UAE Rain; ഇത്തവണ യു.എ.ഇയിൽ പുതുവത്സരം ആഘോഷിക്കുന്നവർക്ക് മഴയിൽ നനയേണ്ടിവരില്ല. മികച്ച കാലാവസ്ഥയായിരിക്കും പുതുവത്സര രാവിലും പകലിലുമെന്നാണ് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.
ദുബൈയിൽ പകൽ സമയത്ത് 24 ഡിഗ്രിയും രാത്രിയിൽ 20 ഡിഗ്രിയും താപനിലയാണ് പ്രതീക്ഷിക്കുന്നത്. അബൂദബിയിൽ പകൽ 25 ഡിഗ്രി വരെയും രാത്രിയിൽ 19 ഡിഗ്രി വരെയും പ്രതീക്ഷിക്കുന്നു. ചൂടോ കനത്ത തണുപ്പോ ഇല്ലാത്തതിനാൽ വിനോദങ്ങൾക്കായി വിവിധ സ്ഥലങ്ങളിൽ എത്തിച്ചേരുന്നവർക്ക് സുഖകരമായ സാഹചര്യമാണുണ്ടാവുകയെന്നാണ് വിലയിരുത്തപ്പെടുന്നത്.
കരിമരുന്ന് പ്രയോഗം അടക്കമുള്ളവ ആസ്വദിക്കാനും തെളിഞ്ഞ കാലാവസ്ഥ സൗകര്യപ്രദമാകും. പുതുവത്സര ദിനമായ ബുധനാഴ്ച രാവിലെ മൂടൽമഞ്ഞിന് സാധ്യതയുണ്ട്. എന്നാൽ മഴക്കുള്ള സാധ്യത അധികൃതർ പ്രവചിക്കുന്നില്ല. ചൊവ്വാഴ്ച രാത്രിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കരിമരുന്ന് പ്രയോഗങ്ങളും വിവിധ പരിപാടികളും അരങ്ങേറുന്നുണ്ട്. മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ഇവ വീക്ഷിക്കാൻ കൂടുതൽ പേരെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.