UAE Banking Services;ദുബൈ: ഇടപാടുകാരുടെ വ്യക്‌തിവിവരങ്ങൾ പുതുക്കിയില്ലെങ്കിൽ ബാങ്കുകൾ നൽകിയ വിവിധ കാർഡുകൾ റദ്ദാകാൻ സാധ്യത. ഇടപാടുകാരുടെ പൂർണമായ വിവരങ്ങൾ (കെവൈസി) വേണമെന്നതിൽ ബാങ്കുകൾ നിലപാടു കടുപ്പിച്ചിരിക്കുകയാണ്. ഇടപാടുകാരുടെ വ്യക്‌തി വിവരങ്ങൾ പുതുക്കുക എന്നത് ബാങ്ക് ഇടപാടിനുള്ള അടിസ്‌ഥാന നിബന്ധനയാണ്. ബാങ്കിൽ സമർപ്പിച്ച രേഖകളുടെ കാലാവധി തീർന്നാൽ പുതുക്കണം, എന്നാൽ ഒരു മാസം കഴിഞ്ഞും വിവരങ്ങൾ പുതുക്കിയില്ലെങ്കിൽ ബാങ്കുമായി ബന്ധപ്പെട്ട കാർഡുകൾ മരവിപ്പിക്കുകയും ഇതോടെ ബാങ്കിടപാടുകൾ തടസ്സപ്പെടുകയും ചെയ്യും.
കാലാവധിയുള്ള പാസ്പോർട്ട്, എമിറേറ്റ്സ് ഐഡി എന്നിവയുടെ പകർപ്പുകളാണ് ഇടപാടുകൾക്കുള്ള അടിസ്‌ഥാന രേഖ. ചില ഇടപാടുകൾക്ക് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ശമ്പളപത്രവും ബാങ്കുകൾ ആവശ്യപ്പെടും. വിദേശികളുടെ വീസ കാലാവധി ബാങ്കിങ്ങ് സേവനങ്ങൾ തുടരുന്നതിനുള്ള ഒരു പ്രധാന രേഖയാണ്. അതേസമയം, സ്വദേശി, വിദേശി വേർതിരിവില്ലാതെ സമർപ്പിക്കുന്ന രേഖകൾ കാലാവധിയുള്ളതായിരിക്കണം എന്ന് സെൻട്രൽ ബാങ്ക് നിർദേശിച്ചു.

സ്വദേശികൾക്ക് പാസ്പോർട്ടും വിദേശികൾക്ക് വീസ പതിച്ച പാസ്പോർട്ട് പകർപ്പും താമസ വിലാസവും ടെലിഫോൺ നമ്പറും നൽകിയാൽ ഇടപാടുകൾ സാധ്യമായിരുന്നുവെങ്കിൽ ഇപ്പോൾ സാക്ഷ്യപ്പെടുത്തിയ കെട്ടിട വാടകക്കരാർ വരെ ചില ബാങ്കുകൾ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം, ചില ബാങ്കുകൾ ജല – വൈദ്യുതി ബില്ലുകളും ആവശ്യപ്പെടുന്നു. സെൻട്രൽ ബാങ്കിന്റെ മാർഗനിർദേശങ്ങൾ പ്രകാരമാണ് രേഖകൾ ആവശ്യപ്പെടുന്നതെന്നാണ് ബാങ്കുകൾ വ്യക്തമാക്കുന്നത്.