Uae work permit;അബുദാബി: മലയാളികളടക്കം അനേകായിരങ്ങളാണ് തൊഴിൽ തേടി ദിവസേന യുഎഇയിലെത്തുന്നത്. വിസിറ്റ് വിസയിലെത്തി ചെറുകിട ജോലികളിൽ പ്രവേശിച്ച് വിസ കാലാവധി നീട്ടുന്നവരും പരീക്ഷയും മറ്റുമെഴുതി സ്ഥിര ജോലിയിൽ പ്രവേശിക്കുന്നവരുമുണ്ട്. വിദേശത്ത് ജോലി ചെയ്യുന്നവരിൽ ചിലർക്കെങ്കിലും സംഭവിക്കുന്ന ഒന്നാണ് വിസയിലെ തെറ്റുകൾ. ഡെസിഗ്‌നേഷനിൽ തെറ്റ് സംഭവിച്ചാൽ എന്താണ് ചെയ്യേണ്ടതെന്ന് പ്രവാസജീവിതം ആരംഭിക്കാനിരിക്കുന്നവർ അറിഞ്ഞിരിക്കേണ്ടതുണ്ട്.
യുഎഇ വിസ നൽകുന്ന സമയത്ത് തൊഴിൽ കരാറിൽ പരാമർശിച്ചിരിക്കുന്ന അതേ ജോലിയായിരിക്കും വിസയിലും വ്യക്തമാക്കുന്നത്. ഹ്യൂമൻ റിസോഴ്‌സ് ആന്റ് എമിറാറ്റിസേഷൻ മന്ത്രാലയത്തിൽ തൊഴിൽ കരാർ രജിസ്റ്റർ ചെയ്യേണ്ടതായുമുണ്ട്. തൊഴിൽ കരാർ തയ്യാറാക്കുമ്പോൾ മന്ത്രാലയം നിർദേശിക്കുന്ന മാനദണ്ഡങ്ങളും പാലിക്കണം. വർക്ക് പെർമിറ്റിനായി അപേക്ഷിക്കുമ്പോൾ ലഭിക്കുന്ന ഓഫർ ലെറ്ററിൽ പരാമർശിക്കുന്ന അതേ തൊഴിൽ തന്നെയായിരിക്കണം വിസയിലും നൽകേണ്ടത്.
വർക്ക് പെർമിറ്റ് നൽകുന്നതിന് മുൻപ് ജോബ് ഓഫറുമായി പൊരുത്തപ്പെടുന്ന അംഗീകൃത സ്റ്റാൻഡേർഡ് തൊഴിൽ കരാർ തന്നെ ഉപയോഗിക്കാൻ തൊഴിൽ ദാതാവ് ശ്രദ്ധിക്കണം. ജോബ് ഓഫറിൽ പരാമർശിച്ചിരിക്കുന്നതിനേക്കാൾ കൂടുതൽ ആനുകൂല്യങ്ങൾ കരാറിൽ ചേർക്കുന്നത് അനുവദനീയമാണ്. നിയമ വ്യവസ്ഥകൾക്ക് വിരുദ്ധമല്ലാത്ത തരത്തിൽ, കരാറിലേക്ക് അനുബന്ധങ്ങൾ ചേർക്കുന്നതും അനുവദനീയമാണ്.
നിങ്ങൾ ചെയ്യുന്ന തൊഴിലും വിസയിൽ പരാമർശിച്ചിരിക്കുന്ന തൊഴിലും വ്യത്യസ്തമാണെങ്കിൽ ഇക്കാര്യം തൊഴിൽ ദാതാവിന്റെ ശ്രദ്ധയിൽപ്പെടുത്തണം. റെസിഡൻസി വിസയിലും റെസിഡന്റ് ഐഡിയിലും മാറ്റങ്ങൾ വരുത്തുന്നതിന് നടപടിക്രമങ്ങൾ ആരംഭിക്കാൻ തൊഴിലുടമയ്ക്ക് മാത്രമാണ് സാധിക്കുക.