കുവൈത്തിൽ റെസ്റ്റോറന്റുകളിൽ ഫോൺ വഴി ഭക്ഷണത്തിനു ഓർഡർ നൽകി പണം നൽകാതെ ഡെലിവറി ജീവനക്കാരെ കബളിപ്പിക്കുന്നത് പതിവാക്കിയ രണ്ട് പ്രവാസികൾ അറസ്റ്റിലായി. ഹവല്ലിയിലെ ഒരു റെസ്റ്റോറന്റ് ഉടമയുടെ പരാതിയെ തുടർന്നാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് ഇവരെ പിടികൂടിയത്.
റസ്റ്റോറന്റുകളിൽ ഫോൺ വഴി ഭക്ഷണത്തിന് ഓർഡർ നൽകിയ ശേഷം , ഡെലിവറി ഡ്രൈവർമാർക്ക് തങ്ങൾ താമസിക്കുന്ന കെട്ടിടത്തിന് പിന്നിലെ ഒരു ലൊക്കേഷൻ നൽകുകയും, ഡെലിവറിക്ക് ശേഷം പണം ലിങ്ക് വഴി അയക്കാമെന്ന് പറഞ്ഞു ഡ്രൈവറുടെ നമ്പർ ബ്ലോക്ക് ചെയ്യുന്നതായിരുന്നു ഇവരുടെ രീതി.
ബിദൂനിയുടെ ഉടമസ്ഥതയിൽ ഹവല്ലിയിൽ പ്രവർത്തിക്കുന്ന ഒരു റെസ്റ്റോറന്റിൽ 7 ദിനാർ വിലയുള്ള രണ്ട് ഓർഡർ നൽകിയ ഇവർ ഭക്ഷണം ലഭിച്ച ശേഷം പതിവ് പോലെ ഡെലിവറി ബോയിയുടെ നമ്പർ ബ്ലോക്ക് ചെയ്തതോടെയാണ് കുടുങ്ങിയത്. ഇതേ തുടർന്ന് ഉടമ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ഓർഡർ നൽകിയ മൊബൈൽ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഫോൺ ഉടമ അദൈലിയയിൽ ആണെന്നും കണ്ടെത്തി.
തന്റെ ഫോൺ ഉപയോഗിച്ച് സുഹൃത്താണ് ഓർഡർ നൽകിയതും ഭക്ഷണം സ്വീകരിച്ചതെന്നും ചോദ്യം ചെയ്യലിൽ ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. എന്നാൽ ഫോൺ ഉടമയുടെ അറിവോടെയാണ് തട്ടിപ്പ് നടത്തിയത് എന്നായിരുന്നു സുഹൃത്തിന്റെ മൊഴി. ഇത്തരത്തിൽ നിരവധി റെസ്റ്റോറന്റുകളിൽ നിന്ന് ഭക്ഷണം തട്ടിയെടുത്തതായും ഇരുവരും കുറ്റ സമ്മതം നടത്തി.