20-Year-Old Kitchen: ഷാര്‍ജ: ആഡംബര കാറുകളിലും മോട്ടോര്‍ സൈക്കിളുകളിലും കാല്‍നടയായും കയ്യില്‍ പാത്രങ്ങളുമായി എത്തുന്ന ആളുകള്‍. ഉച്ചയ്ക്ക് 1 മണി മുതല്‍ ഷാര്‍ജയിലെ അല്‍ ഗഫിയയിലുള്ള അല്‍ഖൈം പബ്ലിക് കിച്ചണിന് പുറത്തെ പതിവു കാഴ്ചയാണിത്.

ദിവസവും 4,500 കിലോഗ്രാം ഹരീസും ബിരിയാണിയുമാണ് അല്‍ഖൈം പബ്ലിക് കിച്ചണില്‍ തയ്യാറാക്കുന്നത്. ഇവിടെ ഭക്ഷണം വാങ്ങാന്‍ എത്തുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഒരു പൊലിസുകാരന്‍ വേണമെന്നുള്ള സ്ഥിതിയാണുള്ളത്. അത്രമാത്രം വലിയ ജനക്കൂട്ടമാണ് ഇവിടെ ഉണ്ടാകാറുള്ളത്.
ഉച്ചയ്ക്ക് 1.30 ന് കിച്ചണിന്റെ ഗേറ്റ് തുറക്കുമ്പോള്‍ തന്നെ ഇഫ്താറിനായി ചിക്കനും മട്ടണും വാങ്ങാന്‍ ഉപഭോക്താക്കള്‍ തിരക്കുകൂട്ടും. വെറും നാല് മണിക്കൂറിനുള്ളില്‍ അതായത് വൈകുന്നേരം 5.30ഓടെ ഇവിടെ പാചകം ചെയ്ത എല്ലാം വിറ്റു തീരുകയും ചെയ്യും. അല്‍ഖൈമിലെ ഏറ്റവും ജനപ്രിയ വിഭവമായ മട്ടണ്‍ ബിരിയാണി സാധാരണ ഉച്ചയ്ക്ക് രണ്ടരമുപ്പതിന് തന്നെ തീരും. ഇതുതന്നെയാണ് ഇവിടത്തെ ഭക്ഷണത്തിന്റെ രുചിപ്പെരുമ മനസ്സിലാക്കാനുള്ള ഏറ്റവും ലളിതമായ മാര്‍ഗവും.
വൈകുന്നേരത്തോടെ ഉപഭോക്താക്കള്‍ പിരിഞ്ഞുപോകുമ്പോഴും ജോലിക്കാരുടെ പണികള്‍ അവസാനിച്ചിട്ടില്ല. ഭക്ഷണം വിറ്റുതീരുന്നതോടെ വൃത്തിയാക്കല്‍ ആരംഭിക്കും. വൈകുന്നേരം 7 മണിയോടെ അടുത്ത ബാച്ചിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. ചേരുവകള്‍ തയ്യാറാക്കി, സുഗന്ധവ്യഞ്ജനങ്ങള്‍ അളന്ന്, വലിയ പാത്രങ്ങള്‍ നിറയ്ക്കും. തുടര്‍ന്ന അടുത്ത ദിവസത്തെ ഭക്ഷണം ഉണ്ടാക്കാനുള്ള തയ്യാറെടുപ്പുകളിലേക്ക്.
പാചകവും വിളമ്പലും പാത്രങ്ങളില്‍ വിതരണം ചെയ്യുന്നതിനുമായി വെറും പത്തു പേരുടെ സംഘമാണ് ഇവിടെയുള്ളത്. ‘പാത്രങ്ങള്‍ പെട്ടെന്ന് കാലിയാകുമ്പോള്‍, എന്തുകൊണ്ടാണ് ഞങ്ങള്‍ കൂടുതല്‍ പാചകം ചെയ്യാത്തത് എന്നാണ് ഉപഭോക്താക്കള്‍ ചോദിക്കുന്നത്. രുചിയുടെ പേരില്‍ പലരും ദൂരെ സ്ഥലങ്ങളില്‍ നിന്ന് യാത്ര ചെയ്താണ് ഇവിടെയെത്തുന്നത്,’ അല്‍ഖൈം പബ്ലിക് കിച്ചണിന്റെ ഉടമയായ അമാന്‍ ഹൈദര്‍ പറഞ്ഞു.
എട്ട് കൂറ്റന്‍ പാത്രങ്ങളിലാണ് ഇവിടെ ഹരീസ് പാകം ചെയ്യുന്നത്. ഓരോന്നിലും 450 കിലോഗ്രാം വിഭവം വീതം. നാല് പാത്രങ്ങളിലാണ് ബിരിയാണി തയ്യാറാക്കുന്നത്.
ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള റമദാനില്‍ വൈകുന്നേരമാകുമ്പോഴേക്കും ഭക്ഷണസാധനങ്ങള്‍ ബാക്കിയുണ്ടാകില്ല. ബാക്കിയുള്ളവ വേഗത്തില്‍ പായ്ക്ക് ചെയ്ത് അടുത്തുള്ള പള്ളികളില്‍ നോമ്പ് തുറക്കുന്ന വിശ്വാസികള്‍ക്കായി എത്തിക്കും.
നാല് മാസം മുമ്പ് അന്തരിച്ച തന്റെ പിതാവ് ജംഷാദ് അബ്ബാസ് ഉണ്ടാക്കിയ ഒരു രഹസ്യ സുഗന്ധവ്യഞ്ജന മിശ്രിതമാണ് അല്‍ഖൈമിന്റെ വന്‍ ജനപ്രീതിക്ക് കാരണമെന്ന് അമാന്‍ പറയുന്നു. പാകിസ്താനിലെ മുള്‍ട്ടാന്‍ സ്വദേശിയായ ജംഷാദ് 1989ലാണ് യുഎഇയിലേക്ക് എത്തിയത്. മിതമായ വിലയില്‍ വയറുനിറയെ രുചികരമായ ഭക്ഷണം, അതാണ് അല്‍ഖൈം പബ്ലിക് കിച്ചണെ ഷാര്‍ജയിലുടനീളം പ്രസിദ്ധമാക്കിയത്.
A popular 20-year-old kitchen serves an impressive 4,500 kilograms of food daily
