tourist visa;ജോലി, വിനോദസഞ്ചാരം എന്നീ ആവശ്യാര്‍ത്ഥം ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് യുഎഇയുടെ സ്ഥാനം. യുഎഇയില്‍ ലക്ഷക്കണക്കിന് പ്രവാസികളാണ് ഇന്ത്യക്കാരായുള്ളത്. എന്നാല്‍ അടുത്തിടെ യുഎഇ ടൂറിസ്റ്റ് വിസ അപേക്ഷാ ആവശ്യകതകള്‍ കര്‍ശനമാക്കിയിരുന്നു. ഇത് കാരണം ദുബായിലേക്കുള്ള യാത്രകള്‍ ആസൂത്രണം ചെയ്യുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ കാര്യമായ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്.
യുഎഇയുടെ വിസ പരിഷ്‌കാരം ഏറ്റവും അധികം ബാധിച്ചത് ഇന്ത്യക്കാരെയാണ് എന്ന് പറഞ്ഞാലും തെറ്റില്ല. ദുബായ് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന വിനോദ സഞ്ചാരികള്‍ ഹോട്ടല്‍ ബുക്കിംഗ് വിശദാംശങ്ങളോടൊപ്പം റിട്ടേണ്‍ ടിക്കറ്റ് വിവരങ്ങളും സമര്‍പ്പിക്കണം. ബന്ധുക്കള്‍ക്കൊപ്പം താമസിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് വ്യക്തമാക്കുന്ന തെളിവുകളും ഹാജരാക്കണം.
ഇത് ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ക്ക് വിസ അനുവദിച്ച് കിട്ടുന്നതില്‍ കാര്യമായ പ്രതിസന്ധി നേരിടുന്നുണ്ട്. സമീപകാല റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യക്കാര്‍ക്ക് വിസ അംഗീകരിക്കുന്ന നിരക്കില്‍ കുത്തനെ ഇടിവ് നേരിട്ടുണ്ട് എന്നാണ് വിവരം. ഇക്കഴിഞ്ഞ ആഴ്ചകളില്‍ ഇത് ഏകദേശം 99 ശതമാനത്തില്‍ നിന്ന് 94-95 ശതമാനമായി കുറഞ്ഞു. മുമ്പ് പ്രതിദിന വിസ നിരസിക്കല്‍ നിരക്ക് വെറും 1-2 ശതമാനം ആയിരുന്നു.
എന്നാല്‍ ഇത് ഇപ്പോള്‍ 5-6 ശതമാനമായി ഉയര്‍ന്നതായി ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു. ആവശ്യമായ എല്ലാ ആവശ്യകതകളും നിറവേറ്റുകയും ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്ത അപേക്ഷകള്‍ക്ക് പോലും വിസ നിരസിക്കല്‍ നേരിടേണ്ടി വരുന്നുണ്ട് എന്നാണ് ഏജന്റുമാര്‍ ചൂണ്ടിക്കാട്ടുന്നത്. ചില സന്ദര്‍ഭങ്ങളില്‍, ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടും മുഴുവന്‍ കുടുംബങ്ങള്‍ക്കും അവരുടെ വിസ അപേക്ഷകള്‍ നിരസിക്കപ്പെട്ടു.
ഒരാഴ്ചയ്ക്കുള്ളില്‍ എട്ടോളം വിസ അപേക്ഷകള്‍ നിരസിക്കപ്പെട്ടതായി ഒരു ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇത് യുഎഇ നിയന്ത്രണങ്ങള്‍ ഗണ്യമായി കര്‍ശനമാക്കിയിട്ടുണ്ട് എന്നതിനെയാണ് സൂചിപ്പിക്കുന്നത്. ക്രിസ്മസ് അവധി അടുത്തിരിക്കെ ദുബായില്‍ അവധിക്കാലം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഒരു ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് പുതിയ നിയമങ്ങളെയും നിയന്ത്രണങ്ങളെയും കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
നിരസിക്കപ്പെടുനന്ന അപേക്ഷ, വിസ ഫീസ് മാത്രമല്ല ഫ്‌ളൈറ്റ് ടിക്കറ്റുകളുടെയും ഹോട്ടല്‍ ബുക്കിംഗുകളുടെയും ചിലവുകളും നഷ്ടപ്പെടുത്തുന്നു. അതിനാല്‍ ഇനി പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ മനസില്‍ സൂക്ഷിക്കേണ്ടതും അതിന് അനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതും പ്രധാനമാണ്.
ക്യൂആര്‍ കോഡുകള്‍ ഉപയോഗിച്ച് സ്ഥിരീകരിച്ച ഹോട്ടല്‍ ബുക്കിംഗ് രേഖകള്‍ നല്‍കുക. നിങ്ങളുടെ റിട്ടേണ്‍ ഫ്‌ളൈറ്റ് ടിക്കറ്റിന്റെ ഒരു പകര്‍പ്പ് സമര്‍പ്പിക്കുക. നിങ്ങള്‍ ഒരു ബന്ധുവിന്റെ കൂടെയാണ് താമസിക്കുന്നതെങ്കില്‍ അവരുടെ റസിഡന്‍സ് പെര്‍മിറ്റും മറ്റ് പ്രസക്തമായ രേഖകളും അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തുക. രണ്ട് മാസത്തെ വിസയ്ക്ക് നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ കുറഞ്ഞത് 5,000 ദിര്‍ഹം (ഏകദേശം 1.14 ലക്ഷം രൂപ) ഉണ്ടെന്ന് തെളിയിക്കുക.
മൈഗ്രേഷന്‍ വകുപ്പിന്റെ വെബ്സൈറ്റില്‍ എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക. നിങ്ങള്‍ക്ക് യുഎസ്, യുകെ, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സാധുവായ വിസിറ്റ് വിസയോ താമസാനുമതിയോ യുഎസ് നല്‍കിയ ഗ്രീന്‍ കാര്‍ഡോ ഉണ്ടെങ്കില്‍ 14 ദിവസത്തെ വിസ ഓണ്‍ അറൈവല്‍ ലഭിക്കും. അത് 14 ദിവസത്തേക്ക് കൂടി നീട്ടാവുന്നതുമാണ്. ചില യാത്രാ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ ഇപ്പോള്‍ വിസ നിരസിക്കല്‍ കവറേജ് വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇത് പ്രകാരം ഹോട്ടല്‍ ബുക്കിംഗുകളും ഫ്‌ളൈറ്റ് ടിക്കറ്റുകളും പോലുള്ള ചില റീഫണ്ട് ചെയ്യപ്പെടാത്ത ചിലവുകള്‍ തിരികെ നല്‍കുന്നു. ഏതെങ്കിലും വ്യാജരേഖകള്‍ സമര്‍പ്പിക്കുന്നത് ഭാവിയില്‍ യുഎഇയിലേക്കുള്ള യാത്രയ്ക്ക് ദീര്‍ഘകാല സങ്കീര്‍ണതകള്‍ക്ക് കാരണമാകും എന്ന് കൂടി ഓര്‍ക്കണം.