
Dubai RTA Announces Bus Route Changes ദുബൈ: ദുബൈയിലെ പൊതുഗതാഗത സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഏഴ് മേഖലകളിലെ ബസ് റൂട്ടുകളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ച് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ). റൂട്ട് നീട്ടൽ, നിലവിലെ സർവീസുകളിൽ മാറ്റം, പുതിയ സ്റ്റോപ്പുകൾ, ബദൽ യാത്രാ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്ന പരിഷ്കാരങ്ങൾ നവംബർ 20 മുതൽ പ്രാബല്യത്തിൽ വരും. യാത്രക്കാർ പുതുക്കിയ റൂട്ടുകളും സമയക്രമവും എസ്ഹൈൽ (S’hail) ആപ്പിലൂടെ പരിശോധിച്ചശേഷം യാത്ര ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു.
ഏഴ് മേഖലകളിൽ വരുത്തുന്ന മാറ്റങ്ങൾ
1. ജബൽ അലി, ജാഫ്സ (JAFZA)
റൂട്ട് F54-ൽ ഡാന്യൂബ് മെട്രോ ബസ് സ്റ്റോപ്പ് സീസൈഡിനും ലൈഫ് ഫാർമസി മെട്രോ ബസ് സ്റ്റോപ്പ് സീസൈഡിനും ഇടയിലുള്ള ഭാഗത്തെ സർവീസ് നിർത്തലാക്കും. ഈ ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർക്ക് റൂട്ട് 99 ബദൽ സൗകര്യമായി ഉപയോഗിക്കാം.
2. അൽ വാസൽ, അൽ ഖൂസ്
അൽ ഖൂസ് ബസ് സ്റ്റേഷനും ഇക്വിറ്റി മെട്രോ ബസ് സ്റ്റോപ്പിനുമിടയിൽ അൽ വാസൽ റോഡ് വഴിയുള്ള റൂട്ട് 12ന്റെ ഭാഗം ഒഴിവാക്കും. പകരം യാത്രക്കാർക്ക് റൂട്ടുകൾ 93, F29 എന്നിവ ഉപയോഗിക്കാം. അൽ മനാറ സ്ട്രീറ്റ്, ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റ്, ഫോർത്ത് സ്ട്രീറ്റ് എന്നിവ വഴിയായിരിക്കും റൂട്ട് 12 ഇക്വിറ്റി മെട്രോ ബസ് സ്റ്റോപ്പിലെത്തുക.
3. അൽ ഘുബൈബ, അൽ ഫഖ
റൂട്ട് 66 നീട്ടി ഷെയ്ഖ് ഖലീഫ ബിൻ സഈദ് അൽ മക്തൂം മസ്ജിദിലേക്കും സർവീസ് നടത്തും. ഇരുദിശകളിലും പുതിയ സ്റ്റോപ്പ് ലഭ്യമാകും.
4. ദുബൈ–ഹത്ത റോഡ്, ലഹ്ബാബ്
റൂട്ട് 68ൽ ലഹ്ബാബ് പൊലീസ് സ്റ്റേഷൻ 1, ലഹ്ബാബ് റൗണ്ട്എബൗട്ട് 2 എന്നീ രണ്ട് പുതിയ സ്റ്റോപ്പുകൾ ഉൾപ്പെടുത്തും. ഇതിലൂടെ E16 റൂട്ടിലേക്ക് മാറിയാത്ര ചെയ്യാനുള്ള സൗകര്യം ലഭിക്കും.
5. അൽ ഖൂസ് ഇൻഡസ്ട്രിയൽ ഏരിയ
ഗാർമിൻ ബസ് ടെർമിനസിൽനിന്നുള്ള യാത്രയിൽ റൂട്ട് F16 ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റിന് പകരം ഷെയ്ഖ് സായിദ് റോഡ് സർവീസ് റോഡ് ഉപയോഗിക്കും. ഈ ദിശയിൽ അൽ ഖൂസ് സിമന്റ് ഫാക്ടറി സ്റ്റോപ്പ് ഒഴിവാക്കും.
6. ദുബൈ വേൾഡ് സെൻട്രൽ
റൂട്ട് F55 നീട്ടി ദുബൈ വേൾഡ് സെൻട്രൽ ഫ്രൈറ്റ് ഹൗസ് 1, ഫ്രൈറ്റ് ഹൗസ് 2 എന്നിവിടങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കും.
7. ചെറി വുഡ്സ്
റൂട്ട് J05 നീട്ടി ചെറി വുഡ്സ് മേഖലയിലും പുതിയ സ്റ്റോപ്പ് ഉൾപ്പെടുത്തും.
നിരവധി ബസ് റൂട്ടുകളുടെ സമയക്രമത്തിലും മാറ്റം
റൂട്ട് മാറ്റങ്ങൾക്കു പുറമെ ദുബൈയിലെ നിരവധി ബസ് സർവീസുകളുടെ സമയക്രമവും നവംബർ 20 മുതൽ പുതുക്കും. റൂട്ടുകൾ 6, 7, 8, 10, 11, 14, 21A, 21B, 26, 28, 31, 34, 37A, 50, 63E, 83, 88, 88B, 91, 96, 98E, 99, C09, E101, ER1, F01, F02, F03, F05, F07, F08, F09, F10, F11, F16, F24, F26, F32, F33, F35, F36, F39, F41, F43, F54, F55, F60, J01, X13, X23, X64 എന്നിവയുടെ സമയക്രമത്തിലാണ് മാറ്റം.
യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ പതിവായി ഉപയോഗിക്കുന്ന ബസ് റൂട്ടുകളിലും സമയങ്ങളിലും വ്യത്യാസമുണ്ടാകാം. അതിനാൽ യാത്രയ്ക്ക് മുമ്പ് എസ്ഹൈൽ ആപ്പിൽ യാത്രാ വിവരങ്ങൾ പരിശോധിക്കണം. ബസ് സ്റ്റോപ്പുകളിൽ പ്രദർശിപ്പിക്കുന്ന അറിയിപ്പുകളും ശ്രദ്ധിക്കണമെന്ന് ആർ.ടി.എ നിർദേശിച്ചു.
ദുബൈയിലെ താമസമേഖലകൾ, വ്യവസായ മേഖലകൾ, പ്രധാന ഗതാഗത കേന്ദ്രങ്ങൾ എന്നിവ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയാണ് പരിഷ്കാരങ്ങളുടെ ലക്ഷ്യം.