പുതിയ വിസയുമായി യുഎഇ. രാജ്യത്ത് പരമാവധി 180 ദിവസം വരെ താമസിക്കാന്‍ അനുവദിക്കുന്ന വിസിറ്റ് വിസയാണ് യുഎഇ പുതുതായി അവതരിപ്പിക്കുന്നത്. ഈ വിസയിലൂടെ ബിസിനസ് അവസരങ്ങള്‍ പര്യവേഷണം ചെയ്യാമെന്നതിനാല്‍ ബിസിനസ് ഓപ്പര്‍ച്യുനിറ്റീസ് വിസ എന്നാണ് പേര്.

വിസയില്‍ ഒറ്റ സന്ദര്‍ശനത്തിനോ ഒന്നിലധികം സന്ദര്‍ശനങ്ങള്‍ക്കോ വേണ്ടി രാജ്യത്തേക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കുന്നു. ആകെ താമസം 180 ദിവസത്തില്‍ കൂടരുതെന്ന നിബന്ധന മാത്രമാണ് ഉള്ളത്. അതോടൊപ്പം അംഗീകൃത ആവശ്യകതകളെയും യോഗ്യതയുള്ള തൊഴിലുകളെയും അടിസ്ഥാനമാക്കിയാണ് ഈ വിസ അനുവദിക്കുക. അപേക്ഷിക്കുന്നവര്‍ നാല് നിബന്ധനകള്‍ പാലിക്കണമെന്ന് അതോറിറ്റി വ്യക്തമാക്കി.
- അപേക്ഷകന്‍ യുഎഇയില്‍ അവര്‍ പര്യവേക്ഷണം ചെയ്യാന്‍ ആഗ്രഹിക്കുന്ന മേഖലയില്‍ യോഗ്യതയുള്ള ഒരു പ്രൊഫഷണലായിരിക്കണം,
- അവര്‍ക്ക് ആറ് മാസത്തില്‍ കൂടുതല്‍ സാധുതയുള്ള പാസ്പോര്‍ട്ട് ഉണ്ടായിരിക്കണം,
- യുഎഇയിലെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരിക്കണം,
- തുടര്‍ന്നുള്ള യാത്രയ്ക്കോ രാജ്യത്ത് നിന്ന് മടങ്ങുന്നതിനോ ഉള്ള സ്ഥിരീകരിച്ച ടിക്കറ്റ് ഉണ്ടായിരിക്കണം എന്നതാണ് നാല് നിബന്ധനകള്‍.