Uae law:വിവാഹ നിയമത്തില്‍ മാറ്റങ്ങളുമായി യുഎഇ; ഇനി പെണ്‍കുട്ടികള്‍ക്ക് രക്ഷിതാവിൻ്റെ സമ്മതമില്ലെങ്കിലും ഇഷ്ടമുള്ളയാളെ വിവാഹം ചെയ്യാം;അറിയാം പുതിയ മാറ്റങ്ങൾ

Uae law;അബുദാബി: വിവാഹ നിയമത്തില്‍ കാതലായ പരിഷ്‌ക്കാരങ്ങളുമായി യുഎഇ. ഈ വര്‍ഷം ഏപ്രില്‍ 15 മുതല്‍ യുഎഇ ഫെഡറല്‍ പേഴ്സണല്‍ സ്റ്റാറ്റസ് നിയമത്തില്‍ മാറ്റങ്ങള്‍ നിലവില്‍ വരും. വിവാഹ സമ്മതം, കസ്റ്റഡി പ്രായപരിധി, വിവാഹമോചന നടപടിക്രമങ്ങള്‍ എന്നിവയെക്കുറിച്ചുള്ള നിയമങ്ങളിലാണ് മാറ്റങ്ങള്‍ വരുന്നത്. സ്ത്രീകള്‍ക്ക് അവരുടെ രക്ഷിതാവ് വിസമ്മതിച്ചാലും ഇഷ്ടമുള്ള പങ്കാളികളെ വിവാഹം കഴിക്കാം എന്നതാണ് പുതുതായി വരുന്ന ഒരു പ്രധാനമാറ്റം. വിദേശികളായ മുസ്ലീം സ്ത്രീകള്‍ക്ക്, അവരുടെ രാജ്യത്തെ നിയമം വിവാഹത്തിന് ഒരു രക്ഷിതാവ് വേണമെന്ന് നിഷ്‌ക്കര്‍ഷിക്കുന്നില്ലെങ്കില്‍ അവരുടെ വിവാഹത്തിന് രക്ഷിതാവിന്റെ സമ്മതം ആവശ്യമില്ലെന്നും നിയമം വ്യക്തമാക്കുന്നു.

നിയമപരമായ വിവാഹ പ്രായം 18 വയസ്സാണെന്ന് പുതിയ ഡിക്രി നിയമം വ്യവസ്ഥ ചെയ്യുന്നു. 18 വയസ്സിനു മുകളിലുള്ള ഒരാള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നിരിക്കെ, രക്ഷിതാവില്‍ നിന്ന് എതിര്‍പ്പ് നേരിടുന്ന സാഹചര്യത്തില്‍, അവര്‍ക്ക് ഒരു ജഡ്ജിയെ സമീപിക്കാന്‍ അവകാശമുണ്ട്. പ്രായപൂര്‍ത്തിയാകാത്ത ദമ്പതികള്‍ക്ക് നിയമപരമായ രക്ഷിതാവോ കസ്റ്റോഡിയനോ ഇല്ലാതെ തന്നെ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സ്വതന്ത്രമായി കൈകാര്യം ചെയ്യാന്‍ നിയമം അധികാരം നല്‍കുന്നു.

വിവാഹം കഴിക്കാന്‍ പോകുന്ന ആണും പെണ്ണും തമ്മിലുള്ള പ്രായ വ്യത്യാസം മുപ്പത് വയസ്സ് കവിയുന്നുവെങ്കില്‍, കോടതിയുടെ അനുമതിയോടെ മാത്രമേ വിവാഹം നടത്താന്‍ കഴിയൂ എന്നും നിയമം അനുശാസിക്കുന്നു. വിവാഹ നിശ്ചയം അഥവാ എന്‍ഗേജ്‌മെന്റിന്റെ നിയമപരമായ നിര്‍വചനവും പുതിയ നിയമം നല്‍കുന്നുണ്ട്. വിവാഹ വാഗ്ദാനത്തോടൊപ്പം, സമ്മതത്തോടെ ഒരു സ്ത്രീയെ വിവാഹം കഴിക്കാന്‍ ഒരു പുരുഷന്‍ അഭ്യര്‍ത്ഥിക്കുന്നതാണ് വിവാഹനിശ്ചയം. വിവാഹനിശ്ചയം വിവാഹമായി കണക്കാക്കില്ല. വിവാഹാഭ്യര്‍ത്ഥന വിവാഹത്തിനുള്ള അഭ്യര്‍ത്ഥനയും അതിനുള്ള വാഗ്ദാനവും മാത്രമാണെന്നും അത് വിവാഹമായി കണക്കാക്കില്ലെന്നും നിയമം വ്യക്തമാക്കുന്നു.

വിവാഹം അന്തിമമാക്കണമെന്ന വ്യവസ്ഥയിലാണ് സമ്മാനങ്ങള്‍ നല്‍കിയതെങ്കില്‍ അവ തിരികെ നല്‍കണം. 25,000 ദിര്‍ഹത്തില്‍ കൂടുതലുള്ള വിലയേറിയ സമ്മാനങ്ങളാണ് ഇങ്ങനെ തിരികെ നല്‍കേണ്ടത്. എന്നാല്‍ സാധാരണഗതിയില്‍ അപ്പോള്‍ തന്നെ ഉപയോഗിച്ചു തീരുന്ന രീതിയിലുള്ള സമ്മാനമാണെങ്കില്‍ തിരികെ നല്‍കേണ്ടതില്ല.

വിവാഹ കരാറില്‍ മറ്റുവിധത്തില്‍ വ്യവസ്ഥ ചെയ്തിട്ടില്ലെങ്കില്‍, ഭാര്യ ഭര്‍ത്താവിനൊപ്പം അനുയോജ്യമായ ഒരു വിവാഹ വീട്ടില്‍ താമസിക്കണം. പരസ്പരം സമ്മതമാണെങ്കില്‍ മുന്‍ ഭാര്യാഭര്‍ത്താക്കന്‍മാരിലുള്ള മക്കളെയും കൂടെ താമസിപ്പിക്കാന്‍ വധൂവരന്‍മാര്‍ക്ക് അവകാശമുണ്ടായിരിക്കുമെന്നും നിയമം വ്യക്തമാക്കി. ഭാര്യക്ക് ദോഷം വരുത്തുന്നില്ലെങ്കില്‍, ഭര്‍ത്താവിന് ഭാര്യയുടെ മാതാപിതാക്കളുടെയും മറ്റ് വിവാഹങ്ങളില്‍ നിന്നുള്ള കുട്ടികളുടെയും സാമ്പത്തിക പിന്തുണയുടെ ഉത്തരവാദിത്തമുണ്ടെങ്കില്‍, ഭാര്യയോടൊപ്പം വൈവാഹിക വീട്ടില്‍ താമസിക്കാം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top