
Illegal Liquor Factory Raid കുവൈത്ത് സിറ്റി: കുവൈത്തിലെ വഫ്ര റെസിഡൻഷ്യൽ മേഖലയിൽ വീടിനുള്ളിൽ പ്രവർത്തിച്ചിരുന്ന അനധികൃത മദ്യനിർമാണ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ് നടത്തി. സംഭവവുമായി ബന്ധപ്പെട്ട് നാല് ഇന്ത്യക്കാരും മൂന്ന് നേപ്പാൾ സ്വദേശികളുമടക്കം ഏഴ് പ്രവാസികളെ അറസ്റ്റ് ചെയ്തു. പരിശോധനയിൽ 820 കുപ്പി മദ്യവും 110 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന മദ്യവും നിർമാണത്തിന് ഉപയോഗിച്ച ഉപകരണങ്ങളും മദ്യം കടത്താൻ ഉപയോഗിച്ച വാഹനങ്ങളും പിടിച്ചെടുത്തു.
അഹ്മദി ഗവർണറേറ്റിലെ വഫ്ര പൊലീസ് നടത്തിയ പതിവ് പട്രോളിങ്ങിനിടെയാണ് സംഭവത്തിന് തുമ്പുണ്ടായത്. വഫ്ര റെസിഡൻഷ്യൽ കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് സമീപം എതിർദിശയിൽ വാഹനമോടിച്ചെത്തിയ ഡ്രൈവറെ പൊലീസ് തടഞ്ഞു. വാഹനത്തിൽ നടത്തിയ പരിശോധനയിൽ കുപ്പികൾ നിറച്ച കവറുകൾ കണ്ടെത്തുകയായിരുന്നു.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ, വഫ്രയിലെ ഒരു വീട്ടിൽനിന്നാണ് മദ്യം ലഭിച്ചതെന്ന് ഡ്രൈവർ വെളിപ്പെടുത്തി. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ വീട്ടിൽ പരിശോധന നടത്തി. അവിടെ അനധികൃതമായി മദ്യം നിർമിക്കുകയും സൂക്ഷിക്കുകയും ചെയ്തിരുന്ന ഏഴ് പേരെ പിടികൂടി.
പരിശോധനയിൽ 820 കുപ്പി മദ്യവും 110 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന മദ്യവും കണ്ടെത്തി. മദ്യനിർമാണത്തിന് ഉപയോഗിച്ചിരുന്ന രണ്ട് വാട്ടർ ഹീറ്ററുകളും വിതരണം നടത്താൻ ഉപയോഗിച്ചിരുന്ന രണ്ട് വാഹനങ്ങളും സുരക്ഷാസേന പിടിച്ചെടുത്തു. വീടിനുള്ളിൽ പ്രവർത്തിച്ചിരുന്ന അനധികൃത നിർമാണ കേന്ദ്രത്തിൽനിന്ന് പിടിച്ചെടുത്ത വസ്തുക്കളും അറസ്റ്റിലായ പ്രതികളെയും തുടർനിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.
രാജ്യത്ത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും അനധികൃത മദ്യനിർമാണം, സംഭരണം, വിതരണം എന്നിവയിൽ ഏർപ്പെടുന്നവരെ കണ്ടെത്തുന്നതിനുമായി സുരക്ഷാ പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. താമസമേഖലകളിൽ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നത് പൊതുസുരക്ഷയ്ക്ക് ഭീഷണിയാകാമെന്നതിനാൽ നിരീക്ഷണവും പരിശോധനകളും ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.