
UAE urges residents to stay away from ദുബായ്: യുഎഇയിൽ അസ്ഥിര കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ താഴ്‌വരകൾ (വാദികൾ), വെള്ളം ഒഴുകുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് പോകരുതെന്ന് അധികൃതർ താമസക്കാർക്ക് മുന്നറിയിപ്പ് നൽകി. മഴ ശക്തമാകുമ്പോൾ താഴ്‌വരകളിൽ പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇത്തരം സ്ഥലങ്ങളിൽ സന്ദർശനം ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു.
മഴവെള്ളം കെട്ടിനിൽക്കുന്ന പ്രദേശങ്ങൾ, വെള്ളച്ചാട്ടങ്ങൾ, മലനിരകളിലെ താഴ്ന്ന ഭാഗങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കണം. വെള്ളം ഒഴുകുന്ന വാദികൾ മുറിച്ചുകടക്കാനോ അവിടെ വാഹനങ്ങൾ പാർക്ക് ചെയ്യാനോ ശ്രമിക്കരുതെന്നും മുന്നറിയിപ്പുണ്ട്.
പ്രതികൂല കാലാവസ്ഥയിൽ വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കുകയും സുരക്ഷിതമായ അകലം പാലിക്കുകയും വേണം. ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി അധികൃതർ നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.





