uae weather update;അബുദാബി: റമദാൻ മാസത്തിലെ ആദ്യ ദിവസങ്ങളിൽ തന്നെ യുഎഇയിൽ തണുപ്പ് കൂടുമെന്ന് കാലാവസ്ഥാ വകുപ്പ്. ഈ മാസം 25ന് ശീതക്കാറ്റ് ആഞ്ഞടിച്ചതോടെ രാജ്യത്ത് പലയിടത്തും അഞ്ച് ഡിഗ്രിയിലേറെ താപനില കുറഞ്ഞു. ഇന്നലെ പത്ത് ഡിഗ്രി സെൽഷ്യസിൽ താഴെയായിരുന്നു യുഎഇയിലെ ഏറ്റവും കുറഞ്ഞ താപനില. വരുന്ന കുറച്ച് ദിവസങ്ങൾ കൂടി താപനില കുറയാൻ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിലെ വിദഗ്ദ്ധർ അറിയിച്ചു.

അറേബ്യൻ ഗൾഫിന്റെ വടക്ക് നിന്ന്, പ്രത്യേകിച്ച് സൗദി അറേബ്യയിൽ നിന്നും ഇറാഖിൽ നിന്നും നീങ്ങുന്ന ഒരു വായുപ്രവാഹം യുഎഇയിലെ കാലാവസ്ഥയെ സ്വാധീനിച്ചുവെന്നാണ് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയിലെ നിരീക്ഷകനായ ഡോ. അഹമ്മദ് ഹബീബ് വിശദീകരിച്ചത്. ഇറാഖ്, വടക്കൻ സൗദി അറേബ്യ, ജോർദാൻ എന്നിവിടങ്ങളിലെ തണുത്ത പ്രദേശത്ത് നിന്നെത്തിയ കാറ്റായതിനാലാണ് ഇത് യുഎഇയിലെ താപനില കുറച്ചത്.
വരും ദിവസങ്ങളിൽ താപനിലയിൽ ചെറിയൊരു മാറ്റം മാത്രമാകും ഉണ്ടാകുന്നതെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. റമദാൻ മാസത്തിന്റെ തുടക്കത്തിൽ സുഖകരമായ കാലാവസ്ഥയാകും അനുഭവപ്പെടുക. രാവിലെയും രാത്രിയും തണുത്ത കാലാവസ്ഥയായിരിക്കും. ഉൾപ്രദേശങ്ങളിലും പർവത പ്രദേശങ്ങളിലും താപനില വലിയ രീതിയിൽ കുറയും.