UAE Law; അടുത്ത വർഷം മുതൽ വിവാഹത്തിനു മുമ്പ് ഈ പരിശോധന യുഎഇയിൽ മുഴുവൻ നിർബന്ധമാക്കും
UAE Law; അടുത്ത വർഷം ജനുവരി മുതല്‍, വിവാഹിതരാവാന്‍ ആഗ്രഹിക്കുന്ന എല്ലാ യുഎഇ പൗരന്മാര്‍ക്കും വിവാഹപൂര്‍വ സ്‌ക്രീനിംഗ് പ്രോഗ്രാമിന്റെ അനിവാര്യമായ ഘടകമാക്കി ജനിതക പരിശോധന മാറ്റുമെന്ന് അധികൃതർ അറിയിച്ചു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
അബുദാബിയിൽ നടന്ന ഒരു പരിപാടിയില്‍ രാജ്യത്തിന്റെ ജീനോം പ്രോഗ്രാമിനെക്കുറിച്ച് വിശദീകരിക്കവെ അബുദാബിയിലെ ആരോഗ്യവകുപ്പ് അണ്ടര്‍സെക്രട്ടറി ഡോ.നൂറ അല്‍ ഗൈതി യാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2019 ലാണ് യുഎഇ അതിൻ്റെ ജീനോം പ്രോഗ്രാം ആരംഭിച്ചത്. 2021 ല്‍, ശെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദിന്റെ നേതൃത്വത്തില്‍ യുഎഇ ജീനോം കൗണ്‍സില്‍ സ്ഥാപിതമായി.
ഇനി മുതൽ എല്ലാ യുഎഇ പൗരൻമാരുടെയും വിവാഹത്തിനു മുമ്പുള്ള പരിശോധനാ പരിപാടിയുടെ ഒരു പ്രധാന ഭാഗമായിരിക്കും ജനിതക പരിശോധനയെന്നും അവർ അറിയിച്ചു. 2025 ജനുവരി മുതല്‍ രാജ്യത്തുടനീളം വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്ന പൗരന്മാര്‍ നിർബന്ധമായും ജനിതക പരിശോധനയ്ക്ക് വിധേയരാവേണ്ടി വരുമെന്നും അവര്‍ പറഞ്ഞു.
യു എ ഇയിലെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും വിവാഹത്തിനു മുമ്പുള്ള മെഡിക്കല്‍ പരിശോധന നിര്‍ബന്ധമായിരുന്നെങ്കിലും, ജനിതക പരിശോധന നടത്തണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ ദമ്പതികൾക്ക് അവസരം നൽകിയിരുന്നു. എന്നാൽ അടുത്ത ജനുവരി മുതൽ പരിശോധന വേണ്ടെന്നു വയ്ക്കാൻ അവർക്ക് അവസരമുണ്ടാവില്ല.
ഒക്ടോബറില്‍ അബുദാബി ദമ്പതികള്‍ക്കുള്ള ജനിതക പരിശോധന വിവാഹത്തിനു മുമ്പുള്ള സ്‌ക്രീനിംഗിന്റെ ഭാഗമാക്കിയിരുന്നു. അബുദാബി, അല്‍ ദഫ്ര, അല്‍ ഐന്‍ എന്നിവിടങ്ങളിലെ 22 പ്രാഥമിക ശുശ്രൂഷാ കേന്ദ്രങ്ങളിലാണ് സേവനം നല്‍കുന്നത്. കാര്‍ഡിയോമയോപ്പതി, ജനിതക അപസ്മാരം, സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി, ശ്രവണ നഷ്ടം, സിസ്റ്റിക് ഫൈബ്രോസിസ് തുടങ്ങിയ പാരമ്പര്യ രോഗങ്ങള്‍ക്ക് കാരണമായേക്കാവുന്ന 570-ലധികം ജനിതകമാറ്റങ്ങള്‍ ജനിതക പരിശോധനയില്‍ കണ്ടെത്താനാകും.
യുഎഇ ഗവണ്‍മെന്റ് വെബ്സൈറ്റ് അനുസരിച്ച്, വിവാഹത്തിനു മുമ്പുള്ള സ്‌ക്രീനിംഗില്‍ എച്ച്‌ഐവി (ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ്), ഹെപ്പറ്റൈറ്റിസ് ബി & സി, സിഫിലിസ്, ബീറ്റാ-തലസീമിയ, സിക്കിള്‍ സെല്‍ അനീമിയ തുടങ്ങിയ ജനിതക രോഗങ്ങള്‍ക്കുള്ള പരിശോധനകള്‍ ഉള്‍പ്പെടുന്നു. ജനിക്കുന്ന കുട്ടികളുടെ ആരോഗ്യ സംരക്ഷണമാണ് ജനിതക പരിശോധന ഉൾപ്പെടെയുള്ള വിവാഹപൂർവ്വ മെഡിക്കൽ ടെസ്റ്റിനു പിന്നിലെ ലക്ഷ്യം. പരിശോധനയിൽ പ്രശ്നങ്ങൾ കണ്ടെത്തുന്നതിലൂടെ ആവശ്യമായ ചികിത്സയും മുൻകരുതൽ നടപടികളും സ്വീകരിക്കാൻ സാധിക്കും.
Comments (0)