽ ഈ ഘടകങ്ങൾ കച്ചവടത്തെയും വികസനത്തെയും ഉപഭോക്താക്കളുടെ താൽപ്പര്യത്തെയും ദോഷകരമായി ബാധിക്കുന്നതായി മാറരുത്. അതു കൊണ്ടു തന്നെ ആരോഗ്യപരമായ മത്സരം ഉറപ്പു വരുത്തുന്നതിനും കമ്പനികളുടെ കുത്തകാ മനോഭാവം ഇല്ലാതാക്കുന്നതിനുമാണ് യുഎഇ ശ്രമം നടത്തുന്നത്. യുഎഇയിലെ മുഴുവൻ ഉപഭോക്താക്കളുടെയും താൽപ്പര്യം സംരക്ഷിക്കപ്പെടണമെന്ന് രാജ്യത്തിന് നിര്‍ബന്ധമുണ്ട്.

പ്രാദേശിക മാര്‍ക്കറ്റിൽ കമ്പനികൾ തമ്മിലുള്ള ലയനം, ഏറ്റെടുക്കൽ തുടങ്ങിയ പ്രക്രിയകളെയും പുതിയ നിയമം നിയന്ത്രിക്കും. രാജ്യത്തെ കമ്പനികൾക്കിടയിൽ ആരോഗ്യപരമായ മത്സരം നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി പരിശോധനകൾ നടത്താൽ പ്രാദേശിക അതോറിറ്റികളോട് സാമ്പത്തിക മന്ത്രാലയം ആവശ്യപ്പെടും. സാമ്പത്തിക രംഗത്തുള്ള മത്സരം മന്ത്രാലയം മൊത്തത്തിൽ നിരീക്ഷിക്കുകയും ചെയ്യും. പരിശോധനകൾ നടത്തുന്നതിന് പുറമേ പരാതി ലഭിക്കുന്ന സാഹചര്യങ്ങളിൽ ഇടപെടാനും പ്രാദേശിക അതോറിറ്റികൾക്ക് സാധിക്കും.

യുഎഇയിലെ സാമ്പത്തിക രംഗത്ത് നടക്കുന്ന മത്സരങ്ങളെ സംരക്ഷിക്കുന്നതിനെ കുറിച്ചും കുത്തകാ മനോഭാവം ഇല്ലാതാക്കുന്നതിനെ കുറിച്ചും വ്യക്തമാക്കുന്ന 2023-ലെ ഫെഡറൽ ഡിക്രീ നിയമം നമ്പര്‍ 36-ലെ വിവരങ്ങൾ വിശദീകരിച്ച് കൊണ്ട് മന്ത്രാലയം വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു. ഉപയോക്താക്കൾക്കെതിരെയുള്ള അനാരോഗ്യപരമായ പ്രവണതകളെ ഇല്ലാതാക്കുന്നതിനെ കുറിച്ചും ഈ നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ നിയമ ലംഘനം നടത്തുന്ന കമ്പനികൾക്കെതിരെ എന്ത് നടപടി എടുക്കുമെന്ന കാര്യത്തിൽ മന്ത്രാലയം അന്തിമ തീരുമാനമെടുത്തിട്ടില്ല. കുറ്റക്കാര്‍ക്ക് ലഭിക്കുന്ന പിഴയെ കുറിച്ചും മറ്റു ശിക്ഷകളെ കുറിച്ചുമുള്ള വിവരങ്ങൾ കാബിനറ്റ് അംഗീകരിച്ചതിന് ശേഷം മന്ത്രാലയം പുറത്തുവിടും.

ഉപഭോക്തൃ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും മത്സരക്ഷമത, കാര്യക്ഷമത തുടങ്ങിയവ വര്‍ധിപ്പിക്കുന്നതിനും സംരംഭങ്ങൾക്ക് കഴിയുന്ന തരത്തിലുള്ള മാര്‍ക്കറ്റ് സാഹചര്യം ഒരുക്കുക എന്നതാണ് പുതിയ നിയമത്തിൻ്റെ ലക്ഷ്യമെന്ന് സാമ്പത്തിക മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്ദുള്ള അഹമ്മദ് അൽ സാലിഹ് വ്യക്തമാക്കി. കമ്പനികളുടെ ലയനം, ഏറ്റെടുക്കൽ വഴി ഉടമസ്ഥാവകാശത്തിലുണ്ടാകുന്ന മാറ്റവും, ഓഹരികൾ, അവകാശങ്ങൾ എന്നിവ കൈമാറുന്നതും പ്രത്യേക വ്യവസായ മേഖലയിൽ കുറച്ച് കമ്പനികളുടെ മാത്രം അപ്രമാദിത്വം ഉണ്ടാകുന്നതിന് കാരണമാകാമെന്ന് നിയമം വിശദീകരിക്കുന്നു.ഇത്തരത്തിൽ കമ്പനികളുടെ കൈമാറ്റം നടക്കുന്നതിന് അവസാന സാമ്പത്തിക വര്‍ഷത്തിലെ വിൽപ്പന, ആകെ മാര്‍ക്കറ്റിൽ നടക്കുന്ന ട്രാൻസാക്ഷേനുകളുടെ നിശ്ചിത ശതമാനം എന്നിവയുമായി ബന്ധപ്പെട്ട് രണ്ട് നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. കാബിനറ്റ് അംഗീകരിച്ചതിന് ശേഷം മാത്രമേ വിൽപ്പനയുടെ കണക്ക് എത്രയാണ്, ട്രാൻസാക്ഷേനുകളുടെ ശതമാനം എത്രയാണ് എന്ന കാര്യങ്ങളിൽ വ്യക്തത വരികയുള്ളൂ.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *