Ramdan 2025;ദുബായ്: ഈ റമദാനിലും ചെറിയ പെരുന്നാളിനും യുഎഇ utയിൽ പുതിയ കാർ വാങ്ങുന്നവർക്കായി വലിയ ഓഫറുകളുമായി ഡീലർമാർ. ഓട്ടോ ഫിനാൻസിങ് ആയോ നേരിട്ടുള്ള ക്യാഷ് ഡിസ്കൗണ്ടുകളായോ, ഡീലർമാർ അധിക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. നിശ്ചിത കാലയളവിലേക്കുള്ള ഇന്ധനച്ചെലവ് അടയ്ക്കുന്നത് ഉൾപ്പെടെയുള്ള ഓഫറുകളും നിലവിൽ ലഭ്യമാണ്. ഇതിൽ ഏറ്റവും ആകർഷണീയത 0% മൾട്ടി – ഇയർ ഫിനാൻസിംഗാണെന്ന് കാർ മോഹികൾ അഭിപ്രായപ്പെടുന്നുണ്ട്.

വാഹനം വാങ്ങുന്നവർക്ക് മൂന്ന് മുതൽ അഞ്ചുവർഷം വരെ നീളുന്ന കാലയളവുകളിലേക്ക് പലിശ രഹിത ഗഡുക്കളായി അടയ്ക്കാനുള്ള സംവിധാനമുണ്ട്. ഈ വായ്പകളുടെ പലിശ ഓഫർ കാലയാളവിന് ശേഷം മാത്രമേ പ്രാബല്യത്തിൽ വരികയുള്ളൂ. എൻട്രി ലെവൽ സെഡാൻ ആയാലും ഒരു പ്രീമിയം എസ്യുവി ആയാലും EV ആയാലും ഈ രീതിയിൽ വാങ്ങിക്കാൻ സാധിക്കും. കാർ വാങ്ങുന്നയാളിൽ നിന്ന് കുറഞ്ഞ ഡൗൺ പേയ്മെന്റിൽ കാർ വാങ്ങുന്നതിന് ഒപ്പുവയ്ക്കാൻ പോലും നിലവിൽ യുഎഇയിലെ ചില ഡീലർമാർ തയ്യാറാണ്.
ഫിനാൻസ് ഓഫറുകൾ ശരാശരി 4.8 വർഷത്തെ ദൈർഘ്യമുള്ളതും പലിശ രഹിതവുമാണെന്ന് ഓട്ടോഡാറ്റ എംഇയുടെ മാനേജിങ് ഡയറക്ടർ സെബാസ്റ്റ്യൻ ഫ്യൂച്ച്സ് പ്രതികരിച്ചു. ഇത്തരം ഡീലുകളിൽ ഉപഭോക്താവിന് അഞ്ച് വർഷത്തേക്ക് ഇന്ധനം, വൈദ്യുതി, ഇൻഷുറൻസ് എന്നിവ ഒഴികെയുള്ള അധിക ചെലവുകളെക്കുറിച്ച് വിഷമിക്കേണ്ടതില്ലെന്നതും ആശ്വാസം പകരുന്നുണ്ട്. യുഎഇയിൽ ഡീലർമാർ 7 മുതൽ 10 വർഷം വരെ ദീർഘിപ്പിച്ച വാറണ്ടി ഈയടുത്തായി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇവ തുടരുമ്പോൾ തന്നെ 0% ധനസഹായവും സൗജന്യ മൾട്ടി – ഇയർ ഇൻഷുറൻസും കാർ എടുക്കുന്നവർക്ക് ലഭിക്കുന്നുണ്ട്.
എന്നാൽ യുഎഇയിൽ കാർ വാങ്ങുന്ന ഏതൊരാളും അവരുടെ എമിറേറ്റ് അനുസരിച്ചുള്ള ചെലവും നടപടിക്രമങ്ങളും അറിഞ്ഞിരിക്കണം എന്നത് നിർബന്ധമാണ്. കാരണം ഇക്കാര്യങ്ങളിൽ ചെറിയ വ്യത്യാസങ്ങൾ വരുത്തിയിട്ടുണ്ട്. നൽകിയ വിസയ്ക്ക് അനുയോജ്യമായ എമിറേറ്റിൽ കാർ രജിസ്റ്റർ ചെയ്യണം എന്നതും പ്രിത്യേകം ശ്രദ്ധിച്ചിരിക്കണം. ഓരോ എമിറേറ്റിനും വ്യത്യസ്ത രജിസ്ട്രേഷൻ പ്രക്രിയയും നമ്പർ പ്ലേറ്റും ഉണ്ട്. മൂന്ന് വർഷമോ അതിൽ കൂടുതലോ പഴക്കമുള്ള കാർ വാങ്ങുകയാണെങ്കിൽ, രജിസ്ട്രേഷന് മുൻപ് നിങ്ങൾ ഒരു പരിശോധനയിൽ വിജയിക്കേണ്ടതുണ്ട്.
പുതിയ ട്രാഫിക് നിയമപ്രകാരം 18 വയസ്സിന് മുകളിലുള്ള, സാധുവായ ഡ്രൈവിങ് ലൈസൻസ് ഉള്ള ആർക്കും യുഎഇയിൽ ഒരു കാർ വാങ്ങാം. എന്നാൽ കൃത്യമായ രേഖ നൽകിയാൽ മാത്രമേ ഇതിനു സാധിക്കുകയൊള്ളു.
വേണ്ടത് ഈ രേഖകൾ
ഒറിജിനൽ പാസ്പോർട്ട്, വാഹനം വാങ്ങുന്നതിനും ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും നിർബന്ധിത രേഖയായ നിങ്ങളുടെ യുഎഇ താമസ വിസ കയ്യിൽ ഉണ്ടാവണം, യുഎഇ റസിഡന്റ് ഐഡി, യുഎഇ ഡ്രൈവിങ് ലൈസൻസ്, യൂറോപ്യൻ രാജ്യങ്ങളിലെയും ജിസിസി രാജ്യങ്ങളിലെയും ലൈസൻസുകൾ യുഎഇയിൽ വാഹനമോടിക്കാൻ സാധുതയുള്ളതായി കണക്കാക്കുന്നുണ്ട്. ഇൻഷുറൻസ് രേഖകൾ എന്നവയും രേഖയായി നൽകണം.
