
Al-Rai Bird Market closure Kuwait കുവൈത്ത് സിറ്റി: പൊതുജനാരോഗ്യം, സുരക്ഷ, പരിസ്ഥിതി പ്രശ്നങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി ഫർവാനിയ ഗവർണറേറ്റിലെ അൽ-റായിയിലുള്ള പക്ഷി മാർക്കറ്റ് സ്ഥിരമായി അടച്ചുപൂട്ടാൻ കുവൈത്ത് അധികൃതർ ഉത്തരവിട്ടു. 2026 ഡിസംബർ 1 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും.
പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ് ആക്ടിംഗ് ഡയറക്ടർ ജനറൽ ഫെയ് അബ്ദുൽ മൊഹ്സെൻ അൽ-മസ്ബാഹി പുറപ്പെടുവിച്ച 2026-ലെ അഡ്മിനിസ്ട്രേറ്റീവ് തീരുമാനം നമ്പർ 970 പ്രകാരമാണ് നടപടി. ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി ഏകോപനം നടത്തി മാർക്കറ്റ് ഒഴിപ്പിക്കാനും അവിടെയുള്ള നിയമലംഘനങ്ങൾ നീക്കം ചെയ്യാനും നിർദേശിച്ചിട്ടുണ്ട്.
തീരുമാനപ്രകാരം മാർക്കറ്റിലെ കടയുടമകൾ അവരുടെ സ്ഥാപനങ്ങൾ ഒഴിഞ്ഞ്, മുഴുവൻ സാധനങ്ങളും നീക്കം ചെയ്തശേഷം അതോറിറ്റിയുടെ മൃഗാരോഗ്യ വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറണം. ഉത്തരവ് പുറപ്പെടുവിച്ച തീയതി മുതൽ പരമാവധി രണ്ട് മാസത്തിനുള്ളിൽ ഈ നടപടികൾ പൂർത്തിയാക്കണമെന്നാണ് നിർദേശം.
മാർക്കറ്റുമായി ബന്ധപ്പെട്ട നിലവിലുള്ള ലൈസൻസുകൾ ബാധകമായ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി റദ്ദാക്കുന്നതിന് ധനകാര്യ മന്ത്രാലയവുമായി ഏകോപനം നടത്താനും തീരുമാനത്തിൽ ആവശ്യപ്പെടുന്നു.
പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന വിവിധ പ്രശ്നങ്ങൾ മാർക്കറ്റിൽ നിലനിൽക്കുന്നതായി അധികൃതർ ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച് പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്സും ധനകാര്യ മന്ത്രാലയവും നേരത്തെ കത്തിടപാടുകൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥിരമായ അടച്ചുപൂട്ടൽ നടപടി സ്വീകരിച്ചത്.
മാർക്കറ്റിലെ ചില ഭാഗങ്ങളിൽ ആസ്ബറ്റോസ് അടങ്ങിയ നിർമാണ സാമഗ്രികൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് പബ്ലിക് അതോറിറ്റി ഫോർ ദി എൻവയോൺമെന്റ് ആശങ്ക അറിയിച്ചിരുന്നു. ഇത്തരം പ്രദേശങ്ങളുടെ ഉപയോഗം സുരക്ഷാ മാനദണ്ഡങ്ങൾക്കും പരിസ്ഥിതി ചട്ടങ്ങൾക്കും വിരുദ്ധമാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. കൂടാതെ, സ്ഥലത്ത് നിരവധി പാരിസ്ഥിതിക നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്.
തീരുമാനം പുറപ്പെടുവിച്ച തീയതി മുതൽ പ്രാബല്യത്തിൽ വരുമെന്നും ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുമെന്നും അധികൃതർ അറിയിച്ചു.