Posted By Ansa Staff Editor Posted On

UAE Law; മലയാളിക്കൊപ്പം താമസിച്ച പ്രവാസി യുവതിയെ ദുബായിൽ വെച്ച് പീഡിപ്പിച്ചു; രണ്ടാം പ്രതിക്ക് ജാമ്യം

മോഡലായ ബ്രസീലിയൻ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ അറസ്റ്റിലായ മഹാരാഷ്ട്ര സ്വദേശിക്ക് ജാമ്യം. കേസിലെ രണ്ടാം പ്രതിയായ മുംബൈ സ്വദേശി സുഹൈൽ‍ ഇഖ്ബാൽ ചൗധരിക്കാണു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിലെ വിശദാംശങ്ങൾ‍ ചൂണ്ടിക്കാട്ടിയും പ്രതി 44 ദിവസമായി ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നതു പരിഗണിച്ചുമാണ് ചൗധരിക്ക് ജാമ്യം നൽകാൻ ജസ്റ്റിസ് സി.എസ്.ഡയസ് ഉത്തരവിട്ടത്. കർശന ഉപാധികളോടെയാണു ജാമ്യം.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

ഷൊർണൂരിൽ മലയാളി യുവാവിനൊപ്പം താമസിക്കുന്ന യുവതിയാണ് പീഡനത്തിന് ഇരയായത്. ദുബായിൽ ഇക്കഴിഞ്ഞ മേയ് 12നാണ് പീഡനം നടന്നത് എന്നാണു പരാതി. കേസിലെ ഒന്നാം പ്രതി യുവതിയെ ദുബായിലെ റസ്റ്ററന്റിലേക്ക് ക്ഷണിക്കുകയും ലഹരി ചേർത്ത പാനീയം കുടിക്കാൻ നൽകുകയും ചെയ്തു. തുടർന്ന് തന്റെ അപ്പാർട്ട്മെന്റിലേക്ക് കൂട്ടക്കൊണ്ടു പോയി.

രാവിലെ ഉണർന്നപ്പോൾ നഗ്നയായി കിടക്കയിൽ കിടക്കുന്നതാണു കണ്ടതെന്നും അടുത്തു തന്നെ അർധ നഗ്നനായി ഒന്നാം പ്രതിയും കിടക്കുന്നുണ്ടായിരുന്നു എന്നും യുവതി പരാതിയിൽ പറയുന്നു. അടുത്ത മുറിയിൽ രണ്ടാം പ്രതിയായ ചൗധരി ഉറങ്ങിക്കിടപ്പുണ്ടായിരുന്നു എന്നും പരാതിയിലുണ്ട്. തുടർന്ന് യുവതി അവിടെനിന്ന് രക്ഷപെട്ട് സ്വന്തം താമസസ്ഥലത്ത് എത്തി. ചികിത്സ തേടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

തുടർന്ന് കേരളത്തിലുള്ള സുഹൃത്തുമായി ബന്ധപ്പെട്ട് കൊച്ചിയിലേക്ക് വരികയും ചേരാനെല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു. ഇതിനു ശേഷമാണു ചേരാനെല്ലൂർ പൊലീസിൽ പരാതി നൽകുന്നത്. തുടക്കത്തിൽ ചേരാനെല്ലൂർ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് യുവതി താമസിക്കുന്ന ഷൊർണൂരിലേക്ക് മാറ്റുകയായിരുന്നു. ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഗോവയിൽ വച്ച് ചൗധരി പിടിയിലായി. എന്നാൽ മുംബൈ സ്വദേശിയായ ഒന്നാം പ്രതിയെ പിടികൂടാൻ സാധിച്ചിരുന്നില്ല. ഗോവയിൽ വച്ചാണ് ഇവർക്ക് യുവതിയുമായി പരിചയം എന്നാണ് റിപ്പോർട്ടുകൾ.

ഒന്നാം പ്രതിയാണ് യുവതിയെ റസ്റ്ററന്റിലേക്ക് ക്ഷണിച്ചതും ലഹരിമരുന്ന് നൽകിയതും അപ്പാർട്ട്മെന്റിലേക്ക് കൊണ്ടുപോയതും എന്നു പ്രതിഭാഗം വാദത്തിനിടെ ചൂണ്ടിക്കാട്ടി. ഹർജിക്കാരൻ അടുത്ത മുറിയിൽ ഉറങ്ങുകയായിരുന്നു എന്നു യുവതി തന്നെ സമ്മതിച്ചിട്ടുണ്ട്. മാത്രമല്ല, കുറ്റകൃത്യം നടന്നത് ദുബായിലും ഹർജിക്കാരൻ മുംബൈ സ്വദേശിയുമാണ്. ഇവിടെ കേസെടുത്ത് അന്വേഷിക്കാൻ ഷൊർണൂർ പൊലീസിന് അധികാരമില്ലെന്നും ഹർജിക്കാരൻ വാദിച്ചു.

തുടർന്നാണ് രണ്ടാം പ്രതി അടുത്ത മുറിയിൽ ഉറങ്ങുകയായിരുന്നു എന്നത് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നു ചൂണ്ടിക്കാട്ടി കോടതി ജാമ്യം അനുവദിക്കാൻ തയാറായത്. ഒന്നാം പ്രതിയാണു കുറ്റകൃത്യം നടത്തിയിട്ടുള്ളത് എന്നതു വ്യാഖ്യാനിക്കാൻ പറ്റും. രണ്ടാം പ്രതി കുറ്റകൃത്യം നടത്തിയിട്ടുണ്ടോ എന്നത് വിചാരണയിൽ തെളിയേണ്ട കാര്യമാണ്. കേസിലെ അന്വേഷണവും പൂർത്തിയായി.

ഈ സാഹചര്യത്തിൽ പ്രതിയെ കസ്റ്റഡിയിൽ സൂക്ഷിക്കേണ്ട കാര്യമില്ല. വിചാരണ അനന്തമായി നീളുന്ന സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യത്തിന് അർഹതയുണ്ടെന്നു ഡൽഹിയിലെ എഎപി നേതാവ് മനീഷ് സിസോദിയയ്ക്ക് ജാമ്യം നൽകിയത് ഉൾപ്പെടെയുള്ള സുപ്രീം കോടതി വിധിന്യായങ്ങൾ ചൂണ്ടിക്കാട്ടി കോടതി വ്യക്തമാക്കി. പ്രതി ഇരയായ പെൺകുട്ടിയോ സാക്ഷികളോ താമസിക്കുന്ന താലൂക്കിൽ പ്രവേശിക്കരുതെന്നും പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഒന്നിടവിട്ട ശനിയാഴ്ചകളിൽ ഹാജരാകണമെന്നതും അടക്കമുള്ള ജാമ്യവ്യവസ്ഥകളും ചുമത്തിയിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *