
Kuwait workers’ salary delays : കുവൈത്ത് സിറ്റി: രാജ്യത്ത് എല്ലാ തൊഴിലാളികൾക്കും കൃത്യസമയത്ത് ശമ്പളം ലഭിക്കുന്നുണ്ടെന്ന് തൊഴിലുടമകൾ ഉറപ്പാക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ്. ശമ്പളം വൈകുന്നത് തൊഴിലാളി സമരങ്ങൾക്ക് കാരണമാകുമെന്നും രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായയെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കുവൈത്ത് പൗരന്മാരായ ജീവനക്കാർക്ക് മുൻഗണന നൽകുന്നതിന്റെ പേരിൽ പ്രവാസി തൊഴിലാളികളുടെ ശമ്പളം വൈകിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. നീതിയും കരുതലും എല്ലാ തൊഴിലാളികൾക്കും ഒരുപോലെ ലഭിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഏത് രാജ്യക്കാരായാലും തങ്ങൾക്കുവേണ്ടി ജോലി ചെയ്യുന്ന ഓരോ വ്യക്തിയും നീതിപൂർവമായ പെരുമാറ്റത്തിന് അർഹരാണെന്ന് മന്ത്രി വ്യക്തമാക്കി. തൊഴിലാളികൾക്ക് ശമ്പളം കൃത്യസമയത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും കർശനമായി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആഭ്യന്തര മന്ത്രിയായുള്ള തന്റെ രണ്ടര വർഷത്തെ സേവനകാലത്തെ തൊഴിലാളി സമരങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ശമ്പളം ലഭിക്കാത്തതും വേതനം വൈകുന്നതുമാണ് തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തിറങ്ങാനുള്ള പ്രധാന കാരണങ്ങളിലൊന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തൊഴിലുടമകൾ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റണമെന്നും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.