Uae travel; ദുബായ്: ഇന്ത്യൻ എയർലൈനുകൾ ഉടൻ തന്നെ ക്യാബിൻ ബാഗേജ് നിയമങ്ങൾ കർശനമായി നടപ്പിലാക്കാൻ തുടങ്ങിയേക്കും. ഈ സാഹചര്യത്തിൽ യുഎഇയിലെ ട്രാവൽ ഏജന്റുമാർ അവ പാലിക്കാൻ ഉപഭോക്താക്കളെ ഉപദേശിക്കണം. കഴിഞ്ഞ ബുധനാഴ്ചയാണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി പുതിയ നിയമങ്ങൾ അവതരിപ്പിച്ചത്. ക്യാബിൻ ബാഗേജ് ഒന്ന് മാത്രമായി പരിമിതപ്പെടുത്തുകയും അവയുടെ ഭാരം ഏഴ് കിലോയിൽ കൂടുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. എല്ലാ അന്താരാഷ്ട്ര ആഭ്യന്തര വിമാന സർവീസുകൾക്കും ഇത് ബാധകമാണ്.
പുതിയ ബാഗേജ് നിയമവുമായി ബന്ധപ്പെട്ട് ഒരു സർക്കുലർ ലഭിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ ഇന്ത്യൻ എയർലൈനുകൾ ഇത് നടപ്പിലാക്കുമെന്നാണ് കരുതുന്നതെന്നും സ്മാർട്ട് ട്രാവൽസ് ജനറൽ മാനേജർ സഫീർ മുഹമ്മദ് ഖലീജ് ടൈംസിനോട് പറഞ്ഞു. ഇന്ത്യൻ വിമാനക്കമ്പനികളുടെ എല്ലാ അന്താരാഷ്ട്ര, ആഭ്യന്തര വിമാനങ്ങൾക്കും ഇത് ബാധകമാകും, അതിനാൽ യുഎഇയിൽ നിന്ന് യാത്ര ചെയ്യുന്ന യാത്രക്കാർ മനസിൽ സൂക്ഷിക്കേണ്ട കാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നിരുന്നാലും, ഇക്കാര്യത്തിൽ ഔദ്യോഗിക ആശയവിനിമയങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും നിയമങ്ങൾ ഉടൻ തന്നെ കർശനമായി നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മറ്റൊരു ട്രാവൽ ഏജൻസിയിലെ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. വിമാനക്കമ്പനികളുടെ ഭാഗത്ത് നിന്ന് ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് സാഫ്രോൺ ട്രാവൽസ് ഉടമ പ്രവീൺ ചൗധരി പറഞ്ഞു. എന്നിരുന്നാലും ഇതേക്കുറിച്ചുള്ള വിശദാംശങ്ങൾ ഞങ്ങൾ യാത്രക്കാർക്ക് നൽകുന്നുണ്ട്. ഓരോ വിമാനങ്ങളും അനുവദിക്കുന്ന ബാഗേജ് തൂക്കം എത്രയാണെന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് ഞങ്ങൾ ബോധവാന്മാരാക്കുന്നുണ്ട്. എല്ലാ നിയമങ്ങളും കർശനമായി പാലിക്കാൻ ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.