സഹോദരന്മാര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ 27കാരന്‍ കുത്തേറ്റുമരിച്ചു. ഷാര്‍ജയിലെ അൽ സിയൂഹ് പ്രദേശത്താണ് എമിറാത്തി യുവാവ് കൊല്ലപ്പെട്ടത്. ഇയാളുടെ ശരീരത്തില്‍ ഒന്നിലധികം തവണ കുത്തേറ്റതായി പോലീസ് അറിയിച്ചു. രണ്ട് സഹോദരന്മാരുമായുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്.

വെള്ളിയാഴ്ച പുലർച്ചെ 12.40ഓടെ വിവരം ലഭിച്ചതിനെത്തുടർന്ന് ഷാർജ പോലീസും അവരുടെ എമർജൻസി റെസ്‌പോൺസ് ടീമും സംഭവസ്ഥലത്തെത്തി. കാലിൽ മൂന്ന് കുത്തേറ്റ നിലയിൽ കണ്ടെത്തിയ ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. പോലീസുകാര്‍ എത്തുന്നതിന് മുന്‍പ് തന്നെ അക്രമി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു.
എന്നാല്‍, 12 മണിക്കൂറിനുള്ളിൽ സംഭവവുമായി ബന്ധമുള്ള രണ്ട് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാൻ ഷാർജ പോലീസിന് കഴിഞ്ഞു. തർക്കം രൂക്ഷമായപ്പോൾ രണ്ട് സഹോദരന്മാരിൽ ഒരാൾ മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് കാലിൽ കുത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ അക്രമി കുറ്റം സമ്മതിച്ചു. നിയമനടപടികൾ പുരോഗമിക്കുകയാണ്. കൂടുതൽ അന്വേഷണത്തിനായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കാനും അക്രമം ഒഴിവാക്കാനും ഷാർജ പോലീസ് കമ്മ്യൂണിറ്റി അംഗങ്ങളോട് അഭ്യർഥിച്ചു.