uae artificial satellite;ദുബൈ: യു.എ.ഇയുടെ പുതിയ കൃത്രിമ ഉപഗ്രഹം ഇത്തിഹാദ് സാറ്റ് ഇന്ന് വിക്ഷേപിക്കും. ശനിയാഴ്ച യു.എ.ഇ സമയം രാവിലെ 10:39 ന് കാലിഫോർണിയയിൽ നിന്നാണ് ഉപഗ്രഹം വിക്ഷേപിക്കുക. സിന്തറ്റിക് അപേർച്ചർ റഡാർ അഥവാ SAR വിഭാഗത്തിൽ ഉൾപ്പെടുന്ന സാറ്റലൈറ്റാണ് ഇത്തിഹാദ് സാറ്റ്. എല്ലാ കാലാവസ്ഥയിലും ഉയർന്ന കൃത്യതയോടെ ഭൂമിയുടെ ചിത്രങ്ങൾ പകർത്താൻ ശേഷിയുള്ളതാണ് പുതിയ ഉപഗ്രഹം.
മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്റ്ററും ദക്ഷിണകൊറിയയുടെ സാറ്റ്റെകും സംയുക്തമായാണ് ഈ ഉപഗ്രഹം വികസിപ്പിച്ചത്. കാലിഫോർണിയയിലെ വാർഡൻബർഗ് സ്പേസ് സ്റ്റേഷനിൽ നിന്ന് ഫാൽക്കൺ 9 റോക്കറ്റിലാണ് ഇത്തിഹാദ് സാറ്റിനെ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിക്കുക. പിന്നീട് ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സ്റ്റേഷനിൽ നിന്ന് ഉപഗ്രഹത്തെ നിയന്ത്രിക്കാനാകും. നാളെ രാവിലെ യു.എ.ഇ സമയം 10.15 മുതൽ https://live.mbrsc.ae/ എന്ന വെബ്സൈറ്റിൽ ഉപഗ്രഹ വിക്ഷേപണത്തിന്റെ തൽസമയ സംപ്രേഷണം കാണാനാകും.

