uae jobs ;ദുബായ്: പ്രൊഫഷണലിസം, സാംസ്‌കാരിക പ്രതീക്ഷകള്‍, കോര്‍പ്പറേറ്റ് ബ്രാന്‍ഡിംഗ് എന്നിവ നിര്‍ണായക പങ്ക് വഹിക്കുന്ന ഒരു രാജ്യമാണ് യുഎഇ. അതിനാല്‍ തന്നെ തൊഴില്‍ മേഖലയില്‍ അച്ചടക്കം യുഎഇയിലെ മിക്ക കമ്പനികളും വിട്ടുവീഴ്ച ചെയ്യാത്ത ഒന്നാണ്. പലരും യുഎഇയില്‍ ജോലി ചെയ്യുന്നതിന് ടാറ്റൂ തടസമാണ് എന്ന് പറയാറുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് അങ്ങനെയാണോ.

ടാറ്റൂകള്‍ എപ്പോഴും നിങ്ങള്‍ക്ക് ദോഷമാകണം എന്നില്ല എന്നാണ് യുഎഇയിലെ തൊഴില്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അത് നിങ്ങള്‍ തിരഞ്ഞെടുക്കുന്ന മേഖലയെ ആശ്രയിച്ചിരിക്കുന്നു. ‘യുഎഇയില്‍ ടാറ്റൂകള്‍ നിയമവിരുദ്ധമല്ല, പക്ഷേ വ്യവസായത്തെയും തസ്തികയേയും ആശ്രയിച്ച് അവ നിയമന തീരുമാനങ്ങളില്‍ ഒരു ഘടകമായേക്കാം. ബാങ്കിംഗ്, ആരോഗ്യ സംരക്ഷണം, സര്‍ക്കാര്‍ തുടങ്ങിയ ഉപഭോക്തൃ-മുഖ്യവും യാഥാസ്ഥിതികവുമായ മേഖലകളില്‍, ദൃശ്യമാകുന്ന ടാറ്റൂകള്‍ അനുവദിക്കാറില്ല,’ ലക്‌സ്‌പോര്‍ട്ട് ട്രേഡിംഗ് എല്‍എല്‍സിയിലെ ഗ്രൂപ്പ് എച്ച്ആര്‍ മാനേജര്‍ പ്രേം ബാലകൃഷ്ണന്‍ പറഞ്ഞു.
എന്നാല്‍ മിക്കവാറും എല്ലാ കമ്പനികളും ജോലിക്കാരന്റെ പുറംകാഴ്ചയെക്കാള്‍ കഴിവുകളെയാണ് കൂടുതല്‍ വിലമതിക്കുന്നത് എന്നും ബാലകൃഷ്ണന്‍ പറഞ്ഞു. തന്റെ കമ്പനി പ്രൊഫഷണലിസത്തെ ടാറ്റൂകള്‍ അല്ല കഴിവ്, മനോഭാവം, ജോലി നൈതികത എന്നിവയാണ് നിര്‍വചിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പത്ത് വര്‍ഷം മുമ്പുള്ളതിനേക്കാള്‍ ഇന്ന് യുഎഇയില്‍ ദൃശ്യമായ ടാറ്റൂകള്‍ക്ക് വളരെയധികം സ്വീകാര്യതയുണ്ട് എന്ന് എസ് & കെ എച്ച്ആര്‍ കണ്‍സള്‍ട്ടിംഗിന്റെ മാനേജിംഗ് പാര്‍ട്ണര്‍ എല്‍റോണ സില്‍ബ ഡിസൂസ അഭിപ്രായപ്പെട്ടു. നിങ്ങളുടെ ടാറ്റുവല്ല മറിച്ച് നിങ്ങളുടെ പെരുമാറ്റം, പ്രൊഫഷണലിസം, ജോലി നൈതികത എന്നിവയാണ് പ്രധാനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ചില വ്യവസായ സ്ഥാപനങ്ങള്‍ ഇപ്പോഴും യാഥാസ്ഥിതികമായ ചട്ടക്കൂടില്‍ ഉള്ളവയാണ്. ബാങ്കിംഗ്, ധനകാര്യം, ആരോഗ്യ സംരക്ഷണം, സര്‍ക്കാര്‍, വിദ്യാഭ്യാസം എന്നിവ സാധാരണയായി ടാറ്റൂകളെ അനുവദിക്കാറില്ല. ടാറ്റൂകള്‍ വ്യക്തികളെ ജോലിയില്‍ നിന്ന് അയോഗ്യരാക്കുന്നില്ലെങ്കിലും നിഷ്പക്ഷവും പ്രൊഫഷണലുമായ ഒരു രൂപം നിലനിര്‍ത്തുന്നത് പരമപ്രധാനമാണ്.
ദൃശ്യമായ ടാറ്റൂകള്‍ തൊഴില്‍ സാധ്യതകളെ, പ്രത്യേകിച്ച് യാഥാസ്ഥിതിക വ്യവസായങ്ങളില്‍ ദോഷകരമായി ബാധിക്കും എന്ന് സേഫ്ലൈന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിലെ പീപ്പിള്‍ ആന്‍ഡ് കള്‍ച്ചര്‍ ഡയറക്ടര്‍ ആല്‍മോണ്‍ പ്രേം പറഞ്ഞു. അഭിമുഖതത്തിന്റെ സമയത്ത് തന്നെ എച്ച്ആര്‍ അല്ലെങ്കില്‍ നിയമന മാനേജര്‍മാര്‍ ഇക്കാര്യം വ്യക്തമാക്കും.
ജീവനക്കാര്‍ ടാറ്റൂകള്‍ നീക്കം ചെയ്യണമെന്ന് യുഎഇക്ക് നിയമപരമായ ഒരു ഉത്തരവുമില്ല. ടാറ്റൂ നീക്കം ചെയ്യുന്നത് പൂര്‍ണ്ണമായും സ്വമേധയാ ഉള്ളതാണ്, എന്നിരുന്നാലും മുതിര്‍ന്ന സര്‍ക്കാര്‍ സ്ഥാനങ്ങളിലോ കോര്‍പ്പറേറ്റ് റോളുകളിലോ ഉള്ള ചില വ്യക്തികള്‍ക്ക് അവരുടെ പ്രൊഫഷണല്‍ ഇമേജും കരിയര്‍ പുരോഗതിയും ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടാന്‍ നീക്കം ചെയ്യേണ്ടി വന്നേക്കാം.
