Uae Warns Of Scammers; ദുബായ്: യുഎഇ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി 53 ജിബി സൗജന്യ ഡാറ്റ ഓഫറുമായി വരുന്ന സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍ തട്ടിപ്പാണെന്നും അതില്‍ വീണുപോകരുതെന്നും വ്യാജ ഓഫറുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും യുഎഇ ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളായ ഇ& അറിയിച്ചു. നിലവില്‍ ഈദ് അല്‍ ഇത്തിഹാദ് എന്ന് വിളിക്കുന്ന യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോട് അനുബന്ധിച്ച് 53 ജിബി സൗജന്യ ഡാറ്റ പാക്കേജ് സ്വന്തമാക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതാണ് കഴിഞ്ഞ ഏതാനും ദിവസമായി രാജ്യത്ത് വ്യാപകമായി പ്രചരിക്കുന്ന വാട്ട്സ്ആപ്പ് സന്ദേശം.വ്യാജ വാട്ട്സ്ആപ്പ് സന്ദേശത്തിൽ പറയുന്നത് ഇങ്ങനെ: ‘യുഎഇ 53-ാം ദേശീയ ദിന പ്രത്യേക ഓഫര്‍; എല്ലാ നെറ്റ്വര്‍ക്കുകളിലും 53 ജിബി ലഭ്യമാണ്. എനിക്ക് എന്‍റേത് ലഭിച്ചു! ഇത് മൂന്ന് മാസത്തേക്ക് സാധുതയുള്ളതാണ്.’ ടെലികോം മേജര്‍ ഇ & കമ്പനി ഇത്തവണ ഇത്തരമൊരു ഓഫര്‍ മുന്നോട്ടുവച്ചിട്ടില്ല. സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്. ക്ലിക്കുചെയ്യുന്നതിന് മുമ്പ് ഓഫറുകള്‍ പരിശോധിക്കണമെന്നും അധികൃതര്‍ അറിയിച്ചു. മറ്റ് മൊബൈല്‍ സേവന ദാതാക്കളുടെ പേരിലും ഇത്തരം തട്ടിപ്പുകള്‍ നടക്കാനുള്ള സാധ്യതയുണ്ടെന്നും ഉപഭോക്താക്കള്‍ ഇത്തരം ഓഫറുകളുടെ ഉറവിടം യഥാര്‍ഥമാണെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.