കമ്പിളി പുതപ്പ് കരുതിക്കോ, യുഎഇയില്‍ വരാന്‍ പോകുന്നത് കഴിഞ്ഞ 30 വര്‍ഷത്തിനിടയിലെ രാജ്യത്തെ ഏറ്റവും തണുപ്പുള്ള കാലയളവ്. വരും ആഴ്ചകളില്‍ രാജ്യത്ത് താപനില 12 ഡിഗ്രി സെല്‍ഷ്യസായി കുറയുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം (എന്‍സിഎം) അറിയിച്ചു. ഔദ്യോഗികമായി ഡിസംബര്‍ 22 നാണ് യുഎഇയില്‍ ശൈത്യകാലം ആരംഭിക്കുന്നത്.
ജനുവരി 16 മുതല്‍ 18 വരെയുള്ള മൂന്ന് ദിവസങ്ങളിലാകും രാജ്യം ഏറ്റവും കൂടുതല്‍ തണുപ്പ് അനുഭവിക്കാന്‍ പോകുന്നത്. തണുപ്പിനോടൊപ്പം വാരാന്ത്യത്തില്‍ മഴ പെയ്യാനും അന്തരീക്ഷം ഭാഗികമായി മേഘാവൃതമോ ഇടവിട്ട് മേഘാവൃതമോ ആയിരിക്കും. താപനില 24 നും 25 നും ഇടയിലായിരിക്കും. രാത്രി സമയങ്ങളില്‍ 12 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വിദഗ്ധന്‍ ഡോ. അഹ്മദ് ഹബീബ് പറഞ്ഞു.
അൽ ഐയ്ന്‍ പോലുള്ള കിഴക്കൻ പ്രദേശങ്ങളിലും റാസ് അൽ ഖൈമ പോലുള്ള വടക്കൻ പ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. നേരിയതോ മിതമായതോ ആയ കാറ്റ് വീശാനും പകൽ സമയത്ത് പൊടിക്കാറ്റിനും സാധ്യതയുണ്ട്. പരമ്പരാഗത അറേബ്യൻ ഗൾഫ് കലണ്ടർ അനുസരിച്ച്, 40 ദിവസം നീണ്ടുനില്‍ക്കുന്ന ശൈത്യകാലത്തെ രണ്ട് പ്രധാന കാലഘട്ടങ്ങളായി തരം തിരിച്ചിരിച്ചിട്ടുണ്ട്. ‘അൽ മേരി അർബ’, ‘അൽ അഖ്‌റാബി അർബ’ എന്നിവയാണിത്.