Uae lottery;ദുബായ്: യുഎഇയുടെ ആദ്യത്തെ അംഗീകൃത ലോട്ടറിയായ യുഎഇ ലോട്ടറിയുടെ നാലാമത് നറുക്കെടുപ്പിലും 10 കോടി ദിര്‍ഹമിന്റെ ജാക്ക് പോട്ട് ആര്‍ക്കും അടിച്ചില്ല. 10 ലക്ഷം ദിര്‍ഹമിന്റെ രണ്ടാം സമ്മാനത്തിനും ഇത്തവണ അവകാശികളില്ല. കഴിഞ്ഞ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ആര്‍ക്കും ലഭിച്ചില്ലെങ്കിലും രണ്ടാം സമ്മാനത്തിന് അവകാശിയുണ്ടായിരുന്നു
നാലാമത്തെ നറുക്കെടുപ്പില്‍ ഏഴു പേര്‍ ഒരു ലക്ഷം ദിര്‍ഹം വീതമുള്ള സമ്മാനത്തിന് അര്‍ഹരായി. അടിക്കുമെന്ന് ഉറപ്പുള്ള ‘ഗ്യാരണ്ടീഡ് പ്രൈസസ്’ വിഭാഗത്തിലാണ് ഇവര്‍ തിരഞ്ഞെടുക്കപ്പെട്ടത്. പുതിയ നറുക്കെടുപ്പിലെ വിജയ സംഖ്യകള്‍ 20, 11, 26, 29, 24, 30, 12 എന്നിവയായിരുന്നു. ഇതില്‍ ആദ്യത്തെ ആറ് സംഖ്യകള്‍ ഡെയ്‌സ് വിഭാഗത്തിലും അവസാനത്തെ 12 മാസം വിഭാഗത്തിലുമാണ്.
ഇത്തവണയും ജാക്ക് പോട്ടിന് അവകാശികളില്ല; ദുബായ് ലോട്ടറിയുടെ നാലാം നറുക്കെടുപ്പിൽ ഏഴുപേർക്ക് ഒരു ലക്ഷം ദിർഹം വീതം
10 കോടി ദിര്‍ഹമിന്റെ ജാക്ക്‌പോട്ട് അടിക്കാന്‍ ഏഴ് സംഖ്യകളും ഒത്തുവരണം. എന്നാല്‍ ആര്‍ക്കും അവ ഒത്തുവന്നില്ല. എന്നാല്‍ ദിവസം വിഭാഗത്തിലെ ആറ് സംഖ്യകള്‍ ശരിയായവര്‍ ആരുമില്ലാത്തതിനാല്‍ ഇത്തവണ 10 ലക്ഷത്തിന്റെ രണ്ടാം സമ്മാനത്തിനും അര്‍ഹരില്ലാതെ പോയി. കമ്പനിയുടെ വെബ്സൈറ്റ് അനുസരിച്ച് ജാക്ക്പോട്ട് നേടാനുള്ള സാധ്യത 8.8 ദശലക്ഷത്തില്‍ ഒന്നു മാത്രമാണ്.
ലോട്ടറി നറുക്കെടുപ്പുകള്‍ക്കു ശേഷം ഏഴ് ലക്കി ചാന്‍സ് ഐഡികള്‍ തെരഞ്ഞെടുത്തു. ഓരോന്നിനും ഒരു ലക്ഷം ദിര്‍ഹത്തിന്റെ ‘ഗ്യാരണ്ടീഡ്’ സമ്മാനങ്ങളാണ് ഇതു വഴി ലഭിച്ചത്. എഒ 1322002, എഎസ് 1707086, ബിജെ 3466876, സിസി 5331130, ബിജെ 3492788, സിഎഫ് 5629891, ബിഎക്‌സ് 4868337 എന്നിവയാണ് വിജയിച്ച ലക്കി ചാന്‍സ് ഐഡികള്‍.
ഇതിനു പുറമെ ഡെയ്സ് വിഭാഗത്തില്‍ നിന്നുള്ള അഞ്ച് സംഖ്യകളോ ഡെയ്സ് വിഭാഗത്തില്‍ നിന്നുള്ള നാല് സംഖ്യകളും മാസം വിഭാഗത്തില്‍ നിന്നുള്ള ഒരു സംഖ്യയുമോ യോജിച്ച 47 പേര്‍ക്ക് നാലാം സമ്മാനമായ 1,000 ദിര്‍ഹം ലഭിച്ചു. 7,200ലധികം പേര്‍ അഞ്ചാം സമ്മാനമായ 100 ദിര്‍ഹവും നേടി. 2025 ഫെബ്രുവരി എട്ടിനാണ് യുഎഇ ലോട്ടറിയുടെ അഞ്ചാമത്തെ നറുക്കെടുപ്പ്. എത്ര സംഖ്യകള്‍ പൊരുത്തപ്പെടുന്നു എന്നതിനെ ആശ്രയിച്ച്, കളിക്കാര്‍ക്ക് 100 ദിര്‍ഹം മുതല്‍ 100 മില്യണ്‍ ദിര്‍ഹം വരെയുള്ള സമ്മാനങ്ങള്‍ നേടാനാകും.
അതിനിടെ ഈ മാസം ആദ്യം നടന്ന മൂന്നാമത്തെ നറുക്കെടുപ്പില്‍ യുഎഇ ലോട്ടറിയുടെ 10 ലക്ഷം ദിര്‍ഹമിന്റെ രണ്ടാം സമ്മാനം നേടിയ ഇന്ത്യന്‍ പ്രവാസി പീര്‍ മുഹമ്മദ് അസം നറുക്കെടുപ്പ് വേദിയിലെത്തി തന്റെ സന്തോഷം പങ്കുവച്ചു. ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന ഇദ്ദേഹമാണ് യുഎഇ ലോട്ടറിയുടെ ആദ്യത്തെ രണ്ടാം സമ്മാന വിജയി. തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് 20 ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയിരുന്നതായി 41കാരനായ ഇദ്ദേഹം പറഞ്ഞു.