Uae amnesty help desk; ദുബായ്: ഇന്ന് സെപ്റ്റംബര്‍ ഒന്ന് ഞായറാഴ്ച മുതല്‍ യുഎഇ ഗവണ്‍മെന്റ് ആരംഭിക്കുന്ന രണ്ട് മാസത്തെ പൊതുമാപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കാന്‍ പ്രത്യേക ഹെല്‍പ്പ് ലൈനുകള്‍ ആരംഭിച്ചതായി ദുബായ് കോണ്‍സുലേറ്റ് അറിയിച്ചു. രാജ്യത്തെ വിസ നിയമങ്ങള്‍ ലംഘിച്ച് കഴിയുന്നവരില്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കോണ്‍സുലേറ്റ് സൗജന്യമായി എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ (ഇസി) നല്‍കുമെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.ഇതിനു പുറമെ, അപേക്ഷകര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയിലും അവീര്‍ ഇമിഗ്രേഷന്‍ സെന്ററിലും ഫെസിലിറ്റേഷന്‍ കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഈ കൗണ്ടറുകള്‍ നാളെ അഥവാ സെപ്റ്റംബര്‍ 2 മുതലാണ് പ്രവര്‍ത്തിക്കുക. രാവിലെ 8 മുതല്‍ വൈകുന്നേരം 6 വരെയായിരിക്കും പ്രവര്‍ത്തന സമയം. എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന് അപേക്ഷകള്‍ സമര്‍പ്പിച്ചതിന്റെ പിറ്റേദിവസം ഉച്ചയ്ക്ക് 2 മണിക്കും 4 മണിക്കും ഇടയില്‍ കോണ്‍സുലേറ്റില്‍ നിന്ന് ഇസികള്‍ ശേഖരിക്കാമെന്നും അധികൃതര്‍ അറിയിച്ചു.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
അതേസമയം തങ്ങളുടെ റസിഡന്‍സി സ്റ്റാറ്റസ് ക്രമപ്പെടുത്തി രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ഹ്രസ്വ സാധുതയുള്ള പാസ്പോര്‍ട്ടുകള്‍ ദുബായിലെയും നോര്‍ത്തേണ്‍ എമിറേറ്റിലെയും ബിഎല്‍എസ് സെന്ററുകള്‍ വഴി ലഭ്യമാണെന്നും പ്രസ്താവനയില്‍ പറയുന്നു. മുന്‍കൂര്‍ അപ്പോയിന്റ്മെന്റുകള്‍ ആവശ്യമില്ലാതെ തന്നെ ഈ കേന്ദ്രങ്ങലില്‍ നേരിട്ടെത്തി അപേക്ഷ നല്‍കാം. പരമാവധി അപേക്ഷകര്‍ക്ക് സേവനം ലഭ്യമാക്കുന്നതിനായി പൊതുമാപ്പ് കാലയളവിലുടനീളം എല്ലാ ഞായറാഴ്ചകളിലും രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ ബിഎല്‍എസ് സെന്ററുകള്‍ പ്രവര്‍ത്തിക്കും.
ഇന്ത്യന്‍ പൗരന്മാര്‍ക്ക് ആവശ്യമായ വിവരങ്ങളും സഹായവും ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കോണ്‍സുലേറ്റ് 050-9433111 എന്ന നമ്പറിലാണ് ഒരു പ്രത്യേക ഹെല്‍പ്പ് ലൈന്‍ സ്ഥാപിച്ചത്. രാവിലെ 8 മുതല്‍ വൈകുന്നേരം 6 വരെ ഈ നമ്പറില്‍ വളിക്കാം. കൂടാതെ 800-46342 എന്ന ഹെല്‍പ്പ് ലൈന്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി 24 മണിക്കൂറും ലഭ്യമാണ്. അബുദാബിയിലെ ഇന്ത്യന്‍ എംബസിയും പൊതുമാപ്പുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ പ്രവാസികള്‍ക്കായി നിരവധി സൗകര്യങ്ങളും സംവിധാനങ്ങളും ഏര്‍പ്പെടുത്തിയതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതിനിടെ യുഎഇ പൊതുമാപ്പ് പദ്ധതി കാലയളവിൽ മലയാളി പ്രവാസികൾക്കു വേണ്ടി ഹെൽപ്പ് ഡെസ്ക് രൂപീകരിക്കാൻ നോർക്ക റൂട്സ് ഒരുങ്ങുന്നു. നോർക്ക് റൂട്ട്സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.