Kuwait Drug Seizure from Canada കുവൈത്ത് സിറ്റി: കാനഡയിൽ നിന്ന് തപാൽ പാഴ്സലിലൂടെ കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് ശേഖരം കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തു. ‘കെമിക്കൽ’ എന്നറിയപ്പെടുന്ന മയക്കുമരുന്ന് ലായനിയിൽ മുക്കിയ 50 പേപ്പർ ഷീറ്റുകളാണ് പിടിച്ചെടുത്തത്. ഏകദേശം 323 ഗ്രാം തൂക്കമുള്ള ലഹരിവസ്തുക്കളുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു.
എയർ കാർഗോ കസ്റ്റംസ് വിഭാഗവും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരിക്കടത്ത് കണ്ടെത്തിയത്. കുട്ടികൾ ഉപയോഗിക്കുന്ന കസേരയ്ക്കുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി പേപ്പറുകൾ.
കാനഡയിൽ നിന്നെത്തിയ തപാൽ ഉരുപ്പടികൾ പതിവ് പരിശോധനയ്ക്ക് വിധേയമാക്കുന്നതിനിടെയാണ് കസ്റ്റംസ് ഇൻസ്പെക്ടർമാർക്ക് സംശയം തോന്നിയത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ കസേരയുടെ ഡ്രോയറിനുള്ളിൽ ഒളിപ്പിച്ച ബാഗിൽ എ4 വലുപ്പത്തിലുള്ള ലഹരി മുക്കിയ പേപ്പറുകൾ കണ്ടെത്തുകയായിരുന്നു.
സംഭവത്തെക്കുറിച്ച് കസ്റ്റംസ് ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച്ച് ഓഫീസ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോളിനെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ സംയുക്ത നീക്കത്തിലൂടെയാണ് കേസിൽ ഉൾപ്പെട്ടയാളെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ തുടർ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫിന്റെ നിർദേശപ്രകാരമാണ് പരിശോധന നടത്തിയതെന്ന് ‘അൽ റായ്’ റിപ്പോർട്ട് ചെയ്തു.




