യുഎഇയിലെ ഗതാഗത തിരക്ക് കുറയ്ക്കാൻ പുതുതായി മൂന്ന് പാലങ്ങൾ കൂടി വരുന്നു. അൽ ഷിൻഡഗ ഇടനാഴി മെച്ചപ്പെടുത്തൽ പദ്ധതിയുടെ നാലാംഘട്ടത്തിന്റെ ഭാഗമായാണ് പുതിയ പാലങ്ങൾ വരുന്നത്. ശൈഖ് റാഷിദ് റോഡിനും ഫാൽക്കൺ ഇന്റർസെക്‌ഷനും ഇടയിലുള്ള ഗതാഗതം സുഗമമാക്കാൻ ഓരോ ദിശയിലും മൂന്നു വരികളുള്ള 1335 മീറ്റർ നീളമുള്ള പാലം വരും.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok
ഇരുവശങ്ങളിലുമായി മണിക്കൂറിൽ 10,800 വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കും. ഫാൽക്കൺ ഇന്റർസെക്‌ഷനിൽ നിന്ന് അൽ വാസൽ റോഡിലേക്ക് നീളുന്ന മൂന്നു വരികളുള്ള 780 മീറ്റർ നീളത്തിലുള്ള രണ്ടാമത്തെ പാലത്തിലൂടെ മണിക്കൂറിൽ 5400 വാഹനങ്ങൾക്ക് പോകാം. ജുമൈര സ്ട്രീറ്റിൽനിന്നും അൽ മിന സ്ട്രീറ്റിലേക്കുള്ള ഗതാഗതത്തിന് രണ്ട് വരികളുള്ള 985 മീറ്റർ നീളമുള്ള മൂന്നാമത്തെ പാലത്തിലൂടെ മണിക്കൂറിൽ 3200 വാഹനങ്ങൾക്ക് കടന്നുപോകാം.
2030ഓടെ 104 മിനിറ്റുള്ള യാത്രാ സമയം 16 മിനിറ്റായി കുറയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ശൈഖ് ഖലീഫ ബിൻ സായിദ് റോഡിലെ ഇന്റർസെക്‌ഷൻ മുതൽ അൽമിന സ്ട്രീറ്റിലെ ഫാൽക്കൺ ഇന്റർസെക്‌ഷൻ വരെ 4.8 കിലോമീറ്റർ നീളത്തിലാണ് മൊത്തം പദ്ധതി. നിലവിൽ നാലാംഘട്ടത്തിന്റെ 45 ശതമാനം പൂർത്തിയായെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു.
13 കിലോമീറ്ററിൽ 15 ഇന്റർസെക്‌ഷനുകളുടെ വികസനം ഇതിലുൾപ്പെടും. ദേര, ബർദുബായ്, ദുബായ് ദ്വീപുകൾ, ദുബായ് വാട്ടർഫ്രണ്ട്, ദുബായ് മാരിടൈം സിറ്റി, മിന റാഷിദ് തുടങ്ങിയിടങ്ങളിലെ വികസനങ്ങളും പദ്ധതിയിലൂടെ നടപ്പാക്കുന്നുണ്ട്. റോഡുകളുടെ നിർമാണം, കാൽനടപ്പാലങ്ങൾ, സ്ട്രീറ്റ് ലൈറ്റുകൾ, മഴവെള്ളം ഒഴുക്കിവിടാനുള്ള സംവിധാനങ്ങൾ, ജലസേചനസംവിധാനം, എന്നിവയെല്ലാം പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്.