അബുദാബി ∙ യുഎഇയിൽ പെരുന്നാൾ ഹിജ്റ 1446 ലെ ശവ്വാൽ 1ന് ആരംഭിച്ച് ശവ്വാൽ 3 ന് അവസാനിക്കും. റമസാൻ 30 ദിവസം പൂർത്തിയാക്കിയാൽ ഈ മാസം 30 പെരുന്നാൾ അവധിയിൽ കൂടിച്ചേരുന്ന ഔദ്യോഗിക അവധിയായിരിക്കും. മാർച്ച് 29 ന് ചന്ദ്രക്കല കണ്ടാൽ, ജോർജിയൻ കലണ്ടർ പ്രകാരം പെരുന്നാൾ 30 നായിരിക്കും. അതുവഴി മാർച്ച് 29 മുതൽ ഏപ്രിൽ 1 വരെ നാല് ദിവസത്തെ അവധി ലഭിക്കും.കാരണം ശനിയാഴ്ച രാജ്യത്തെ മിക്ക ജീവനക്കാർക്കും വാരാന്ത്യമാണ്. അതേസമയം, 29 ന് ചന്ദ്രനെ കാണാതിരിക്കുകയും റമസാൻ 30 ദിവസം നീണ്ടുനിൽക്കുകയും ചെയ്താൽ, ശവ്വാൽ മാസത്തിലെ ആദ്യ ദിവസം മാർച്ച് 31 ആയിരിക്കും. ഇത് 31 മുതൽ ഏപ്രിൽ 2 വരെ മൂന്ന് ദിവസത്തെ പെരുന്നാൾ അവധിയായി മാറും. ഈ സാഹചര്യത്തിൽ മാർച്ച് 29 മുതൽ ഏപ്രിൽ 2 വരെ അഞ്ച് ദിവസത്തെ നീണ്ട വാരാന്ത്യം ലഭിക്കും
അതേസമയം, ഷാർജയിലെ പൊതുമേഖലാ ജീവനക്കാർക്ക് വെള്ളിയാഴ്ച വാരാന്ത്യമായതിനാൽ ചില സർക്കാർ ജീവനക്കാർക്ക് പെരുന്നാളിന് ആറ് ദിവസം വരെ അവധി ലഭിക്കും. ഈ മാസം 30 ന് പെരുന്നാൾ വന്നാൽ ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് ഈ മാസം 28 മുതൽ ഏപ്രിൽ 1 വരെ അഞ്ച് ദിവസത്തെ അവധി ലഭിക്കും. 31 നാണ് പെരുന്നാൾ ആരംഭിക്കുന്നതെങ്കിൽ 28 മുതൽ ഏപ്രിൽ 2 വരെ ആറ് ദിവസത്തെ നീണ്ട വാരാന്ത്യം പെരുന്നാൾ അവധിയായി ലഭിക്കും.