Uae traffic law: യുഎഇയിലെ ഈ പ്രധാന ട്രാക്കിൽ ഹൈഹീൽ ചെരിപ്പുകൾക്ക് നിരോധനം;പാലിച്ചില്ലേൽ പിഴ

Uae traffic law;ദുബായ്: ആളുകള്‍ക്ക് വ്യായാമത്തിന്റെ ഭാഗമായി നടക്കാനും ഓടാനുമായി സജ്ജീകരിച്ചിരിക്കുന്ന ജുമൈറ ജോഗിങ് ട്രാക്കില്‍ ഹൈഹീല്‍ ചെരിപ്പുകള്‍ ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി അധികൃതര്‍. ട്രാക്ക് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ട്രാക്ക് കേടുവരാതെ നിലനിര്‍ത്തുന്നതിനുമായാണ് നിരോധനമെന്ന് ദുബായിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ( ആര്‍ടിഎ ) വ്യക്തമാക്കി.

ജുമൈറയിലെ ഏഴ് കിലോമീറ്റര്‍ നീളത്തിലുള്ള ജോഗിങ് ട്രാക്ക് കാല്‍നടയാത്രക്കാര്‍ക്കും ജോഗര്‍മാര്‍ക്കും ഏറെ പ്രിയപ്പെട്ട ഇടമാണ്. ഇതിന്റെ പരിപാലനത്തിന് വലിയ പ്രാധാന്യമാണ് ആര്‍ടിഎ നല്‍കുന്നതെന്നും അധികൃതര്‍ അറിയിച്ചു. അനുചിതമായ പാദരക്ഷകളുടെ ചെറിയ ഉപയോഗം പോലും ട്രാക്കില്‍ കേടുപാടുകള്‍ വരുത്താനും ആളുകള്‍ തെന്നി വീഴാനുമുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ദുബായ് ആര്‍ടിഎ വിശദീകരിച്ചു.

ജുമൈറ ജോഗിങ് ട്രാക്കിൽ ഹൈഹീൽ ചെരിപ്പുകൾക്ക് നിരോധനം; സൈക്കിളോ ഇ സ്കൂട്ടറോ ഓടിച്ചാൽ വൻ പിഴ
ട്രാക്ക് സംരക്ഷിക്കാന്‍ സഹായിക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ ആര്‍ടിഎ ഉപയോക്താക്കളോട് അഭ്യര്‍ഥിച്ചു. നിബന്ധനകള്‍ പാലിക്കാത്തവര്‍ക്കെതിരേ ശക്തമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇതിന്റെ ഭാഗമായി 7 കിലോമീറ്റര്‍ ജുമൈറ ബീച്ച് ജോഗിങ് ട്രാക്കില്‍ ആര്‍ടിഎ 67 മുന്നറിയിപ്പ് അടയാളങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. നിയമനടപടികള്‍ ഒഴിവാക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതിന് നിരോധിത പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങളും ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.

ട്രാക്കിന്റെയും ട്രാക്ക് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ട്രാക്കില്‍ വളര്‍ത്തുമൃഗങ്ങളെ കൊണ്ടുവരുന്നതിനും വിലക്കുണ്ട്. ഉയര്‍ന്ന ഹീലുള്ള ചെരിപ്പുകള്‍ ധരിക്കുന്നത് ഒഴിവാക്കുക, തെന്നി വീഴാതിരിക്കാന്‍ അനുയോജ്യമായ പാദരക്ഷകള്‍ തിരഞ്ഞെടുക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ആര്‍ടിഎ മുന്നോട്ടുവച്ചു. ട്രാക്കില്‍ സ്‌കേറ്റ്‌ ബോര്‍ഡുകള്‍, സൈക്കിളുകള്‍, ഇ – സ്‌കൂട്ടറുകള്‍ എന്നിവയ്ക്കും കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ട്രാക്കില്‍ പുകവലിയും മാലിന്യം വലിച്ചെറിയലും നിരോധിച്ചിരിക്കുന്നു. ട്രാക്കില്‍ ഇരിക്കുകയോ ഏതെങ്കിലും രീതിയില്‍ ട്രാക്ക് തടസ്സപ്പെടുത്തുകയോ ചെയ്യരുതെന്നും ആര്‍ടിഎ നിര്‍ദേശിച്ചു

നിയമം ലംഘിക്കുന്നവര്‍ക്കെതിരേ പിഴ ചുമത്തുന്നത് അടക്കമുള്ള ശിക്ഷകളും അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നിയുക്ത മേഖലകള്‍ക്ക് പുറത്ത് സൈക്കിള്‍ ചവിട്ടുന്നതിനും ഇ – സ്‌കൂട്ടര്‍ ഉപയോഗിക്കുന്നതിനും 200 ദിര്‍ഹമാണ് പിഴ. ഇവിടെ അനുവദിക്കപ്പെട്ടതല്ലാത്ത ഇടങ്ങളില്‍ പുകവലിക്കുന്നതിന് 500 ദിര്‍ഹം പിഴ ഈടാക്കും. കുട്ടികളുടെ സമീപം വച്ചാണ് പുക വലിക്കുന്നതെങ്കില്‍ പിഴ കൂടുമെന്ന് ദുബായിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top