UAE Law;നിശ്ചയദാർഢ്യമുള്ള ഉപഭോക്താവിന്റെ വാഹനത്തിന് കേടുപാടുകൾ വരുത്തിയതിന് റസ്റ്ററന്റ് ഉടമയും വാലെ ഡ്രൈവറും ചേർന്ന് 85,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് ദുബായ് സിവിൽ കോടതിയുടെ ഉത്തരവ്. റസ്റ്ററന്റിലെ വാലെ പാർക്കിങ്ങിൽ പാർക്ക് ചെയ്യാൻ ഏല്പിച്ച വാഹനമാണ് ഡ്രൈവറുടെ അശ്രദ്ധ കാരണം നിയന്ത്രണം നഷ്ടപ്പെട്ട് നടപ്പാതയിൽ ഇടിച്ചത്.
നിശ്ചയദാർഢ്യമുള്ള വ്യക്തിയായതിനാൽ തന്റെ ആവശ്യങ്ങൾക്കനുസരിച്ച് വാഹനം പരിഷ്കരിച്ചിട്ടുണ്ടെന്ന് യുവതി ഡ്രൈവറോട് പറഞ്ഞിരുന്നു. തന്റെ വാക്കുകൾ ശ്രദ്ധിക്കാതെയാണ് ഡ്രൈവർ വാഹനമെടുത്തതെന്ന് യുവതി കോടതിയിൽ പറഞ്ഞു. ഏക വരുമാന മാർഗമാണ് ഈ വാഹനമെന്നും തനിക്കുണ്ടായ ധാർമികവും സാമ്പത്തികവുമായ നഷ്ടങ്ങൾ കണക്കിലെടുത്ത് 1,80,000 ദിർഹം നഷ്ടപരിഹാരം ലഭിക്കണമെന്നും യുവതി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
അന്വേഷണത്തിൽ ഡ്രൈവറുടെ അശ്രദ്ധ കാരണമാണ് അപകടമുണ്ടായതെന്ന് കോടതിക്ക് ബോധ്യമായി. യുവതിക്കുണ്ടായ നഷ്ടത്തിൽ റസ്റ്ററന്റും ജീവനക്കാരനും പങ്കുണ്ടെന്നും കോടതി കണ്ടെത്തിയതിനെ തുടർന്നാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.