
തുടർച്ചയായി 32 മണിക്കൂർ ഉറങ്ങിയ പ്രവാസിക്ക് സംഭവിച്ചത്!
തുടർച്ചയായി 32 മണിക്കൂർ ഉറങ്ങിയ പ്രവാസിയെ ഷാർജയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്ഷീണിതനായി ജോലിസ്ഥലത്ത് നിന്ന് മടങ്ങിയ 51 വയസ്സുകാരനാണ് ഷാർജയിലെ താമസസ്ഥത്ത് ഗാഢനിദ്രയിലമർന്നത്.

ചെറുതായൊന്ന് മയങ്ങാൻ ആഗ്രഹിച്ച്, ജോലിക്ക് പോയപ്പോൾ ധരിച്ചിരുന്ന വസ്ത്രത്തിൽ തന്നെയായിരുന്നു കിടന്നത്. ഉറക്കത്തിൽ ഒരു മായാലോകത്തെന്ന പോലെ തനിക്ക് അനുഭവപ്പെട്ടത് ഇദ്ദേഹം വിവരിക്കുന്നത് ഇങ്ങനെയാണ്; ‘ഞാൻ ക്ഷീണിതനായിരുന്നു. ഒന്നു ചെറുതായി മയങ്ങാമെന്ന് കരുതി കിടന്നത് 32 മണിക്കൂറിലേറെ നീണ്ട ഉറക്കമായി മാറി.
ജീവൻ തന്നെ അപകടത്തിലാക്കാൻ സാധ്യതയുള്ളതായി ഡോക്ടർമാർ പിന്നീട് വിശേഷിപ്പിച്ച നീണ്ട അബോധാവസ്ഥയായിരുന്നു അത്. ഞാൻ താമസ സ്ഥലത്ത് തിരിച്ചെത്തിയപ്പോൾ രാത്രി 8.30 ആയിരുന്നു. അടുത്തതായി എനിക്ക് ഓർമ വരുന്നത് ഞാൻ ക്ഷീണിതനും സ്ഥലകാലഭ്രമം പിടിപ്പെട്ടത് പോലെയുമായിരുന്നു എന്നാണ്. ഉണർന്നപ്പോൾ അതിരാവിലെ ആണെന്ന് ഞാൻ കരുതി. ക്ലോക്കിൽ സമയം പുലർച്ചെ 4.30 ആയിരുന്നു. ഏകദേശം 7 മണിക്കൂർ ഉറങ്ങിയെന്ന് കരുതി.
ആശയക്കുഴപ്പത്തിലായപ്പോൾ എന്റെ ഫോണെടുത്തു നോക്കി. അതിന്റെ ബാറ്ററി തീർന്നിരുന്നു. ഞാനത് പ്ലഗ് ചെയ്ത് കിടന്നു, പക്ഷേ ചുറ്റുമുള്ളതെല്ലാം ഓഫായതായി തോന്നി. ഫോൺ വളരെ വലുതായി കാണപ്പെട്ടു. ഒരു നിമിഷം ഞാൻ മറ്റൊരാളുടെ വീട്ടിലാണെന്ന് തോന്നി.
എന്റെ ഫോൺ ഓൺ ആക്കിയപ്പോൾ ഓഫിസിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ആശങ്കാകുലരായ കുടുംബാംഗങ്ങളിൽ നിന്നും 50ലേറെ മിസ്ഡ് കോളുകളും സന്ദേശങ്ങളും കണ്ടു. അതോടെ ഞാൻ പരിഭ്രാന്തനായി, കടുത്ത ആശങ്കയിലകപ്പെട്ടു. എന്തോ ഗുരുതരമായ കുഴപ്പമുണ്ടെന്ന് കരുതി. തുടർന്ന് താമസ സ്ഥലത്തിനടുത്തുള്ള ഒരു ആശുപത്രിയിൽ ഞാൻ പെട്ടെന്ന് എത്തി’.

Comments (0)