യുഎഇയിലേക്കുള്ള വിമാന യാത്ര ഇനി ചെലവേറും. 30 ശതമാനം യാത്രാ നിരക്ക് കൂടുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ബിസിനസ് യാത്രകളിൽ മാന്ദ്യം അനുഭവപ്പെടുന്നുണ്ടെങ്കിലും, ഈദ് അൽ ഫിത്തർ അവധി ദിവസങ്ങൾ സ്കൂൾ അവധിക്കാലത്തോടൊപ്പമായതിനാൽ രാജ്യത്തുടനീളമുള്ള വിമാന നിരക്കുകൾ കുറഞ്ഞത് 20 ശതമാനമെങ്കിലും വർധിച്ചുകൊണ്ടിരിക്കുകയാണ്.

ഈ വർഷം മാർച്ച് 31 നാണ് ഈദ് പ്രതീക്ഷിക്കുന്നത്. അതേസമയം, യുഎഇയിലെ സ്കൂളുകൾക്ക് മാർച്ച് 18 ന് വസന്തകാല അവധി ആരംഭിക്കും. “ഈദ്, വസന്തകാല അവധി ദിവസങ്ങളിൽ അവധിക്കാല ബുക്കിങുകളിൽ 30 ശതമാനം വർധനവ് ഉണ്ടായതായി നിരീക്ഷിച്ചു. പുറത്തേക്കുള്ള യാത്രകളിൽ വർധനവുണ്ടായിട്ടുണ്ട്,” മുസാഫിര്‍.കോമിന്‍റെ സിഒഒ റഹീഷ് ബാബു പറഞ്ഞു.
സ്വിറ്റ്സർലൻഡ്, ഇറ്റലി, ലാത്വിയ, വിയറ്റ്നാം, തായ്‌ലൻഡ്, സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ, ദക്ഷിണാഫ്രിക്ക, കെനിയ, സാൻസിബാർ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങൾ, ജോർജിയ, അർമേനിയ, അസർബൈജാൻ തുടങ്ങിയ സിഐഎസ് രാജ്യങ്ങൾ എന്നിവയാണ് യാത്രക്കാര്‍ക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളിലേറെയും. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് യാത്രാ നിരക്കുകൾ ഏകദേശം 15 – 20 ശതമാനം വർധിച്ചതായി ബാബു കൂട്ടിച്ചേർത്തു. അവസാന നിമിഷ ബുക്കിങുകൾ കാരണം ഈദ്, വസന്തകാല അവധിക്കാലത്ത് ആവശ്യകത വർധിച്ചതാണ് ഈ വർധനവിന് പ്രധാന കാരണം.