Uae law;വിവാഹിതരാകണോ? ജനിതക പരിശോധന നിര്‍ബന്ധമാക്കി യു.എ.ഇ; നിയമം ഈ ദിവസം മുതൽ പ്രാബല്യത്തിൽ

Uae law;അബുദാബി: യുഎഇയിലെ എല്ലാ എമിറേറ്റുകളിലും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ പൗരന്മാര്‍ക്കും നിര്‍ബന്ധിത വിവാഹ പൂര്‍വ സ്‌ക്രീനിങ് പ്രോഗ്രാമിന്‍റെ ഭാഗമായി ജനിതക പരിശോധന നിര്‍ബന്ധമാക്കി. 2025 ജനുവരി മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. വിവാഹത്തിന് മുമ്പുള്ള ദമ്പതികള്‍ക്കും പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും വിവാഹത്തിനു മുമ്പുള്ള മെഡിക്കല്‍ പരിശോധന നിര്‍ബന്ധമായിരുന്നെങ്കിലും, ജനിതക പരിശോധന നടത്തണമോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ ദമ്പതികള്‍ക്ക് അവസരം നല്‍കിയിരുന്നു.

എന്നാല്‍ പുതിയ തീരുമാന പ്രകാരം വിവാഹിതരാവാന്‍ പോകുന്ന യുഎഇ പൗരന്‍മാര്‍ വിവാഹ പൂര്‍വ മെഡിക്കല്‍ സ്‌ക്രീനിങ്ങിന്‍റെ ഭാഗമായി ജനിതക പരിശോധന നിര്‍ബന്ധമായും നടത്തണം. യുഎഇ സര്‍ക്കാരിന്‍റെ വാര്‍ഷിക യോഗങ്ങളില്‍ അംഗീകരിച്ച എമിറേറ്റ്സ് ജീനോം കൗണ്‍സിലിന്‍റെ തീരുമാനത്തെ തുടര്‍ന്നാണിത്.
യുഎഇ പൗരന്‍മാര്‍ക്കിടയിലെ ജനിതക രോഗങ്ങളെ മുന്‍കൂട്ടി തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു സംയോജിത ദേശീയ ജനിതക ഡാറ്റാബേസ് സൃഷ്ടിക്കുക എന്നതാണ് ഈ തന്ത്രം ലക്ഷ്യമിടുന്നത്. ഇതിലൂടെ രോഗ സാധ്യതള്‍ കണ്ടെത്തി മുന്‍കൂട്ടി മെഡിക്കല്‍ ഇടപെടലുകള്‍ നടത്താന്‍ വ്യക്തികളെ ഇത് സഹായിക്കും. യുഎഇ ശതാബ്ദി ദര്‍ശനം 2071ന് അനുസൃതമായി, സുസ്ഥിര വികസനവും മെച്ചപ്പെട്ട ജീവിത നിലവാരവും ഉറപ്പാക്കാന്‍ ഭാവി സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും അധികൃതര്‍ അറിയിച്ചു. ഈ തീരുമാനം ആരോഗ്യമേഖലയില്‍ പരിവര്‍ത്തനാത്മകമായ മാറ്റത്തിന് കാരണമാകുമെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അഭിപ്രായപ്പെട്ടു

ജനിതക രോഗങ്ങളുടെ വ്യാപനം കുറയ്ക്കുക, ഭാവി തലമുറകളെ സംരക്ഷിക്കുക, വിവാഹം കഴിക്കാന്‍ പോകുന്നവരെ ആരോഗ്യകരമായ ഭാവിക്കായി കൂടുതല്‍ അറിവുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ പ്രാപ്തരാക്കുക എന്നിവയാണ് ഈ പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്. വിവാഹത്തിനു മുമ്പുള്ള ജനിതക സ്‌ക്രീനിങ്ങിന്‍റെ ഭാഗമായി വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തികള്‍ ജനിതക പരിശോധനയ്ക്ക് വിധേയരാകേണ്ടതുണ്ട്.

ജനിതക പരിശോധനയില്‍ 840ലധികം ജനിതക വൈകല്യങ്ങള്‍ തിരിച്ചറിയുന്നതിനുള്ള 570 ജീനുകള്‍ പരിശോധനയ്ക്ക് വിധേയമാക്കും. ജനിതക അപകടസാധ്യതകള്‍ ഇതുവഴി കണ്ടെത്താനും പാരമ്പര്യം വഴിയുണ്ടാകാവുന്ന പ്രശ്നങ്ങള്‍ നേരത്തേ തിരിച്ചറിയാനുമാവും. ഒരു കുടുംബം ആരംഭിക്കാന്‍ ആസൂത്രണം ചെയ്യുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ ഉപകരണങ്ങളിലൊന്നാണ് ജനിതക പരിശോധനയെന്ന് അധികൃതര്‍ അറിയിച്ചു. ജനിതക പരിശോധനാ ഫലങ്ങള്‍ ലഭിക്കാന്‍ വിവാഹത്തിന് ചുരുങ്ങിയത് 14 ദിവസം മുമ്പ് ടെസ്റ്റിന് വിധേയരാവണമന്നും അധികൃതര്‍ അറിയിച്ചു.

ജനിതക പരിശോധനയില്‍ ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകളുമായും ജനിതക രോഗ കൗണ്‍സിലര്‍മാരുമായും വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിശ്രുത വധൂവരന്‍മാര്‍ക്ക് അവസരം ലഭിക്കും. അപകടസാധ്യതകളെക്കുറിച്ചും ലഭ്യമായ ചികിത്സാ ഓപ്ഷനുകളെക്കുറിച്ചും സമഗ്രമായ ധാരണ നേടുന്നതിനുള്ള ഒരു പ്രധാന നടപടിക്രമമാണിത്. ദമ്പതികള്‍ക്കിടയിലുള്ള സാധാരണ ജനിതകമാറ്റങ്ങള്‍ കുട്ടികള്‍ക്ക് കാഴ്ചക്കുറവും കേള്‍വിക്കുറവും, രക്തം കട്ടപിടിക്കുന്ന പ്രശ്‌നങ്ങള്‍, വളര്‍ച്ചാ കാലതാമസം, അവയവങ്ങളുടെ തകരാര്‍, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, മറ്റ് അവസ്ഥകള്‍ എന്നിവയ്ക്ക് കാരണമാകാം.
യുഎഇയില്‍ വിവാഹത്തിനു മുമ്പ് ജനിതക പരിശോധന നിര്‍ബന്ധം; നിയമം ജനുവരി മുതല്‍ പ്രാബല്യത്തില്‍

2022ല്‍ അബുദാബിയില്‍ പരീക്ഷണാര്‍ഥം ആരംഭിച്ച ജനിതക പരിശോധ വന്‍ വിജയമാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഒക്ടോബര്‍ ഒന്നു മുതല്‍ അത് നിര്‍ബന്ധമാക്കിയിരുന്നു. അബുദാബിയിലെ 800 ലധികം ദമ്പതികള്‍ക്ക് വിവാഹത്തിന് മുമ്പ് അറിവുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ ജനിതക പരിശോധനയിലൂടെ സാധിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.

86 ശതമാനം ദമ്പതികളും ജനിതകപരമായി പൊരുത്തപ്പെടുന്നവരാണെന്നും 14 ശതമാനം പേര്‍ക്ക് അവരുടെ ജനിതക ഫലങ്ങളെ അടിസ്ഥാനമാക്കി കുടുംബം ആരംഭിക്കുന്നതിന് കൂടുതല്‍ ആലോചനകള്‍ നടത്തുകയും ഉചിതമായ പദ്ധതി രൂപീകരിക്കുകയും ചെയ്യേണ്ടത് ആവശ്യമാണെന്ന് പരിശോധനയില്‍ വ്യക്തമാവുകയും ചെയ്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top