Saudi Arabia Kenya travel ban : ലോകത്ത് വീണ്ടും എബോള ഭീതി ; ഈ രാജ്യത്തിലേക്കുള്ള യാത്രകൾ വിലക്കി ​ഗൾഫ് രാജ്യം

Saudi Arabia Kenya travel ban : റിയാദ്: ഇബോള വൈറസ് വ്യാപനത്തെത്തുടർന്ന് മുൻകരുതൽ നടപടികൾ ശക്തമാക്കി സൗദി അറേബ്യ. ഇതിന്റെ ഭാഗമായി കെനിയയിലേക്കുള്ള യാത്രയും കെനിയയിൽ നിന്നുള്ള പ്രവേശനവും താൽക്കാലികമായി നിരോധിച്ചു. സൗദി പ്രസ് ഏജൻസിയാണ് (SPA) വെള്ളിയാഴ്ച ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.പുതിയ നിയന്ത്രണപ്രകാരം സൗദി പൗരന്മാർക്ക് കെനിയയിലേക്ക് യാത്ര ചെയ്യാൻ താൽക്കാലിക വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കെനിയൻ പൗരന്മാർക്കും കെനിയയിൽ നിന്ന് എത്തുന്നവർക്കും എല്ലാത്തരം വിസകളും അനുവദിക്കുന്നത് നിർത്തിവച്ചു.

കെനിയയിലോ മറ്റ് ഇബോള ബാധിത രാജ്യങ്ങളിലോ എത്തുന്നതിന് മുമ്പുള്ള 21 ദിവസത്തിനിടെ താമസിച്ചിട്ടുള്ളവർക്ക് മൂന്നാമതൊരു രാജ്യത്തിലൂടെ സൗദിയിലെത്തിയാലും പ്രവേശനം അനുവദിക്കില്ല.സൗദി ആരോഗ്യ അധികൃതർ പകർച്ചവ്യാധി സാഹചര്യം വിലയിരുത്തിയ ശേഷമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. 2019 മുതൽ നടപ്പിലാക്കിയതും ഈ വർഷം മേയിൽ കൂടുതൽ ശക്തമാക്കിയതുമായ പ്രതിരോധ നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം.

നേരത്തെ ജൂണിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രയ്ക്കും പ്രവേശനത്തിനും സൗദി താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.ഇബോള ബാധിത പ്രദേശങ്ങളുടെ സമീപ രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർക്കായി സൗദി വിമാനത്താവളങ്ങളിലെയും മറ്റ് പ്രവേശന കവാടങ്ങളിലെയും ആരോഗ്യ പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്. പകർച്ചവ്യാധി പരിശോധനകളും നേരത്തെയുള്ള പ്രതിരോധ നടപടികളും ഇതിൽ ഉൾപ്പെടുന്നു.

അതേസമയം, രാജ്യത്തെ പൊതുജനാരോഗ്യ സാഹചര്യം ആശ്വാസകരമാണെന്നും അധികൃതർ തുടർച്ചയായി നിരീക്ഷിച്ചുവരികയാണെന്നും സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റിയായ വെഖായ അറിയിച്ചു. പ്രാദേശിക, അന്തർദേശീയ തലങ്ങളിലെ സംഭവവികാസങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും ആവശ്യമായാൽ കൂടുതൽ പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

എന്താണ് ഇബോള?

രോഗബാധിതരുടെ രക്തം, മറ്റ് ശരീരസ്രവങ്ങൾ എന്നിവയുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നതിലൂടെയാണ് ഇബോള വൈറസ് പകരുന്നത്. പനി, ഛർദ്ദി, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഗുരുതരമായ കേസുകളിൽ ആന്തരികവും ബാഹ്യവുമായ രക്തസ്രാവവും ഉണ്ടാകാം.

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy