Family programe in uae;ദുബൈ: ദുബൈയിലെ കുടുംബങ്ങള്‍ക്കും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്ന ഫാമിലി പ്രോഗ്രാമിന് തുടക്കമായി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഭാര്യ ഷെയ്ഖ ഹിന്ദ് ബിന്‍ത് മക്തൂം ബിന്‍ ജുമാ അല്‍ മക്തൂമാണ് ‘ശൈഖ ഹിന്ദ് ബിന്‍ത് മക്തൂം ഫാമിലി പ്രോഗ്രാം’ ഉദ്ഘാടനം ചെയ്തത്.
കുടുംബ മൂല്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും തൊഴില്‍ജീവിത സന്തുലിതാവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്തുണ വാഗ്ദാനം ചെയ്തുകൊണ്ട് ദുബൈയിലെ കുടുംബ വളര്‍ച്ച, സ്ഥിരത, ക്ഷേമം എന്നിവയെ പിന്തുണയ്ക്കുകയാണ് പദ്ധതി കൊണ്ടു ലക്ഷ്യമിടുന്നത്.
കുടുംബ സ്ഥിരത ശക്തിപ്പെടുത്തുന്നതിനും യോജിച്ച സമൂഹത്തിന്റെ അണുകേന്ദ്രമെന്ന നിലയില്‍ കുടുംബത്തിന്റെ പങ്ക് ഏകീകരിക്കുന്നതിനുമുള്ള ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ കാഴ്ചപ്പാടാണ് പരിപാടി പ്രതിഫലിപ്പിക്കുന്നതെന്ന് ഷെയ്ഖ ഹിന്ദ് ബിന്‍ത് മക്തൂം പറഞ്ഞു. എമിറാത്തി കുടുംബങ്ങളെ ശാക്തീകരിക്കുന്നതിനും അവരുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും ഭാവിയിലെ വെല്ലുവിളികള്‍ക്ക് അവരെ സജ്ജരാക്കുന്നതിനുമുള്ള ദേശീയ മുന്‍ഗണനകളുമായി ഇത് യോജിക്കുന്നു എന്നും അവര്‍ പറഞ്ഞു. പദ്ധതിയില്‍ 10 ദിവസത്തെ ശമ്പളത്തോടു കൂടിയ അവധിയും ഫ്‌ളെസിബിള്‍ വര്‍ക്ക് പോളിസികളും ലഭ്യമാകും.