
അബുദാബി: കഴിഞ്ഞ ജൂലൈ മാസം മുതൽ അബുദാബിയിൽ നിന്ന് കാണാതായ മാൾട്ടീസ് (Maltese) വർഗ്ഗത്തിൽപ്പെട്ട വളർത്തുനായയ്ക്കായുള്ള തിരച്ചിൽ കുടുംബം വീണ്ടും ഊർജ്ജിതമാക്കി. ‘ജിക്യു’ (Jiku) എന്ന് പേരുള്ള രണ്ടു വയസ്സുള്ള ഈ നായയെ കണ്ടെത്തി നൽകുകയോ, കണ്ടെത്താൻ സഹായിക്കുന്ന കൃത്യമായ വിവരങ്ങൾ നൽകുകയോ ചെയ്യുന്നവർക്ക് 15,000 ദിർഹം (മൂന്ന് ലക്ഷത്തിലധികം ഇന്ത്യൻ രൂപ) പാരിതോഷികം നൽകുമെന്ന് ഉടമസ്ഥർ അറിയിച്ചു. അബുദാബി മുശ്രിഫ് മാളിന് സമീപമുള്ള പുതിയ വില്ലയിലേക്ക് താമസം മാറിയതിന് തൊട്ടുപിന്നാലെ, ജൂലൈ 3-നാണ് ജിക്യുവിനെ കാണാതാകുന്നത്. പുതിയ അന്തരീക്ഷത്തിലെ അപരിചിതത്വം മൂലം വീടിന് പുറത്തേക്ക് ഓടിയ നായ, മുൻപ് താമസിച്ചിരുന്ന അൽ നദ ഗേൾസ് സ്കൂളിന് സമീപത്തുള്ള പഴയ വില്ലയുടെ ഭാഗത്തേക്ക് തിരികെ നടന്നുപോയിരിക്കാം എന്ന നിഗമനത്തിലാണ് ഉടമസ്ഥയായ പ്രിയങ്ക തമാങും കുടുംബവും. കാണാതായ അന്നുമുതൽ പ്രദേശത്തെ തെരുവുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വിപുലമായ തിരച്ചിൽ നടന്നു വരികയാണ്.
തുടക്കത്തിൽ 5,000 ദിർഹമായിരുന്ന പാരിതോഷികത്തുക, പ്രവാസി കൂട്ടായ്മകളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും പിന്തുണയോടെയാണ് 15,000 ദിർഹമായി ഉയർത്തിയത്. ജിക്യുവിനെ നിലവിൽ സംരക്ഷിക്കുന്നവരോ കണ്ടെത്താൻ സഹായിക്കുന്നവരോ ആയ വ്യക്തികളിൽ നിന്ന് യാതൊരുവിധ ചോദ്യം ചെയ്യലുകളും ഇല്ലാതെ തന്നെ തുക കൈമാറുമെന്ന് കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. വെളുത്ത നിറവും ശരീരത്തിൽ തിരിച്ചറിയലിനായുള്ള മൈക്രോചിപ്പുമുള്ള ഈ ചെറിയ നായയെ കാണാതായ ദിവസങ്ങളിൽ മുശ്രിഫിലെ പെട്രോൾ പമ്പിന് സമീപത്തുനിന്ന് അജ്ഞാതനായ ഒരാൾ കൈയ്യിലേന്തി ഉടമസ്ഥരെ അന്വേഷിക്കുന്നത് കണ്ടതായി പ്രദേശവാസികൾ വെളിപ്പെടുത്തിയിരുന്നു. ജിക്യുവിനെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ എത്രയും വേഗം 0562980817, 0556105319 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് കുടുംബം അഭ്യർത്ഥിച്ചു.





