
Supreme Court ruling on home loan EMIs നിർമാണം പൂർത്തിയാകാത്തതിനാൽ ഫ്ലാറ്റ് ലഭിക്കാതിരുന്നിട്ടും ബാങ്ക് വായ്പയുടെ ഇഎംഐ അടയ്ക്കണമെന്ന് ആവശ്യപ്പെടുന്ന നടപടികളിൽ നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി. വായ്പാ തിരിച്ചടവ് ആവശ്യപ്പെടുന്നതിന് മുമ്പ് ബാങ്കും ബിൽഡറും തമ്മിലുള്ള കരാർ വ്യവസ്ഥകളും വായ്പത്തുക കൈമാറിയ രീതിയും പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി. വായ്പയെടുത്തവർ തിരിച്ചടവിൽ വീഴ്ച വരുത്തിയെന്ന് വ്യക്തമായി കണ്ടെത്താതെ ഇഎംഐ അടയ്ക്കാൻ നിർബന്ധിക്കുന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
ഗുരുഗ്രാമിലെ കൃഷ്ണ ഹൗസിങ് പദ്ധതിയിലെ ഫ്ലാറ്റ് വാങ്ങിയവരുടെ ഹർജി പരിഗണിച്ചാണ് നവംബർ 19ന് സുപ്രീംകോടതി ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. റഹേജ ഡെവലപ്പേഴ്സ് നടപ്പാക്കിയ പദ്ധതിയിൽ ഫ്ലാറ്റ് വാങ്ങുന്നതിനായി ഉപഭോക്താക്കൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്ബിഐ) നിന്നാണ് വായ്പയെടുത്തത്.
ബാങ്ക്, ബിൽഡർ, ഉപഭോക്താക്കൾ എന്നിവർ തമ്മിലുള്ള ത്രികക്ഷി കരാർ പ്രകാരം നിർമാണ പുരോഗതിക്കനുസരിച്ച് ഘട്ടംഘട്ടമായിട്ടായിരുന്നു വായ്പത്തുക ബിൽഡർക്ക് കൈമാറേണ്ടിയിരുന്നത്. എന്നാൽ നിർമാണം കാര്യമായി മുന്നോട്ടുപോകാതിരുന്നിട്ടും ബാങ്ക് ബിൽഡർക്ക് പണം കൈമാറിയെന്നാണ് ഫ്ലാറ്റ് ഉടമകളുടെ ആരോപണം.
പദ്ധതി പൂർത്തിയാകാതെ വന്നതോടെ ഉപഭോക്താക്കൾക്ക് ഫ്ലാറ്റുകൾ ലഭിച്ചില്ല. ഇതിനിടെ ബിൽഡർ പാപ്പരത്ത നടപടികളിലേക്കും കടന്നു. വായ്പ തിരിച്ചുപിടിക്കുന്നതിനായി എസ്ബിഐ കോടതിയെ സമീപിച്ചതോടെയാണ് ഫ്ലാറ്റ് വാങ്ങിയവർ സുപ്രീംകോടതിയെ സമീപിച്ചത്.
വായ്പ അനുവദിച്ചതും ബിൽഡർക്ക് പണം കൈമാറിയതും കരാർ വ്യവസ്ഥകൾക്ക് അനുസരിച്ചാണോയെന്ന് പരിശോധിക്കാതെ ഫ്ലാറ്റ് വാങ്ങിയവർക്കെതിരെ നിർബന്ധിത വായ്പ തിരിച്ചുപിടിക്കൽ നടപടികൾ സ്വീകരിക്കരുതെന്നാണ് സുപ്രീംകോടതി നിർദേശിച്ചത്. സമാന സാഹചര്യത്തിലുള്ള മറ്റ് ഫ്ലാറ്റ് ഉടമകൾക്കും ഈ ഇടക്കാല സംരക്ഷണം ബാധകമാകുമെന്ന് കോടതി വ്യക്തമാക്കി.
പ്രവാസികൾക്ക് എന്തുകൊണ്ട് പ്രധാനമാണ്?
ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്ത് സമ്പാദിക്കുന്ന പണം ഉപയോഗിച്ച് നാട്ടിൽ വീടുകളും ഫ്ലാറ്റുകളും വാങ്ങുന്ന നിരവധി പ്രവാസികളുണ്ട്. നിർമാണം പൂർത്തിയാകുന്നതിന് മുമ്പുതന്നെ ബാങ്ക് വായ്പയെടുത്ത് ഫ്ലാറ്റ് ബുക്ക് ചെയ്യുന്നവരും ഏറെയാണ്.
എന്നാൽ നിർമാണം വൈകുകയോ പദ്ധതി മുടങ്ങുകയോ ചെയ്താൽ താമസിക്കാൻ വീട് ലഭിക്കാത്തതിനൊപ്പം ബാങ്കിന്റെ ഇഎംഐ അടയ്ക്കേണ്ടിവരുന്ന ഇരട്ട പ്രതിസന്ധിയാണ് ഇവർ നേരിടുന്നത്. നിർമാണ പുരോഗതിക്കനുസരിച്ച് പണം കൈമാറണമെന്ന കരാർ ബാങ്ക് പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന സുപ്രീംകോടതിയുടെ നിലപാട് ഇത്തരം ഉപഭോക്താക്കൾക്ക് നിയമപരമായ ആശ്വാസം നൽകുന്നതാണ്.
ഇഎംഐ അടയ്ക്കുന്നത് നിർത്താമോ?
സുപ്രീംകോടതിയുടെ ഉത്തരവിന്റെ പേരിൽ എല്ലാ ഫ്ലാറ്റ് വാങ്ങുന്നവർക്കും വായ്പാ തിരിച്ചടവ് സ്വമേധയാ നിർത്താമെന്നല്ല ഇതിന്റെ അർഥം. ബാങ്ക് വായ്പയെടുത്തയാളുടെ തിരിച്ചടവ് ബാധ്യത ഇല്ലാതാകുന്നുമില്ല.
ഓരോ കേസിലും ബാങ്കിന്റെ നടപടികൾ, കരാർ വ്യവസ്ഥകൾ, ബിൽഡർക്ക് പണം കൈമാറിയ രീതി, വായ്പയെടുത്തയാളുടെ തിരിച്ചടവ് നില എന്നിവ പരിശോധിച്ച ശേഷമാണ് ബന്ധപ്പെട്ട കോടതി തീരുമാനമെടുക്കേണ്ടത്. അതിനാൽ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ഇഎംഐ അടയ്ക്കുന്നത് നിർത്തുന്നതിന് മുമ്പ് നിയമവിദഗ്ധരുടെ ഉപദേശം തേടേണ്ടതാണ്.