
Dubai Police Dangerous Driving;ദുബായ്: സോഷ്യൽ മീഡിയയിൽ കൂടുതൽ വ്യൂസും ശ്രദ്ധയും നേടുന്നതിനായി പൊതുനിരത്തിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച ഡ്രൈവർക്കെതിരെ കർശന നടപടിയുമായി ദുബായ് പൊലീസ്. നിയമലംഘനം നടത്തിയ വാഹനം പൊലീസ് പിടിച്ചെടുത്തു. വാഹനം തിരിച്ചെടുക്കാൻ 50,000 ദിർഹം (ഏകദേശം 12 ലക്ഷം രൂപ) നൽകേണ്ടിവരും.
ഡ്രൈവറുടെ അപകടകരമായ ഡ്രൈവിങ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് പൊലീസ് അന്വേഷണം നടത്തിയത്. തുടർന്നാണ് പ്രത്യേക ട്രാഫിക് വിഭാഗം വാഹനം തിരിച്ചറിയുകയും പിടിച്ചെടുക്കുകയും ഡ്രൈവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തത്.
നിശ്ചിത ലെയിനിൽ തുടരാതെ വാഹനമോടിക്കുക, റോഡിന്റെ ഹാർഡ് ഷോൾഡറിലൂടെ മറ്റ് വാഹനങ്ങളെ മറികടക്കുക, വാഹനങ്ങൾക്കിടയിലൂടെ അപകടകരമായി വെട്ടിച്ചുപായുക തുടങ്ങിയ നിയമലംഘനങ്ങളാണ് ഡ്രൈവർ നടത്തിയത്. സ്വന്തം ജീവനും മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷയും അപകടത്തിലാക്കുന്ന രീതിയിലായിരുന്നു ഡ്രൈവിങ്.
ദുബായ് പൊലീസിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സാലിം ബിൻ സുവൈദാൻ സംഭവത്തിൽ ശക്തമായ മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയയിൽ പ്രശസ്തി നേടുന്നതിനോ കൂടുതൽ വ്യൂസ് സ്വന്തമാക്കുന്നതിനോ വേണ്ടി പൊതുനിരത്തുകൾ അപകടകരമായ പ്രകടനങ്ങൾക്കുള്ള വേദിയാക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ദുബായ് ഡിക്രി നമ്പർ 30/2023 പ്രകാരം ഇത്തരം സാഹചര്യങ്ങളിൽ പിടിച്ചെടുക്കുന്ന വാഹനം തിരിച്ചെടുക്കുന്നതിന് 50,000 ദിർഹം ഫീസ് ബാധകമാണ്. പെട്ടെന്നുള്ള ദിശമാറ്റം, അപകടകരമായ ഓവർടേക്കിങ്, വാഹനങ്ങൾക്കിടയിലൂടെ വെട്ടിച്ചുള്ള ഡ്രൈവിങ് എന്നിവ ഗുരുതരമായ അപകടങ്ങൾക്കും ജീവഹാനിക്കും വസ്തുനാശത്തിനും കാരണമാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
അപകടകരമായ ഡ്രൈവിങ് ദൃശ്യങ്ങൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത് യുവാക്കളെയും കൗമാരക്കാരെയും ഇത്തരം പ്രവൃത്തികൾ അനുകരിക്കാൻ പ്രേരിപ്പിക്കുമെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
റോഡ് നിയമങ്ങൾ പാലിക്കുക, വേഗപരിധി ലംഘിക്കാതിരിക്കുക, വാഹനങ്ങൾക്കിടയിൽ സുരക്ഷിത അകലം പാലിക്കുക, നിശ്ചിത ലെയിനുകളിൽ തന്നെ വാഹനമോടിക്കുക എന്നിവ ഉറപ്പാക്കണമെന്ന് പൊലീസ് ഡ്രൈവർമാരോട് ആവശ്യപ്പെട്ടു.
അപകടകരമായ ഡ്രൈവിങ് ശ്രദ്ധയിൽപ്പെട്ടാൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിന് പകരം ദുബായ് പൊലീസ് ആപ്പിലെ ‘Police Eye’ സേവനം വഴിയോ ‘We Are All Police’ സേവനം വഴിയോ അധികൃതരെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം നിയമലംഘനങ്ങൾക്കെതിരെ സ്മാർട്ട് നിരീക്ഷണ സംവിധാനങ്ങളും പ്രത്യേക പരിശോധനാ സംഘങ്ങളും വഴി ശക്തമായ നടപടികൾ തുടരുമെന്നും ദുബായ് പൊലീസ് വ്യക്തമാക്കി.