Winter celebrations in uae;വേനൽ ചൂടിന് ഇനി ബൈ ബൈ!!ഇനി വിനോദസഞ്ചാരികളുടെ പറുദീസയായി ദുബായ്:അതിശയങ്ങളൊരുക്കിയ ശൈത്യകാല ആഘോഷങ്ങൾ ഇങ്ങനെ…

Winter celebrations in uae;ദുബായ് : വേനൽച്ചൂടിന് തത്കാലം വിടപറഞ്ഞ് ശൈത്യകാലത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് യു.എ.ഇ. ആളുംആരവങ്ങളും അതിശയങ്ങളുമായി ഇനി ശൈത്യകാല ആഘോഷദിനങ്ങളുടെ മാസങ്ങളാണ്. ഞായറാഴ്ചയോടെ രാജ്യത്ത് വേനൽക്കാലം അവസാനിക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിട്ടുണ്ട്.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

ഞായറാഴ്ച പ്രാദേശികസമയം വൈകീട്ട് 4.44 മുതൽ യു.എ.ഇ. ശൈത്യത്തിലേക്ക് ചേക്കേറും.

ലോകത്തിന്റെ വിവിധ കോണുകളിൽനിന്ന് സന്ദർശകർ ഒഴുകിയെത്തുന്നതിനാൽ വിനോദസഞ്ചാരമേഖലയുടെ സുവർണകാലമായാണ് ശൈത്യമാസങ്ങളെ യു.എ.ഇ. യിൽ അടയാളപ്പെടുത്തുന്നത്. കണ്ണുചിമ്മുന്നേരംകൊണ്ട് മഹാദ്ഭുതങ്ങൾ തീർക്കുന്ന രാജ്യമാണ് യു.എ.ഇ. വിനോദസഞ്ചാരികളുടെ പറുദീസയായ നാട്.

വിനോദവും സാംസ്കാരിക വൈവിധ്യവും വിദ്യാഭ്യാസവും സമന്വയിക്കുന്ന ആഘോഷങ്ങൾക്കാണ് രാജ്യമൊരുങ്ങുന്നത്. യു.എ.ഇ.യിലെ വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ രാപകൽ ഭേദമന്യേ ആഘോഷങ്ങളാണ് താമസക്കാരെയും സന്ദർശകരെയും കാത്തിരിക്കുന്നത്. ശൈത്യാരംഭത്തോടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും ആകർഷണങ്ങളും ഓരോന്നായി പ്രവർത്തനം തുടങ്ങുകയായി.

ഗാർഡൻ ഗ്ലോ

വിസ്മയക്കാഴ്ചകളുമായി ദുബായ് ഗാർഡൻ ഗ്ലോ സന്ദർശകരെ സ്വാഗതം ചെയ്യുന്നു. വർണവെളിച്ചങ്ങളാൽ അതിമനോഹര കലാസൃഷ്ടികളാണ് സബീൽ പാർക്കിൽ ഒരുക്കിയിട്ടുളളത്. 78.75 ദിർഹമാണ് പ്രവേശനനിരക്ക്. മൂന്നുവയസ്സിൽ താഴെയുള്ളവർക്ക് പ്രവേശനം സൗജന്യമാണ്. ഗാർഡൻ ഗ്ലോ ടിക്കറ്റെടുത്താൽ സബീൽ പാർക്കിലെ ദിനോസർ പാർക്കും സന്ദർശിക്കാം. മൃഗങ്ങൾ, പൂക്കൾ, പക്ഷികൾ എന്നിവയെല്ലാം വൈവിധ്യമാർന്ന നിറങ്ങളിലും രൂപങ്ങളിലും കാണാമെന്നതാണ് ഇവിടുത്തെ സവിശേഷത.

ഗ്ലോബൽ വില്ലേജ്

ലോകസംസ്കാരങ്ങളുടെ സംഗമവേദിയായ ഗ്ലോബൽ വില്ലേജ് ഒക്‌ടോബർ 16-ന് തുറക്കും. സമാനതകളില്ലാത്ത ആഘോഷങ്ങൾക്കും വിനോദപരിപാടികൾക്കുമാണ് അടുത്തവർഷം മേയ് 11 വരെ ദുബായ് സാക്ഷ്യംവഹിക്കുക.

മൂന്നുവയസ്സിൽ താഴെയുള്ളവർക്കും 65 വയസ്സിന് മുകളിലുള്ളവർക്കും നിശ്ചയദാർഢ്യക്കാർക്കും പ്രവേശനം സൗജന്യമാണ്. ഗ്ലോബൽവില്ലേജിൽ പ്രത്യേകപരിഗണന ലഭിക്കാനുള്ള വി.ഐ.പി. ടിക്കറ്റുവിൽപ്പന ശനിയാഴ്ച ആരംഭിക്കും. വിവിധ റൈഡുകൾ, ആകർഷണങ്ങൾ, പ്രദർശനങ്ങൾ, പാർക്കിങ് എന്നിവയ്ക്കെല്ലാം പ്രത്യേകപരിഗണനയുണ്ടാകും.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

മെഗാ ഗോൾഡ്, മെഗാ സിൽവർ എന്നിങ്ങനെ രണ്ടുടിക്കറ്റ് പാക്കേജുകൾ പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. മെഗാ ഗോൾഡ് വി.ഐ.പി. പാക്കിന്‌ 4745 ദിർഹവും മെഗാ സിൽവർ വി.ഐ.പി. പാക്കിന്‌ 3245 ദിർഹവുമാണ് നൽകേണ്ടത്. ഈ പാക്കേജുകൾ വാങ്ങുന്നവർക്ക് ദുബായ് പാർക്സ് ആൻഡ് റിസോർട്ട്‌സിലെ എല്ലാ പാർക്കുകളിലേക്കും സമയപരിധികളില്ലാതെ പ്രവേശനംനൽകുന്ന പ്ലാറ്റിനം വാർഷികപാസ് സൗജന്യമായിനേടാം.

കൂടാതെ ദ ഗ്രീൻ പ്ലാനറ്റ്, റോക്സി സിനിമാസ്, ലാപിറ്റ ഹോട്ടൽ എന്നിവിടങ്ങളിലെ പ്രവേശനടിക്കറ്റിന് ആകർഷകമായ കിഴിവുകളും ലഭിക്കും. ക്ലാസിക് വി.ഐ.പി. പാക്കുകളിൽ ഡയമണ്ട്-7350 ദിർഹം, പ്ലാറ്റിനം-3100 ദിർഹം, ഗോൾഡ്-2350 ദിർഹം, സിൽവർ-1750 ദിർഹം എന്നിങ്ങനെയാണ് നിരക്കുകൾ. 18 വയസ്സിന് മുകളിലുള്ള യു.എ.ഇ.യിലെ താമസക്കാർക്കുമാത്രമാണ് വി.ഐ.പി. ടിക്കറ്റുകൾ ലഭിക്കുക.

ദുബായ് സഫാരി പാർക്ക്

ദുബായ് സഫാരി പാർക്കിന്റെ ആറാമത് സീസൺ ഒക്ടോബർ ഒന്നിന് ആരംഭിക്കും. വിവിധയിനങ്ങളിൽപ്പെട്ട 3000-ത്തിലേറെ പക്ഷിമൃഗാദികളുടെ ആവാസകേന്ദ്രമാണ് ദുബായ് സഫാരി പാർക്ക്. സന്ദർശകർക്ക് വന്യജീവികളുമായി അടുത്തിഴപ്പഴകാനുള്ള അവസരങ്ങൾ ലഭിക്കും. പാർക്കിലെ കാഴ്ചകൾ ആസ്വദിക്കാൻ ഷട്ടിൽ ട്രെയിനുകൾ ഉൾപ്പടെ മികച്ച സൗകര്യങ്ങളുണ്ട്. വന്യജീവികളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങളും അടുത്തറിയാം.

ഷാർജ സഫാരി പാർക്ക്

ആഫ്രിക്കയ്ക്ക് പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ സഫാരി പാർക്കായ ഷാർജ സഫാരി തിങ്കളാഴ്ച തുറക്കും. മുൻവർഷത്തെ അപേക്ഷിച്ച് കൂടുതൽ ഉരഗങ്ങളും പക്ഷികളും മൃഗങ്ങളുമെല്ലാം പാർക്കിലുണ്ട്. വന്യജീവികളുടെ ആവാസവ്യവസ്ഥ പര്യവേഷണം ചെയ്യാനുള്ള അവസരമാണ് സന്ദർശകരെ കാത്തിരിക്കുന്നത്.

മികച്ച സൗകര്യങ്ങളും സേവനങ്ങൾക്കുമുള്ള ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. അൽ ദൈദിലെ അൽ ബ്രിഡി നാച്വറൽ റിസർവിനുള്ളിൽ എട്ട് ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയിലാണ് പാർക്ക് വ്യാപിച്ചുകിടക്കുന്നത്. സഹേൽ, നൈഗർ വാലി, സാവന്ന എന്നിങ്ങനെ ആഫ്രിക്കയിലെ 12 പ്രദേശങ്ങളുടെ മാതൃകയിലാണ് പാർക്ക് ഒരുക്കിയിട്ടുള്ളത്.

ദിവസവും രാവിലെ 8.30 മുതൽ വൈകീട്ട് ആറു മണിവരെ പാർക്കിലെ കാഴ്ചകൾ ആസ്വദിക്കാം. ബ്രോൺസ്, സിൽവർ, ഗോൾഡ് എന്നിങ്ങനെ മൂന്ന് ടിക്കറ്റ് പാക്കേജുകളും തിരഞ്ഞെടുക്കാം. 40 ദിർഹം മുതൽ പ്രവേശന ടിക്കറ്റുകൾ ലഭ്യമാണ്. മൂന്ന് വയസ്സിൽ താഴെയുള്ളവർക്ക് പ്രവേശനം സൗജന്യമാണ്.

റൈപ്പ് മാർക്കറ്റ്

പ്രാദേശിക ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുന്ന റൈപ്പ് മാർക്കറ്റ് അടുത്തമാസം 12-ന് തുറക്കും. ജൈവപ്പഴങ്ങൾ, പച്ചക്കറി, വസ്ത്രം, കരകൗശലവസ്തുക്കൾ, ആഭരണങ്ങൾ, വ്യത്യസ്തഭക്ഷണങ്ങൾ എന്നിവയുടെ വിപുലമായശേഖരം മാർക്കറ്റിലുണ്ടാകും. വൈകുന്നേരങ്ങളിൽ ഒട്ടേറെ കുടുംബ-സൗഹൃദ വിനോദപരിപാടികളും ആസ്വദിക്കാം. ഇമിറാത്തി ഭക്ഷണരുചികളും മാർക്കറ്റിലുണ്ടാകും,

ജെയ്‌സ് ഫ്ലൈറ്റ്

റാസൽഖൈമയിൽ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും നീളംകൂടിയ സിപ് ലൈനായ ജെയ്‌സ് ഫ്ലൈറ്റ് സാഹസികത ആഗ്രഹിക്കുന്നവർക്കായി പ്രവർത്തനമാരംഭിച്ചു. ജബൽ ജെയിസ് കൊടുമുടിയുടെ മുകളിലാണ് സിപ് ലൈൻ സ്ഥിതിചെയ്യുന്നത്. മണിക്കൂറിൽ 160 കിലോമീറ്റർവരെ വേഗത്തിൽ സഞ്ചരിക്കുന്ന സിപ് ലൈൻ സാഹസികപ്രേമികൾക്കുള്ള മികച്ച അവസരമായിരിക്കും. 299 ദിർഹംമുതൽ ഇവിടെ ടിക്കറ്റുകൾ ലഭ്യമാണ്.

ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ

ശൈത്യകാലത്ത് ദുബായിയിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ (ഡി.എസ്.എഫ്.). കൗതുകക്കാഴ്ചകളും കൈനിറയെ സമ്മാനങ്ങളും കണ്ണഞ്ചിപ്പിക്കുന്ന കലാപരിപാടികളുമായി ഡി.എസ്.എഫ്. ഡിസംബർ ആറിന് ആരംഭിക്കും. ലോകത്തിലെ ഏറ്റവുംവലിയ ഈ വ്യാപാരോത്സവം അടുത്തവർഷം ജനുവരി 12 വരെ നീണ്ടുനിൽക്കും. ആകർഷകമായ വിലക്കിഴിവുകളും ലോകപ്രശസ്ത കലാകാരർ അണിനിരക്കുന്ന വിനോദപരിപാടികളും കൈനിറയെ സമ്മാനങ്ങളുമാണ് പുതിയപതിപ്പിലുള്ളത്.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

1000-ത്തിലേറെ പ്രമുഖബ്രാൻഡുകളുടെ ഉത്പന്നങ്ങൾ വമ്പിച്ചവിലക്കുറവിൽ ലഭിക്കുമെന്ന് പുതിയപതിപ്പ് വാഗ്‌ദാനംചെയ്തിട്ടുണ്ട്. പുതുവത്സരാഘോഷങ്ങൾ, തീം പാർക്കുകളിൽ പ്രവേശനടിക്കറ്റുകൾ, സാഹസികപ്രവർത്തനങ്ങൾ എന്നിങ്ങനെ ഒട്ടേറെ ആകർഷണങ്ങൾ ഇത്തവണയുമുണ്ടാകും. ഉത്സവത്തിന്റെ 38 ദിവസങ്ങളിലും എമിറേറ്റിന്റെ വിവിധപ്രദേശങ്ങളിലായി വെടിക്കെട്ടുകൾ, ഡ്രോൺ പ്രദർശനങ്ങൾ എന്നിവ സൗജന്യമായി ആസ്വദിക്കാം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *