Visit visa in uae;ദുബൈ: ദുബൈയില്‍ ടൂറിസ്റ്റ്, സന്ദര്‍ശക വീസ ലഭിക്കണമെങ്കില്‍ ഇനി ഹോട്ടല്‍ ബുക്കിങ് രേഖകളും റിട്ടേണ്‍ ടിക്കറ്റും നിര്‍ബന്ധം. ഇതുസംബന്ധിച്ച് ദുബൈ ഇമിഗ്രേഷന്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് അറിയിപ്പ് നല്‍കി. പുതിയ നിബന്ധന പ്രകാരം വീസയ്ക്ക് അപേക്ഷിക്കുമ്പോള്‍ ക്യു ആര്‍ കോഡുള്ള ഹോട്ടല്‍ ബുക്കിങ് രേഖയും മടക്ക യാത്രയ്ക്കുള്ള ടിക്കറ്റിന്റെ പകര്‍പ്പും സമര്‍പ്പിക്കണം. ഇല്ലെങ്കില്‍ വീസാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വൈകിയേക്കുമെന്നാണ് അറിയിപ്പ്.
ഇത്തരത്തില്‍ രേഖകള്‍ സമര്‍പ്പിക്കാത്ത ഒട്ടേറെ മലയാളികളുടെ വീസ അപേക്ഷ പാതിവഴിയിലാണ്. നേരത്തെ യാത്ര സമയത്ത് വിമാനത്താവളത്തിലെ എമിഗ്രേഷനില്‍ ആവശ്യപ്പെട്ടാല്‍ മാത്രം ഈ രേഖകള്‍ കാണിച്ചാല്‍ മതിയായിരുന്നു. കൂടാതെ, 2 മാസത്തെ വീസയ്ക്ക് 5000 ദിര്‍ഹവും ഒരു മാസത്തെ വീസയ്ക്ക് 3,000 ദിര്‍ഹവും ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡില്‍ ഉണ്ടായിരിക്കണമെന്നതും നിര്‍ബന്ധമാണ്.
ഇന്ന് രാവിലെ മുതല്‍ ഓണ്‍ലൈനില്‍ ടൂറിസ്റ്റ് വീസയ്ക്ക് അപേക്ഷിക്കുമ്പോള്‍ എമിഗ്രേഷന്‍ വെബ് സൈറ്റില്‍ ഹോട്ടല്‍ ബുക്കിങ്, റിട്ടേണ്‍ ടിക്കറ്റ് രേഖകള്‍ അപ് ലോഡ് ചെയ്യാന്‍ ആവശ്യപ്പെടുന്നുണ്ട്. ട്രാവല്‍ ഏജന്‍സികള്‍ക്കാണ് ടൂറിസ്റ്റ് വീസകള്‍ക്ക് അപേക്ഷിക്കാനാവുക. ട്രേഡിങ് കമ്പനികളും വ്യക്തികളും കുടുംബങ്ങളും അപേക്ഷിച്ചാല്‍ സന്ദര്‍ശക വീസ ലഭിക്കും എന്നാല്‍ രണ്ട് വീസകളുടെയും നിയമങ്ങളും നിബന്ധനകളും ഏകദേശം ഒന്നു തന്നെയാണ്. പാക്കിസ്ഥാന്‍, ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ പൗരന്മാര്‍ക്ക് സന്ദര്‍ശക, ടൂറിസ്റ്റ് വീസയ്ക്ക് അപേക്ഷിക്കുമ്പോള്‍ ഇത്തരം നിബന്ധനകള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
അതേസമയം, യുഎഇയില്‍ പ്രവാസിയായ ഒരാള്‍ സ്വന്തം കുടുംബത്തിനായി സന്ദര്‍ശക വീസയ്ക്ക് അപേക്ഷിക്കുമ്പോള്‍ ഹോട്ടല്‍ ബുക്കിങ്ങും റിട്ടേണ്‍ ടിക്കറ്റും സമര്‍പ്പിക്കേണ്ടത് ആവശ്യമുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.