schools; അബുദാബി ∙ യുഎഇയിൽ സ്കൂൾ പ്രവേശന പ്രായ പരിധിയിൽ 3 മാസത്തെ ഇളവ് വേണമെന്ന് ആവശ്യം ശക്തമാകുന്നു. ഫെഡറൽ നാഷനൽ കൗൺസിലിൽ (എഫ്എൻസി) റാസൽഖൈമയിൽ നിന്നുള്ള അംഗം സഈദ് അൽ അബ്ദിയാണ് ഈ ആവശ്യം ഉന്നയിച്ചത്. നിബന്ധന കാരണം വിദ്യാർഥികൾക്ക് ഒരു വർഷം നഷ്ടപ്പെടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രാദേശിക, വിദേശ സിലബസ് അനുസരിച്ച് ഓഗസ്റ്റ് 31നകം 4 വയസ്സ് പൂർത്തിയായ കുട്ടികളെ മാത്രമേ സ്കൂളിൽ ചേർക്കൂ എന്ന നിബന്ധനയിലാണ് ഇളവ് തേടുന്നത്. ഇന്ത്യൻ സ്കൂളുകളിൽ മാർച്ച് 31നകം 4 വയസ് പൂർത്തിയായിരിക്കണം. ഈ തീയതി കഴിഞ്ഞ് 3 മാസത്തിനകം ജനിക്കുന്ന കുട്ടികൾക്കും പ്രവേശനാനുമതി നൽകണമെന്നാണ് വിദ്യാഭ്യാസ മന്ത്രി സാറ അൽ അമീരിയോട് അഭ്യർഥിച്ചത്. സ്റ്റാറ്റിസ്റ്റിക്സ് സെന്ററിന്റെ കണക്കുപ്രകാരം യുഎഇയിലെ ഭൂരിഭാഗം ജനനങ്ങളും ഒക്ടോബർ, നവംബർ മാസങ്ങളിലാണ്.
3 മാസത്തെ ഇളവ് ലഭിച്ചാൽ ഈ കുട്ടികൾക്ക് പ്രവേശനാനുമതി ലഭിക്കുമെന്നും ഒരുവർഷം നഷ്ടമാകില്ലെന്നും സ്കൂൾ പ്രവേശന പ്രായം എല്ലാവരെയും ബാധിക്കുന്ന പ്രധാന പ്രശ്നമാണെന്നും മന്ത്രാലയം അത് മനസ്സിലാക്കി പരിഹാരം നിർദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വിദ്യാർഥികളുടെ പ്രായവും മാനസിക വികാസവും അനുസരിച്ച് അക്കാദമിക് വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് പ്രവേശന പ്രായം നിശ്ചയിച്ചതെന്ന് മന്ത്രി സാറ അൽ അമീരി പറഞ്ഞു.
എന്നാൽ ഓഗസ്റ്റ് 31ന് 11.59ന് ജനിച്ച കുട്ടിക്ക് നിമിഷങ്ങളുടെ വ്യത്യാസത്തിൽ സെപ്റ്റംബർ ഒന്നിന് ജനിച്ച കുട്ടിയേക്കാൾ പക്വതയുണ്ടാകില്ലെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും അംഗം ആവർത്തിച്ചു. പ്രശ്നത്തിൽനിന്ന് രക്ഷനേടാൻ സിസേറിയനിലൂടെ ഓഗസ്റ്റ് 31ന് മുൻപ് ജന്മം നൽകുന്നവരുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രശ്നത്തിന്റെ ഗൗരവം വിശദീകരിച്ചത്.
ഓഗസ്റ്റ് 31നു ശേഷം ജനിച്ച കുഞ്ഞുങ്ങളുടെ അമ്മമാർക്ക് ഒരു വർഷം കൂടി ബേബി സിറ്ററെ നിയമിക്കേണ്ടിവരുന്നത് സാമ്പത്തിക ഭാരം കൂട്ടുന്നു. കൂടാതെ പ്രായക്കൂടുതൽ സഹപാഠികൾക്കിടയിൽ വിവേചനത്തിന് ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടി. മലയാളികളടക്കം വിദേശികളും ഈ പ്രശ്നത്തിന് ഇരകളാണ്. ഇന്ത്യൻ സ്കൂളിലെ പ്രവേശനത്തിനും മാർച്ച് 31നകം കുട്ടിക്ക് 4 വയസ് പൂർത്തിയായിരിക്കണം. ഏപ്രിൽ ഒന്നിന് ജനിച്ച കുട്ടിക്ക് പ്രവേശനത്തിനു ഒരു വർഷം വരെ കാത്തിരിക്കുകയും വേണം. ഇതു മറി കടക്കാൻ ചില രക്ഷിതാക്കൾ കുട്ടികളെ ബ്രിട്ടിഷ് സിലബസ് സ്കൂളിൽ ചേർക്കും.
ഒന്നോ രണ്ടോ വർഷത്തിനുശേഷം ഇന്ത്യൻ സ്കൂളിലേക്കു മാറ്റുമ്പോൾ ഈ പ്രശ്നമുണ്ടാകാറില്ലെന്നും പറഞ്ഞു. എന്നാൽ ഇന്ത്യൻ സ്കൂളുകളെക്കാൾ അഞ്ചും പത്തും ഇരട്ടി ഫീസുള്ള വിദേശ സിലബസ് സ്കൂളിൽ ചേർക്കാൻ സാധിക്കാത്ത സാധാരണക്കാർ ഒരു വർഷം വരെ കാത്തിരുന്ന ശേഷമാണ് ചേർക്കുന്നത്