watsapp new update;സംശയാസ്പദവും ഐ.ടി നിയമങ്ങൾ ലംഘിച്ചതുമായ അക്കൗണ്ടുകൾ വാട്ട്സാപ്പ് കൂട്ടത്തോടെ പൂട്ടുന്നു. ഈ വർഷം ജനുവരിയിൽ മാത്രം രാജ്യത്ത് ഒരുകോടി അക്കൗണ്ടുകളാണ് നിരോധിച്ചത്. ഇതിൽ 13 ലക്ഷം അക്കൗണ്ടുകൾ ഉപഭോക്താക്കളുടെ പരാതി ഇല്ലാതെ വാട്ട്സാപ്പ് സ്വയം തിരിച്ചറിഞ്ഞ് നിരോധിച്ചതാണ്. ആദ്യമായാണ് ഇത്രയധികം അക്കൗണ്ടുകൾ ഒരുമാസത്തിനുള്ളിൽ നിരോധിക്കുന്നത്. 9400 ലേറെ പരാതികളും ജനുവരിയിൽ ലഭിച്ചു. അക്കൗണ്ട് രജിസ്ട്രർ ചെയ്യുമ്പോൾ മുതൽ ഇത് വ്യാജനാണോ എന്ന് വാട്‌സാപ്പ് നിരീക്ഷിക്കും.

മെസേജുകളുടെ രീതിയും ശ്രദ്ധിക്കും. ഒരാൾ കുറേയേറെ സന്ദേശങ്ങൾ അയയ്ക്കുന്നതും(ബൾക്ക് മെസേജിംഗ്), ഒരേ സന്ദേശം ഒന്നിലധികം പേർക്ക് അയയ്ക്കുന്നതും (ബ്രോഡ്കാസ്റ്റ് മെസേജിംഗ്), ഒരേ പാറ്റേണിൽ ഒന്നിലധികം പേർക്ക് സന്ദേശമയയ്ക്കുന്നതും അക്കൗണ്ട് നിരോധിക്കുന്നതിന് കാരണമാകും. ക്രിസ്മസ്, ഓണം പോലുള്ള ഉത്സവകാലങ്ങളിൽ അയയ്ക്കുന്ന ആശംസാ സന്ദേശങ്ങൾ പോലും ബൾക്ക് മെസേജിംഗിൽ ഉൾപ്പെട്ടേക്കും. വ്യക്തിഹത്യ, ലൈംഗിക പരാമർശങ്ങൾ, ആൾമാറാട്ടം എന്നിവയ്ക്കും പിടിവീഴും. വ്യാജ ലിങ്കുകൾ തുറന്ന് സ്വയം പണി വാങ്ങുന്നവരുമുണ്ട്. ഒരുപാട് കോൺടാക്ടുകൾ ഫോണിൽ സൂക്ഷിക്കുന്നവരുടെ അക്കൗണ്ടിന് പൂട്ട് വീഴാൻ സാദ്ധ്യത കൂടുതലാണ്. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരും വാട്ട്സാപ്പ് നിരീക്ഷണത്തിലാണ്.
സന്ദേശത്തിന് നിയന്ത്രണം!
സ്പാം സന്ദേശങ്ങൾ നിയന്ത്രിക്കാൻ ഒരാൾക്ക് അയയ്ക്കാവുന്ന ബ്രോഡ്കാസ്റ്റ് മെസേജുകളിൽ അടുത്ത മാസം മുതൽ വാട്സാപ്പ് നിയന്ത്രണം ഏർപ്പെടുത്തും. കൂടുതൽ സന്ദേശങ്ങൾ അയയ്ക്കണമെങ്കിൽ തുക ഈടാക്കിയേക്കും. ആദ്യഘട്ടത്തിൽ 250 ബിസിനസ് അക്കൗണ്ടുകൾക്ക് സൗജന്യമായി ഉപയോഗിക്കാം.
ശ്രദ്ധിക്കാൻ
1.അപരിചിതരുടെ സന്ദേശങ്ങൾക്ക് പ്രതികരിക്കാതിരിക്കുക.
2.ആപ്പ് ഇടയ്ക്കിടയ്ക്ക് അപ്ഡേറ്റ് ചെയ്യുക.
3.ഗ്രൂപ്പുകളിൽ സൂക്ഷിച്ച് മാത്രം ജോയിൻ ചെയ്യുക.
