UAE to India Flight Fare; ഉൽസവ കാലത്തെ കുതിച്ചുചാട്ടത്തിനും ശീതകാല യാത്രയിലെ തിരക്കേറിയ യാത്രയ്‌ക്കും ശേഷം യുഎഇ- ഇന്ത്യാ റൂട്ടിൽ വിമാന നിരക്ക് കുത്തനെ ഇടിഞ്ഞു. ഇക്കണോമി ക്ലാസിലേക്കുള്ള ടിക്കറ്റ് നിരക്ക് 1,000 ദിർഹമോ അതിൽ താഴെയോ കുറഞ്ഞതായി ട്രാവൽ വെബ്‌സൈറ്റുകളിലെ കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം ജനുവരി മുതൽ ഏപ്രിൽ പകുതി വരെ നീളുന്ന ഓഫ്-പീക്ക് സീസണിൽ ഇത് സാധാരണമാണെങ്കിലും, ടയർ-2 നഗരങ്ങളിലേക്കുള്ള നിരക്ക് താരതമ്യേന കൂടുതലാണ്. ഉദാഹരണത്തിന്, ജയ്പൂർ (ദിർഹം 1,128), വാരാണസി (ദിർഹം 1,755), ഇൻഡോർ (ദിർഹം 1,235) തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് 1,000 ദിർഹമിന് മുകളിൽ ആണ്. അതേസമയം, മുംബൈ (753 ദിർഹം), ഡൽഹി (ദിർഹം 900) തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള നിരക്ക് ജനുവരി പകുതി മുതൽ ഫെബ്രുവരി ആദ്യ വരെയുള്ള യാത്രകൾക്ക് 1,000 ദിർഹത്തിൽ താഴെയാണ്. ഓഫ് സീസണിൽ ഡിമാൻഡ് കുറവാണെങ്കിലും ചെറിയ നഗരങ്ങളിലേക്കുള്ള യാത്രക്കാർക്ക് അവരുടെ യാത്രകൾക്കായി അധിക തുക നീക്കിവെക്കേണ്ടി വരുമെന്ന് അരൂഹ ട്രാവൽസ് മാനേജിംഗ് ഡയറക്ടർ റാഷിദ് അബ്ബാസ് പറഞ്ഞു. വരാനിരിക്കുന്ന വാരാന്ത്യത്തിൽ (ജനുവരി 24-28) ഇന്ത്യയിലേക്ക് പെട്ടെന്ന് ഒരു യാത്ര നടത്താൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് പോലും അവസാന നിമിഷം 850 ദിർഹത്തിനും (മുംബൈയിലേക്ക്), 1125 ദിർഹത്തിനും (കൊച്ചിയിലേക്ക്) ടിക്കറ്റുകൾ ലഭിക്കുമെന്നും റാഷിദ് അബ്ബാസ് പറഞ്ഞു. ഡിസംബറിൽ ഈ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള യാത്രാനിരക്ക് 2,500 ദിർഹത്തിന് മുകളിലായിരുന്നു.

ഡൽഹി, മുംബൈ, ബംഗളൂരു എന്നിവയുൾപ്പെടെ ഇന്ത്യയിലെ പ്രധാന മെട്രോ നഗരങ്ങളിലേക്കുള്ള ഏറ്റവും താങ്ങാനാവുന്ന ഇക്കണോമി നിരക്കുകൾ 1,000 ദിർഹത്തിന് താഴെയാണ്. കുറഞ്ഞ നിരക്കുകൾ പ്രയോജനപ്പെടുത്തുന്നതിന് ഫെബ്രുവരി-മാർച്ച് യാത്രയ്ക്കുള്ള ടിക്കറ്റുകൾ ഉടനടി ബുക്ക് ചെയ്യുന്നതും നല്ലതാണ് എന്ന് റിച്ച്മണ്ട് ഗൾഫ് ട്രാവൽസിലെ സെയിൽസ് ഡയറക്ടർ മെഹർ സാവ്‌ലാനി പറഞ്ഞു. മുംബൈയിലേക്കുള്ള ടിക്കറ്റ് നിരക്ക് ഫെബ്രുവരി അവസാനത്തിലും മാർച്ച് മാസത്തിലും 813 ദിർഹമായി കുറയും- അവർ പറഞ്ഞു.

എയർ ഇന്ത്യ എക്‌സ്പ്രസ്, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ ബഡ്ജറ്റ് കാരിയറുകൾ മാത്രമാണ് ചെറിയ നഗരങ്ങളിൽ പ്രവർത്തിക്കുന്നത്. കൂടാതെ ഫ്രീക്വൻസികൾ പ്രതിദിനം ഒന്ന് മുതൽ പരമാവധി രണ്ട് വരെ ഫ്ലൈറ്റുകൾ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ, ഇത് ഉയർന്ന നിരക്കിന് കാരണമാകുന്നുവെന്നാണ് ഏജൻസികൾ പറയുന്നത്.
കൊൽക്കത്ത (ദിർഹം 1,480), നാഗ്പൂർ (ദിർഹം 1,385), ജയ്പൂർ (ദിർഹം 1,583), ഗോവ (ദിർഹം 1,286) എന്നിവയാണ് ഈ സമയത്ത് യാത്ര ചെയ്യേണ്ട ചില വിലയേറിയ നഗരങ്ങൾ. തിരക്കേറിയ മിക്ക സൗത്ത് സെക്ടറുകളിലേക്കും നിരക്ക് 1,000 ദിർഹത്തിന് മുകളിലാണ്. എന്നാൽ പെട്ടെന്ന് ടിക്കറ്റ് എടുക്കുമ്പോഴും 1,500 ദിർഹത്തിൽ താഴെയാണ്. കൊച്ചി നിരക്കുകൾ 1,125 ദിർഹം, മംഗലാപുരം വിമാന നിരക്ക് 1,380 ദിർഹം, ചെന്നൈ നിരക്ക് ശരാശരി 1,086 ദിർഹം, ബെംഗളൂരു നിരക്ക് 1,158 ദിർഹം എന്നിങ്ങനെയാണ്.