uae visa;സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വിസ, പ്രവാസികൾക്കായി യുഎഇയുടെ പുതിയ പദ്ധതി

uae visa:അബുദാബി: പ്രവാസികൾ ഉൾപ്പെടെ യുഎഇയിൽ താമസമാക്കിയവർക്കും പൗരന്മാർക്കുമായി പുതിയ വിസ പദ്ധതിയുമായി യുഎഇ. സുഹൃത്ത് വിസ (ഫ്രണ്ട് വിസ), ബന്ധു വിസ (റിലേറ്റീവ് വിസ) എന്നീ സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്ട് സെക്യൂരിറ്റി. അതോറിറ്റിയുടെ വെബ്‌‌‌സൈറ്റിലൂടെയും സ്‌മാർട്ട് ആപ്ളിക്കേഷനിലൂടെയുമാണ് സേവനം ലഭ്യമാവുന്നത്.

സുഹൃത്ത് വിസ, ബന്ധു വിസ എന്നിവയിലൂടെ ഒന്നോ പലതവണയോ യാത്ര ചെയ്യാൻ സാധിക്കും. 30 മുതൽ 90 ദിവസംവരെ യുഎഇയിൽ തങ്ങാം. 60 ദിവസംവരെയാണ് വിസ കാലാവധിയെങ്കിലും ഇത് നീട്ടാൻ സാധിക്കും. അപേക്ഷകർ അതോറിറ്റിയുടെ വെബ്‌സൈറ്റിലോ മൊബൈൽ ആപ്ലിക്കേഷനിലോ ഡിജിറ്റൽ ഐഡന്റിറ്റി ഉപയോഗിച്ച് ലോഗിൻ ചെയ്യണം. ഏത് വിസയാണെന്നത് തിരഞ്ഞെടുത്തതിനുശേഷം അപേക്ഷ സമർപ്പിക്കണം.

വിസായോഗ്യത നേടുന്നതിന് അപേക്ഷകർക്ക് ആറുമാസം കാലാവധിയുള്ള പാസ്‌പോർട്ട്, യാത്രാ ടിക്കറ്റ്, ആരോഗ്യ ഇൻഷുറൻസ് എന്നിവയുണ്ടായിരിക്കണം. കൂടാതെ യുഎഇ പൗരന്റെയോ ഫസ്റ്റ് ഡിഗ്രി, സെക്കന്റ് ‌ഡിഗ്രി വിദേശ താമസക്കാരന്റെയോ സുഹൃത്തോ ബന്ധുവോ ആയിരിക്കണം അപേക്ഷകൻ. വിദേശ താമസക്കാരന് അതോറിറ്റി അംഗീകരിച്ച ഫസ്റ്റ് അല്ലെങ്കിൽ സെക്കന്റ് ലെവൽ ജോലിയും യുഎഇയിൽ ഉണ്ടായിരിക്കണം. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഒത്തുച്ചേരലിനാണ് വിസ ലക്ഷ്യമിടുന്നതെന്ന് അതോറിറ്റി ഡയറക്‌ടർ ജനറൽ സുഹൈൽ സയീദ് അൽ ഖൈലി വ്യക്തമാക്കി. അതേസമയം, വിസ കാലാവധിയിൽ കൂടുതൽ തങ്ങുന്നവർക്ക് പിഴ അടക്കം ചുമത്തപ്പെടും.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version