അറിഞ്ഞോ??? ഷാർജയിൽ മിനിമം ശമ്പളവും പെൻഷനും 20,000 ദിർഹമാക്കി; ജീവനക്കാർക്കും കുടുബങ്ങൾക്കും വൻ ആനുകൂല്യങ്ങൾ

ഷാർജ: ഷാർജയിലെ സർക്കാർ ജീവനക്കാർക്കും വിവിധ സാമൂഹിക വിഭാഗങ്ങൾക്കും പ്രതിമാസം കുറഞ്ഞത് 20,000 ദിർഹം ജീവിത അലവൻസ് ഉറപ്പാക്കുന്ന ചരിത്രപരമായ തീരുമാനത്തിന് അം​ഗീകാരം നൽകി യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി.

സെപ്റ്റംബർ മാസം മുതൽ പ്രാബല്യത്തിൽ വരുന്ന ഈ പദ്ധതിക്കായി പ്രതിവർഷം 118.7 കോടിയിലധികം ദിർഹമാണ് ഭരണകൂടം വകയിരുത്തിയിരിക്കുന്നത്. ഇമാറാത്തി കുടുംബങ്ങളുടെ പ്രതിമാസ ജീവിതച്ചെലവുകളും വൈവിധ്യമാർന്ന ആവശ്യങ്ങളും മുൻനിർത്തി നടത്തിയ സമഗ്രമായ പഠനങ്ങൾക്കൊടുവിലാണ് തീരുമാനം.

APPLY NOW FOR THE LATEST VACANCIES

പുതിയ ഉത്തരവ് പ്രകാരം വിവിധ മേഖലകളിലുള്ള ആയിരക്കണക്കിന് പൗരന്മാർക്ക് നേരിട്ട് ആനുകൂല്യം ലഭിക്കും. സർക്കാരിന്റെ സാമൂഹിക സഹായം കൈപ്പറ്റുന്ന 6,652 കുടുംബങ്ങളുടെ അലവൻസ് വർദ്ധിപ്പിച്ചു. ഇതിനായി പ്രതിവർഷം 19.5 കോടിയിലധികം ദിർഹം ചെലവഴിക്കും. ഷാർജ സർവീസിൽ നിന്ന് വിരമിച്ച 2,251 പെൻഷൻകാർക്ക് 11.3 കോടി ദിർഹമിന്റെയും, മറ്റ് മേഖലകളിൽ നിന്ന് വിരമിച്ച 5,300 പൗരന്മാർക്ക് അനുബന്ധ ഗ്രാന്റുകളായി 15.9 കോടി ദിർഹമിന്റെയും ആനുകൂല്യം ലഭ്യമാകും. കൂടാതെ, ഷാർജ സർക്കാരിലെ 17,776 സജീവ ജീവനക്കാരുടെ അലവൻസ് വർദ്ധിപ്പിക്കുന്നതിനായി മാത്രം പ്രതിവർഷം 72 കോടിയിലധികം ദിർഹം നീക്കിവെച്ചിട്ടുണ്ട്.

പൗരന്മാരുടെ സാമൂഹികവും സാമ്പത്തികവുമായ സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ തുടർച്ചയായ ഇടപെടലുകളാണ് ഷാർജ ഭരണാധികാരി നടത്തിവരുന്നത്. ഇതിന്റെ ഭാഗമായി ഈ വർഷം ആരംഭത്തിൽ 717 സ്വദേശികൾക്ക് സർക്കാർ മേഖലയിൽ പുതിയ നിയമനം നൽകിയിരുന്നു. തൊഴിലന്വേഷകർക്കുള്ള പ്രത്യേക യോഗ്യതാ പരിശീലന പരിപാടിയിലൂടെ 410 പൗരന്മാർക്ക് പ്രതിമാസം 6,000 ദിർഹം വീതം സ്റ്റൈപ്പന്റും നൽകുന്നുണ്ട്. നേരത്തെ, ജീവനക്കാർക്കായി സമഗ്രമായ പുതിയ ശമ്പള ഘടന നടപ്പിലാക്കുകയും സൈനിക വിഭാഗത്തിലുള്ളവരുടെ വിരമിക്കൽ ആനുകൂല്യങ്ങൾ പരിഷ്കരിക്കുകയും ചെയ്തിരുന്നു.

തൊഴിൽ മേഖലയ്ക്ക് പുറമെ വിദ്യാഭ്യാസ രംഗത്തും വലിയ പിന്തുണയാണ് ഭരണകൂടം നൽകുന്നത്. ഉന്നത വിദ്യാഭ്യാസത്തിന് അർഹരായ 4,434 വിദ്യാർത്ഥികൾക്കാണ് അടുത്തിടെ സ്കോളർഷിപ്പ് അനുവദിച്ചത്. കൂടാതെ, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സുഡാനീസ് പ്രൈവറ്റ് സ്കൂളിലെ വിദ്യാർത്ഥികളിൽ നിന്ന് ഫീസ് ഈടാക്കരുതെന്നും മുൻപ് ഈടാക്കിയ തുക തിരികെ നൽകണമെന്നും നിർദ്ദേശിച്ചുകൊണ്ട് ജീവകാരുണ്യ രംഗത്തും മാതൃകാപരമായ നിലപാടാണ് ഷാർജ ഭരണാധികാരി സ്വീകരിച്ചത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy