
Uae Rental Agreement;ഇനി ദുബായിൽ വാടക ഒറ്റ ചെക്കിൽ നൽകിയാൽ പണി കിട്ടും; അറിയേണ്ട കാര്യങ്ങൾ ഇവയാണ്
Uae Rental Agreement:യുഎഇയിൽ താമസിക്കുന്നവർക്ക് പലപ്പോഴും തലവേദയുണ്ടാക്കുന്ന മറ്റൊരു പ്രശ്നമാണ് വർഷത്തിൽ ഒരുമിച്ച് നൽകുന്ന വാടകകൾ. വലിയ സാമ്പത്തിക ബാധ്യതകൾ ആണ് പലർക്കും നൽകുന്നത്. റൂം ഷെയർ ചെയ്ത് താമസിക്കുന്ന ബാച്ചിലർമാരും, വീട് ഷെയർ ചെയ്യുന്ന ഫാമിലിക്കും എല്ലാം ഒരുപോലെ സാമ്പത്തിക പ്രശ്നം ഇത് സൃഷ്ട്ടിക്കുന്നു.എന്തുകൊണ്ടാണ് വീട്ടുടമസ്ഥർ ഒറ്റ ചെക്ക് പേയ്‌മെന്റുകൾക്ക് മുൻഗണന നൽകുന്നത്. ഒരുമിച്ച് വലിയൊരു തുക ലഭിക്കുന്നത് അവർക്ക് സാമ്പത്തികമായി വലിയ രീതിയിൽ ഗുണം ചെയ്യുന്നു. വാടക നൽകാതെ ഇരിക്കുകയും മറ്റു പ്രശ്നം ഉണ്ടാകുന്നതും ഇതിലൂടെ തടയാൻ സാധിക്കും. ഒറ്റ ചെക്ക് പേയ്‌മെന്റ് ലഭിക്കുന്നതിലൂടെ വാടക കരാറിന്റെ ലംഘനം സംഭവിച്ചാൽ ഒരുപാട് പ്രശ്നങ്ങൾക്ക് പരിഹാരമായി വീട്ടുടമസ്ഥർ കാണുന്നു.

റിയൽ എസ്റ്റേറ്റ് കൺസൾട്ടന്റ് ആൻഡ്രൂ ബെയ്‌ലി ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറയുന്നത് ഇങ്ങനെയാണ്; ഒറ്റ ചെക്ക് പേയ്‌മെന്റുകളാണ് ഭൂവുടമകൾ ഇഷ്ടപ്പെടുന്നത്. കാരണം ഇത് അവരുടെ വാടക വരുമാനം മുൻകൂറായി ഉറപ്പിക്കുന്നു. ചെക്കുകൾ ബൗൺസ് ആകുന്നതിനോ, കുടിശ്ശിക വരുത്തുന്നതിനോ ഉള്ള സാധ്യതയും ഇത് ഇല്ലാതാക്കുന്നു. ഒറ്റത്തവണ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിന് വീട്ടുടമസ്ഥർ പലപ്പോഴും ഒറ്റയടിക്ക് അടയ്ക്കാൻ തയ്യാറുള്ള വാടകക്കാർക്ക് അല്പം കുറഞ്ഞ വാടക നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു.
എന്നാൽ വാടകക്കാർക്ക് ഇത് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ചെറുതല്ല. ഒരു ചെക്കായി പണം അടച്ചുകൊണ്ട് വാടകക്കാർക്ക് ആയിരക്കണക്കിന് ദിർഹം വാടകയിൽ ലാഭിക്കാൻ കഴിയുമെങ്കിലും, അതുവഴി വരുന്ന സാമ്പത്തിക ഭാരം ആനുകൂല്യങ്ങളെക്കാൾ വളരെ കൂടുതലായിരിക്കും. മിക്ക വാടകക്കാർക്കും ഒരു വർഷത്തെ വാടക ഒറ്റയടിക്ക് മാറ്റിവയ്ക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. മുൻകൂർ പണം അടയ്ക്കാൻ സാമ്പത്തിക ശേഷിയുള്ള ബഹുരാഷ്ട്ര കമ്പനികളിൽ നിന്ന് വ്യത്യസ്തമായി ചെറിയ വരുമാനക്കാർ പലപ്പോഴും ഇത്രയും വലിയ തുക സമാഹരിക്കാൻ പാടുപെടുന്നു. പലരും വ്യക്തിഗത വായ്പകൾ എടുക്കാൻ ശ്രമിക്കുന്നു. ഇത് വീണ്ടും വലിയ സാമ്പത്തിക ബുദ്ധിമുട്ട് പ്രവാസികൾക്ക് ഉണ്ടാക്കുന്നു.
മനുഷ്യരുടെ ജീവിതം പലപ്പോഴും പ്രവചനാതീതമാണ്. അതിലും ട്വിസ്റ്റ് നിറഞ്ഞതാണ് പ്രവാസികളുടെ ജീവിതം. ജോലി നഷ്ടം, ശമ്പളം കുറയ്ക്കൽ, അല്ലെങ്കിൽ പെട്ടെന്നുള്ള സ്ഥലംമാറ്റം എന്നിവ എപ്പോൾ വേണമെങ്കിലും സംഭവിക്കാം. ഒരു വാടകക്കാരൻ ഒരു വർഷത്തെ മുഴുവൻ വാടകയും നേരത്തെ നൽകിയാൽ മുകളിൽ പറഞ്ഞ എന്തെങ്കിലും കാര്യം സംഭവിച്ചാൽ അത് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് അയാളെ വീണ്ടും കൊണ്ടു പോകും. ഒരു വർഷത്തിന്റെ നടുവിൽ വെച്ചാണ് വാടക കരാറിൽ നിന്ന് പോകുന്നത് എങ്കിൽ പ്രോ-റേറ്റഡ് തുക തിരികെ നൽകാൻ വീട്ടുടമസ്ഥർക്ക് യുഎഇയിൽ ബാധ്യതയില്ല
സത്യത്തിൽ മുൻകൂർ പണമടയ്ക്കലിന്റെ സുരക്ഷ അനുഭവിക്കുന്നത് വീട്ടുടമസ്ഥർ മാത്രമാണ്. വാടകക്കാർ എല്ലാ സാമ്പത്തിക ബാധ്യതകളും വഹിക്കാൻ തയ്യാറായി നിൽക്കുന്നവരും. അപ്രതീക്ഷിത സാഹചര്യങ്ങൾ ഒരു വാടകക്കാരനെ താമസം മാറ്റാൻ വീട്ടുടമസ്ഥർ നിർബന്ധിതനാക്കിയാൽ അവരുടെ കരാർ വീണ്ടും ചർച്ച ചെയ്യുന്നതിനോ പണം വീണ്ടെടുക്കുന്നതിനോ അവർക്ക് ലിവറേജ് ഉണ്ടായിരിക്കില്ല. ന്നിലധികം ചെക്ക് പേയ്‌മെന്റ് ഓപ്ഷനുകൾ ഉണ്ടെങ്കിലും വർഷം മുഴുവനും സാമ്പത്തിക ഭാരം കൂടുതൽ നിയന്ത്രിക്കാവുന്ന വിധത്തിൽ ആയിരിക്കും ഇത്.
റിയൽ എസ്റ്റേറ്റ് അനലിസ്റ്റ് പങ്കജ് ഭാട്ടിയ ഗൾഫ് ന്യൂസിന് നൽകിയ റിപ്പോർട്ടിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. അത് ഇങ്ങനെയാണ്. “ഡിജിറ്റലൈസേഷനോടെ, വീട്ടുടമസ്ഥർ മാസംതോറും വാടക നൽകുന്ന ഒരു മോഡലിലേക്ക് മാറിയേക്കാം, ഇത് പോസ്റ്റ്-ഡേറ്റഡ് ചെക്കുകളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും വാടകക്കാർക്ക് അവരുടെ സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ നിയന്ത്രണം നൽകുകയും ചെയ്യും.”
ഒറ്റ ചെക്കിൽ വാടക നൽകുന്നത് ആദ്യം പണം ലാഭിക്കുന്നതിനുള്ള ഒരു നീക്കമായി തോന്നിയേക്കാം പക്ഷേ അത് വാടകക്കാരെ വലിയ സാമ്പത്തിക ഞെരുക്കത്തിലേക്ക് നയിച്ചേക്കും. വർഷം മുഴുവൻ ഇനി വാടക കാര്യത്തിൽ ആശങ്ക വേണ്ടല്ലോ എന്ന ചിന്തയിലാണെങ്കിൽ അത് തെറ്റാണ്. ദുബായ് പോലുള്ള നഗരത്തിൽ താമസിക്കുന്നവർ വരവും ചെലവ് കൂട്ടിയും കിഴിച്ചും ജീവിക്കുമ്പോൾ ഹ്രസ്വകാല സമ്പാദ്യത്തേക്കാൾ സാമ്പത്തിക സുരക്ഷയ്ക്ക് മുൻഗണന നൽകുന്നത് തന്നായിരിക്കും എന്നാണ് ഈ രംഗത്തുള്ള സാമ്പത്തിക വിദഗ്ർ നൽകുന്ന നിർദേശം.

Comments (0)