Uae police: അജ്മാൻ: പാർക്കിൽ സന്ദർശനം നടത്തുന്നതിനിടെ, അപരിചിതയായ സ്ത്രീ കുട്ടിയെ ഉപദ്രവിച്ച സംഭവത്തിൽ അതിവേഗത്തിൽ നടപടി സ്വീകരിച്ച് അജ്മാൻ പൊലീസ്. കുട്ടിയുടെ മാതാവ് അറിയിച്ചതിനെത്തുടർന്നാണ് അജ്മാൻ പൊലീസ് സംഭവസ്ഥലത്ത് കുതിച്ചെത്തുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തത്. പൊലീസിന്റെ ധ്രുതഗതിയിലുള്ള നടപടിയിൽ നന്ദി അറിയിച്ച് മാതാവ് സമൂഹ മാധ്യമത്തിൽ വിഡിയോ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഒന്നര മിനിറ്റിനുള്ളിലാണ് പൊലീസ് സംഭവ സ്ഥലത്ത് എത്തിയതെന്ന് മാതാവ് പറയുന്നു. പാർക്കിൽ സന്ദർശനം നടത്തുന്നതിനിടെ, യുവതിയുമായി വാക്കുതർക്കമുണ്ടാവുകയും ഇവർ കുഞ്ഞിനെ മർദിക്കുകയുമായിരുന്നുവെന്നാണ് ആരോപണം. അറബ് വംശജയായ യുവതിയാണ് ഉപദ്രവിച്ചതെന്ന് മാതാവ് പറഞ്ഞു. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ പൊലീസ് പ്രതിക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള ഉപദേശങ്ങളും നിർദേശങ്ങളും നൽകിയെങ്കിലും കേസ് രജിസ്റ്റർ ചെയ്യാൻ താൽപര്യമില്ലെന്ന് മാതാവ് അറിയിക്കുകയായിരുന്നു.
കുട്ടികളുടെ സംരക്ഷണത്തിന് യു.എ.ഇ വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് അജ്മാൻ പൊലീസ് ജനറൽ കമാൻഡന്റ് പറഞ്ഞു. 2009ൽ യു.എ.ഇ ആഭ്യന്തര മന്ത്രാലയം ഉന്നതതല സമിതി രൂപവത്കരിച്ചിരുന്നു. കൂടാതെ, 2011ൽ കുട്ടികളുടെ സംരക്ഷണ കേന്ദ്രവും നിർമിച്ചിരുന്നു. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ‘വാദിമ നിയമ’ത്തിന് കീഴിലാണ് വരുക. ഈ നിയമ പ്രകാരം കുട്ടികളെ ഉപദ്രവിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്നത് ഒരു വർഷം വരെ തടവും 50,000 ദിർഹം പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ ആഭ്യന്തര മന്ത്രാലയത്തിന്റെ 116111 എന്ന നമ്പറിലോ ചൈൽഡ് പ്രൊട്ടക്ഷൻ സെന്റർ വെബ്സൈറ്റിലോ അറിയിക്കാം.